Connect with us

Articles

സ്വാതന്ത്ര്യ സമരവും സംഘ്പരിവാറും

Published

|

Last Updated

ഗീബല്‍സ് തങ്ങള്‍ക്കനഭിമതരായ എല്ലാ വിഭാഗങ്ങളെയും കൊന്നൊടുക്കിയ നാസിസത്തിന്റെ പ്രചാരകനായിരുന്നു. നുണകളെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാക്കാമെന്ന് കണ്ടുപിടിച്ച ഫാസിസ്റ്റുകളുടെ ആചാര്യന്‍. മക്കാര്‍ത്തി ശീതയുദ്ധകാലത്തെ കുപ്രസിദ്ധമായ കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്ത അമേരിക്കന്‍ സെനറ്ററായിരുന്നു. ഇവരുടെ വംശപരമ്പരയിലാണ് സംഘികളുടെയും സ്ഥാനം.

മുസോളിനിയില്‍ നിന്നും ഹിറ്റ്‌ലറില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍ എസ് എസ് പിറന്നുവീണതുതന്നെ. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും മതേതര ജനാധിപത്യശക്തികളെയും ദേശീയതയുടെ ശത്രുക്കളായി കാണുന്ന വിദേ്വഷരാഷ്ട്രീയമാണ് സംഘ്പരിവാറിന്റേത്. ആര്യന്‍ വംശാഭിമാനത്തില്‍ അഭിരമിക്കുന്ന ഹിംസാത്മകതയാണ് അവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും. ഹിന്ദുരാഷ്ട്രവാദമെന്നത് ബ്രിട്ടീഷ് പാദസേവയുടെ അഴുക്കുചാലുകളില്‍ പ്രജനനം ചെയ്ത പ്രത്യയശാസ്ത്രമാണ്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മതവംശീയവാദമാണ് ആര്‍ എസ് എസിന്റെ ദേശീയത. ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടുവന്ന സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒരുഘട്ടത്തിലും ഇക്കൂട്ടര്‍ പങ്കാളികളായിട്ടില്ല. ബ്രിട്ടന്റെ കൈകളില്‍ കളിച്ച പരാമ്പര്യം മാത്രമാണ് സംഘികള്‍ക്ക് സ്വന്തമായുള്ളത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും മുസ്‌ലിം വിരോധത്തിന്റെയും ക്ഷുദ്രവീര്യം സിരകളിലൊഴുകുന്ന സംഘ്പരിവാര്‍ സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. 1947നു മുമ്പ് ബ്രിട്ടനായിരുന്നു അവരുടെ യജമാനന്‍. ശേഷം അമേരിക്കയെ ലോകത്തിന്റെ ധര്‍മസാരഥ്യമായികണ്ട് ലോകമെമ്പാടും അമേരിക്ക നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടക്കൊലകള്‍ക്ക് പിന്തുണ നല്‍കി. വിയറ്റ്‌നാം ജനതയെ കൊന്നൊടുക്കുന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ്‍ജോണ്‍സന് പിന്തുണ അറിയിച്ചുകൊണ്ട് ഗോള്‍വാള്‍ക്കര്‍ ജനസംഘം എം പിയായിരുന്ന വാജ്‌പേയി വഴി കൊടുത്തയച്ച കത്ത് കുപ്രസിദ്ധമാണല്ലോ.

നുണകള്‍ ആവര്‍ത്തിച്ച് തങ്ങളുടെ ദേശീയവഞ്ചനയുടെയും സാമ്രാജ്യത്വസേവയുടെയും ചരിത്രത്തെ മറച്ചുപിടിക്കാനാണ് ഹിന്ദുമഹാസഭയുടെ സ്ഥാപകനായ ലാലാലാല്‍ചന്ദ് മുതല്‍ മോഹന്‍ഭഗവത് വരെയുള്ള ഹിന്ദുത്വവാദികള്‍ ശ്രമിച്ചിട്ടുള്ളത്. ഇടതുപക്ഷക്കാര്‍ക്കും മറ്റും ആഗസ്റ്റ് 15 ആഘോഷിക്കാന്‍ എന്തവകാശമെന്ന് ചോദിച്ച് ചില സംഘികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നുണകള്‍ തള്ളുകയാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരും സ്വാതന്ത്ര്യദിനം ബഹിഷ്‌കരിച്ചവരും റിപ്പബ്ലിക്ക് ദിനത്തില്‍ ത്രിവര്‍ണ പതാക മാറ്റി കരിങ്കൊടി ഉയര്‍ത്തിയവരുമാണ് ഇടതുപക്ഷക്കാരെന്നാണ് കാലാകാലമായി സംഘ്പരിവാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാക്കുകളില്‍ നിന്ന് അര്‍ഥവും വിവരങ്ങളില്‍ നിന്ന് സത്യവും മൊഴിചൊല്ലിപോകുന്ന കാലമാണ് നവലിബറല്‍ വിവരവിപ്ലവത്തിന്റെ കാലം. വിവരസാങ്കേതികതയുടെ ശൃംഖലകളെ ഉപയോഗിച്ച് അസത്യങ്ങളെ സത്യങ്ങളാക്കി മാറ്റാനാണ് നവഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തം ദേശവഞ്ചനയുടെ ചരിത്രം മറച്ചു പിടിക്കാനായിട്ടാണ് ഇത്തരം നുണകള്‍ തുടര്‍ച്ചയായി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ വാദങ്ങളെല്ലാം അവര്‍ക്കുനേരെയാണ് തിരിഞ്ഞുകുത്തുന്നത്. ആര്‍ എസ് എസിന്റെ രാജ്യദ്രോഹ ചരിത്രം അക്കമിട്ട് പറയാന്‍ പ്രാഥമിക ചരിത്രധാരണയുള്ളവര്‍ക്കെല്ലാം കഴിയും. നുണബോംബുകളുമായി നടക്കുന്ന ഇവരുടെ തനിനിറം സാമ്രാജ്യത്വസേവയുടെയും വര്‍ഗീയതയുടേയും മാത്രമായിരുന്നു. അവരെന്തുമാത്രം രാജ്യദ്രോഹികളായിരുന്നുവെന്ന് പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.

കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്ന കരിമ്പൂച്ചകളുടെ കൗശലമാണ് ഇവര്‍ എല്ലാകാലത്തും പയറ്റിക്കൊണ്ടിരുന്നത്. സാമൂഹ്യമാധ്യമ ശൃംഖലകളെ ഉപയോഗിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഒരു നാടിന്റെ ചരിത്രത്തെയും ജനാവബോധത്തെയുമാണവര്‍ പരിഹസിക്കുന്നത്. തങ്ങളുടെ കപട ദേശീയതയും ഇന്ത്യാ വിരുദ്ധതയും മറച്ചുപിടിക്കാനാണ് സംഘിപ്രചാരകര്‍ ബദ്ധപ്പെടുന്നത്. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളെ നുണകളുടെ കരിമ്പടം കൊണ്ട് പുതപ്പിച്ചുവെക്കാനാവില്ലെന്ന് വിദ്വേഷരാഷ്ട്രീയത്തിന്റെ മത്ത് പിടിച്ച ഇവര്‍ക്ക് മനസ്സിലായി കൊള്ളണമെന്നില്ല. ചരിത്രത്തെയും ദേശീയ സ്വാതന്ത്ര്യസമരത്തെയും സംബന്ധിച്ച ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ തിരുമന്തന്‍ വാദങ്ങളെ പൊളിച്ചടുക്കാനുള്ള ഉത്തരവാദിത്വം ജനാധിപത്യവാദികള്‍ക്കുണ്ട്. ആര്‍ എസ് എസിന്റെ ദേശീയത ഇന്ത്യാവിരുദ്ധമായ സാംസ്‌കാരിക ദേശീയതയാണ്. ബ്രിട്ടീഷ് വിരുദ്ധ ദേശീയസമരത്തെ അസ്ഥിരീകരിക്കാനുള്ള മതരാഷ്ട്രവാദമാണ് ജന്മകാലം മുതല്‍ ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.

എന്താണ് ആര്‍ എസ് എസിന്റെ ചരിത്രമെന്ന് പരിശോധിച്ചാല്‍ അവരുടെ തനിനിറം കൃത്യമായി മനസ്സിലാക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ 1925-ല്‍ രൂപംകൊണ്ട ആര്‍ എസ് എസ് പങ്കെടുത്തിട്ടുണ്ടോ? ഏതെങ്കിലുമൊരു ആര്‍ എസ് എസുകാരന്‍ ജയിലില്‍ പോയിട്ടുണ്ടോ? ലാത്തിയടിയേറ്റുവാങ്ങിയിട്ടുണ്ടോ? വെടികൊണ്ടിട്ടുണ്ടോ? തൂക്കുമരത്തിലേറിയിട്ടുണ്ടോ? ഇല്ലേയില്ല. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ സ്വയംസേവകര്‍ പങ്കെടുക്കാന്‍ പാടില്ലെന്നത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നയമായിരുന്നു. ഹെഡ്‌ഗേവാറുടെ ജീവചരിത്രകാരന്‍തന്നെ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരസ്ഥലങ്ങളില്‍ ഹെഡ്‌ഗേവാര്‍ പോയിട്ടുള്ളത് സമരത്തില്‍ പങ്കെടുക്കാനെത്തുന്ന ദേശീവാദികളെ ബ്രിട്ടീഷ്‌വിരുദ്ധ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു.

ബ്രിട്ടനല്ല മുസ്‌ലിംകളാണ് ഒന്നാമത്തെ വിദേശശത്രു എന്ന നിലപാടായിരുന്നു ആര്‍ എസ് എസിനുണ്ടായിരുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരു രാഷ്ട്രമാണെന്നകാര്യം അവര്‍ അംഗീകരിച്ചിരുന്നില്ല. ഹിന്ദു മുസ്‌ലിം മൈത്രിക്കു വേണ്ടി വാദിച്ച ഗാന്ധിജിയെ അവര്‍ ഹിന്ദുക്കളുടെ ശത്രുവായിട്ടാണ് കണ്ടത്. 1925 മുതല്‍ 1947 ആഗസ്റ്റ് 14 അര്‍ധരാത്രി വരെ ഇന്ത്യന്‍ ജനത നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ സമരമുഖങ്ങളില്‍ ഒരിടത്തും എത്തിനോക്കിയിട്ടില്ലാത്തവരാണ് ഇപ്പോള്‍ ദേശീയത പഠിപ്പിക്കുന്നത്.

കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോണ്‍ഗ്രസുകാരും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലുകളിലേക്ക് പോയിട്ടുണ്ട്. ലാത്തിയടികളും വെടിയുണ്ടകളും ഏറ്റുവാങ്ങിയിട്ടുണ്ട്. തൂക്കുമരങ്ങളേറിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരൊറ്റ ഹിന്ദുമഹാസഭക്കാരനും ആര്‍ എസ് എസുകാരനും ഉണ്ടായിരുന്നില്ല. സൈമണ്‍ കമ്മീഷനെതിരെ ലാഹോറില്‍ കരിങ്കൊടി കാണിച്ച ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന ലാലാലജ്പത്‌റായിയെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ആര്‍ എസ് എസിനുള്ളത്. മായം ചേര്‍ക്കാത്ത മുസ്‌ലിം വിരുദ്ധതയും കമ്യൂണിസ്റ്റ് വിരോധവും മാത്രമായിരുന്നു ആര്‍ എസ് എസിന്റെ പരിപാടി. സൈമണ്‍ കമ്മീഷനെതിരായ പ്രതിഷേധവും ലാലാലജ്പത്‌റായിയുടെ രക്തസാക്ഷിത്വവുമാണ് ഭഗത്സിംഗിന്റെ തലമുറയെ ബ്രിട്ടീഷുകാര്‍ക്കെതിരെ കത്തിജ്വലിപ്പിച്ചത്. അക്കാലത്ത് മുസഫര്‍അഹമ്മദ് ഉള്‍പ്പെടെയുള്ള 32-ഓളം കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റുചെയ്ത് ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് ജയിലിലടക്കുകയും ചെയ്തു. ചില നേതാക്കളെ ആജീവനാന്തം നാടുകടത്തുകയും ചെയ്തു.

1930 ജനുവരി 26ന് ആയിരക്കണക്കിന് ദേശാഭിമാനികള്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തപ്പോള്‍ അതില്‍ നിന്ന് മാറിനിന്നവരാണ് ആര്‍ എസ് എസുകാര്‍. ത്രിവര്‍ണപതാക ദേശീയപതാകയായി അംഗീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചവരാണ് അവര്‍. ഗാന്ധിജിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങളാണ് ജയിലുകളിലേക്ക് പോയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വത്തുകള്‍ കണ്ടെത്തുകയും അവരെ വേട്ടയാടുകയും ചെയ്തപ്പോള്‍ ആര്‍ എസ് എസ് നിസംഗതയിലായിരുന്നു. 1930-40 കാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത തിളച്ചുമറിയുകയായിരുന്നു. ആ പ്രക്ഷുബ്ധ നാളുകളില്‍ ആര്‍ എസ് എസ് സ്ഥാപകരില്‍ പ്രമുഖനായ മുഞ്‌ജേ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഉത്തരവാദിത്വമുള്ള സഹകാരിയായിരിക്കാനാണ് സ്വയംസേവകരെ ഉപദേശിച്ചത്.

1940നും 47നുമിടയില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടായിരുന്നു. ഇതില്‍ അര ലക്ഷത്തിലേറെ പേര്‍ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍. മുസാഫര്‍ അഹമ്മദ്, എ കെ ജി തുടങ്ങിയവര്‍ ഉള്‍പ്പെടെ 26,000 ത്തോളം കമ്യൂണിസ്റ്റുകാര്‍ ജയിലിലായിരുന്നു. ഒറ്റ ആര്‍ എസ് എസുകാരനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അലയടിച്ചുയര്‍ന്ന നാളുകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു നെടുവീര്‍പ്പിട്ട് പ്രതിഷേധിക്കാനുണ്ടായിരുന്നില്ല. തലശ്ശേരി ജവഹര്‍ഘട്ടില്‍ 1940 സെപ്തംബര്‍ 15ന് വെടിയേറ്റ് വീണ അബുവും ചാത്തുക്കുട്ടിയും കമ്യൂണിസ്റ്റായിരുന്നു. 1943ല്‍ തൂക്ക് മരത്തിലേറിയ കയ്യൂര്‍ സഖാക്കള്‍ കമ്യൂണിസ്റ്റുകാരായിരുന്നു.

1947 ആഗസ്റ്റ് 15-ന് ത്രിവര്‍ണപതാകയും ചെങ്കൊടിയും പിടിച്ചാണ് കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വതന്ത്ര്യപുലരിയെ അഭിവാദ്യം ചെയ്ത് തൊഴിലാളികള്‍ പ്രകടനം നടത്തിയത്. അക്കാലത്ത് ഹിന്ദുത്വവാദികള്‍ നാട്ടുരാജാക്കന്മാര്‍ക്ക് പിന്തുണ പാടി ഇന്ത്യയുടെ രാഷ്ട്രീയ ഉദ്ഗ്രഥനത്തെ വെല്ലുവിളിക്കുകയായിരുന്നു. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കില്ലെന്ന് വീരവാദം മുഴക്കിയ ദോഗ്രി രാജാവിന്റെ ചോറ്റുപട്ടാള പണി എടുക്കുകയായിരുന്നു. കേരളത്തില്‍ തിരുവിതാംകൂര്‍-തിരുകൊച്ചി രാജാക്കന്മാരുടെ സ്വതന്ത്രരാജ്യവാദത്തോടൊപ്പം നിന്നവരാണ് ഇപ്പോള്‍ ദേശീയത പറയുന്നത്.

സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് സര്‍ക്കാര്‍ ബുര്‍ഷ്വാ ഭൂപ്രഭുവര്‍ഗങ്ങളുടെ ഇംഗിതമനുസരിച്ച് നടത്തിയ കമ്യൂണിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചാണ് 1950 ജനുവരി 26ന് സര്‍ദാര്‍ ഗോപാലകൃഷ്ണനെ പോലുള്ള കമ്യൂണിസ്റ്റുകാര്‍ പ്രകടനം നടത്തിയത്. നാട്ടികയില്‍ പ്രകടനം നടത്തിയ സര്‍ദാറിനെ വെടിവെച്ച് കൊല്ലുകയാണ് കോണ്‍ഗ്രസ് ഭരണകൂടം ചെയ്തത്.

1947ല്‍ നടന്ന അധികാരക്കൈമാറ്റത്തെ കൊളോണിയല്‍ ഭരണം അവസാനിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഒരു ഘട്ടമായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയത്. സാമ്രാജ്യത്വ വാഴ്ചയില്‍ നിന്നും സുദീര്‍ഘമായ സമരത്തിലൂടെ ഇന്ത്യന്‍ജനത ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിനുള്ള അടിത്തറയിടുകയാണ് 1947-ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ ചെയ്തത്. ഭൂപരിഷ്‌കരണവും വ്യവസായവത്കരണവും വഴി ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്ക് അവരുടെ ചൂഷകതാത്പര്യങ്ങള്‍മൂലം കഴിയില്ലെന്നാണ് ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികള്‍ സ്വാതന്ത്ര്യാനന്തരം ഉയര്‍ത്തിയ വിമര്‍ശനം. ബ്രിട്ടീഷുകാര്‍ക്ക് പകരം ഇന്ത്യന്‍ ഭരണകൂടത്തിന്റെ കേന്ദ്രസ്ഥാനം കയ്യടക്കിയ കുത്തക ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങളില്‍ നിന്ന് കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും യഥാര്‍ഥ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരായി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടിയുള്ള സമരം തുടരേണ്ടതുണ്ട്.

1962ലെ ഇന്ത്യ-ചൈന യുദ്ധം ഈ മേഖലയിലെ പ്രമുഖ ശക്തികളായ ചൈനയുടെയും ഇന്ത്യയുടെയും സഹകരണത്തില്‍ വിറളിപൂണ്ട അമേരിക്കന്‍ താത്പര്യങ്ങളുടെ സമ്മര്‍ദഫലം കൂടിയായിരുന്നു. ചൗന്‍ലായിയും നെഹ്‌റുവും നാസറും സുക്കാര്‍ണോവും മുന്‍കൈയെടുത്താണ് വന്‍ശക്തി മേധാവിത്വത്തിനെതിരെ ചേരിചേരാനയം രൂപപ്പെടുത്തുന്നത്. ഇത് അമേരിക്കയെ പരിഭ്രാന്തമാക്കിയിരുന്നു. യുദ്ധോത്സുകത സ്വതന്ത്രാപാര്‍ട്ടിയും ജനസംഘവും ആര്‍ എസ് എസുമാണ് പടര്‍ത്തിയത്. യുദ്ധനീക്കം ചൈനയുടെ ഭാഗത്ത് നിന്നായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നായാലും ശരിയായ സമീപനമല്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. മക്‌മോഹന്‍രേഖയും തര്‍ക്കവും കൊളോണിയല്‍ കാലത്തിന്റെ ബാക്കിപത്രമാണെന്നും രണ്ട് സ്വതന്ത്രരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കണമെന്നുമാണ് പറഞ്ഞത്.

എന്നും സാമ്രാജ്യത്വത്തിന്റെ കൈയില്‍ കളിച്ച പാരമ്പര്യം മാത്രമാണ് ആര്‍ എസ് എസിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികള്‍ അങ്ങനെതന്നെയാണ് ആര്‍ എസ് എസിനെ കണ്ടത്. ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെയാണ് ആര്‍ എസ് എസ് വര്‍ഗീയ ധ്രുവീകരണം നടത്തിയത്. ദേശീയ പ്രസ്ഥാനത്തിന് തുരങ്കംവെച്ചത്. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ തുടരാന്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായിരിക്കുമെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് വിലയിരുത്തിയിട്ടുള്ളത്. പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദേ്യാഗസ്ഥനായ ഇ ജെ ബവറിജ് 1942-ല്‍ നടത്തിയിട്ടുള്ള നിരീക്ഷണം അവരുടെ കൊളോണിയല്‍ ദാസ്യം കൃത്യമായി വ്യക്തമാക്കുന്നതാണ്. ഹിന്ദുമഹാസഭയും ആര്‍ എസ് എസും ഒന്നിച്ച് നില്‍ക്കുന്നിടത്തോളം ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചക്ക് ഒരാപത്തും ഉണ്ടാകില്ലെന്നാണ് ബവറിജ് നിരീക്ഷിക്കുന്നത്. ബ്രിട്ടീഷുകാരെ സഹായിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രനിര്‍മിതിക്കാവശ്യമായ ക്രമപ്രവൃദ്ധമായ വളര്‍ച്ച ഉണ്ടാക്കാനാണ് ഹെഡ്‌ഗേവാര്‍ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള ആര്‍ എസ് എസ് നേതാക്കള്‍ ശ്രമിച്ചതും.

Latest