Connect with us

Editorial

കനക്കുന്ന മഴയില്‍ വിറങ്ങലിച്ചു കേരളം

Published

|

Last Updated

സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം അതിരൂക്ഷമാണ് സംസ്ഥാനത്തെ ഇത്തവണത്തെ കാലവര്‍ഷ നാശനഷ്ടങ്ങള്‍. തെക്കുവടക്കു വ്യത്യാസമില്ലാതെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദുരന്തം ഭയന്നു സംസ്ഥാനത്തെ 22 അണക്കെട്ടുകള്‍ തുറന്നു വെള്ളം ഒഴിവാക്കേണ്ടിവന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡാമുകള്‍ തുറക്കുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകം. ജനങ്ങള്‍ നോക്കി നില്‍ക്കെ റോഡുകള്‍ കുത്തിയൊലിച്ചു പോകുന്നു. വീട് തകര്‍ന്നും വീടൊഴിഞ്ഞും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ ആയിരക്കണക്കിനാണ്. ചില അണക്കെട്ട് പ്രദേശങ്ങളിലും നദിക്കരകളിലും മഴവെള്ളമൊഴുകിപ്പോകാന്‍ വഴികളില്ലാതെ വെള്ളം സമീപത്തെ വീടുകളിലേക്ക് ഇരച്ചു കയറുകയാണ്.

ഇടതടവില്ലാതെ തുടരുന്ന മഴയില്‍ മലകളും കുന്നുകളുമെല്ലാം കുതിര്‍ന്നു ഏത് സമയത്തും ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാമെന്നതിനാല്‍ മലയോരവാസികള്‍ ഭീതിതരാണ്. സംവിധാനം താറുമാറായും ചുറ്റു ഭാഗവും വെള്ളം നിറഞ്ഞും പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടും വെള്ളക്കെട്ടില്‍ വീണും വീടുകള്‍ തകര്‍ന്നും മുപ്പതോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം മരണപ്പെട്ടത്. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായ മലബാറിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ശക്തമായ പേമാരി 13 വരെയെങ്കിലും തുടരുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനത്തില്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാതോര്‍ക്കേണ്ടതുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് എട്ട് വരെയുള്ള കണക്കനുസരിച്ച് മുന്‍വര്‍ഷങ്ങളെക്കാള്‍ 15 ശതമാനം കൂടുതല്‍ മഴയാണ് ഈ മണ്‍സൂണ്‍ കാലത്ത് കേരളത്തിന് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് നാല് ദിവസം മുമ്പ് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ ഇപ്പോള്‍ മഴ വീണ്ടും ശക്തമാകാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട ഷന്‍ഷന്‍, യാഗി എന്നീ രണ്ട് ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടത്രെ. ന്യൂനമര്‍ദം ശക്തമായി കാറ്റില്‍ കരയിലേക്ക് കടന്നുകേരളത്തിലും ലക്ഷദ്വീപിലും എത്തുകയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെത്തുടരെയുണ്ടാകുന്ന ന്യൂനമര്‍ദങ്ങള്‍ മൂലം കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടുന്നതാണ് ഇടവേളകളില്ലാതെ കനത്ത മഴ പെയ്യുന്നതിനു പിന്നിലെന്നും വിശദീകരിക്കപ്പെടുന്നു.

ഇതൊക്കെ ചില നിഗമനങ്ങളാണ്. അന്തരീക്ഷത്തിലെ താപം, ഈര്‍പ്പം, കാറ്റ് തുടങ്ങിയവ മനസ്സിലാക്കി തദടിസ്ഥാനത്തില്‍ അതത് പ്രദേശത്തിനു വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കേവല നിരീക്ഷണങ്ങള്‍. അവ ശരിയായെന്ന് വരാം. പലപ്പോഴും പുലരാറുണ്ട്. അല്ലാതെയുമാകാം. പ്രവചനങ്ങളെ തെറ്റിച്ചു മഴ കടന്നു വരികയും കടന്നു പോവുകയും ചെയ്യാറുണ്ട്. ശക്തമായ മഴയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കവെ ഒരു തുള്ളി പോലും വര്‍ഷിക്കാത്ത ദിവസങ്ങളും കൊടും വേനലില്‍ അപ്രതീക്ഷിതമായുള്ള പേമാരിയുമൊക്കെ അനുഭവ സത്യങ്ങളാണ്. ശാസ്ത്ര,സാങ്കേതിക മേഖലകള്‍ എത്ര വളര്‍ന്നാലും മനുഷ്യന്റെ കഴിവുകള്‍ക്ക് പരിമിതിയുണ്ട്. പ്രകൃതി രഹസ്യങ്ങള്‍ പലപ്പോഴും അതിനിഗൂഢവും അപ്രാപ്യവുമാണ്. കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനസ്സിലാക്കാന്‍ ഇനിയും തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ശാസ്ത്രലോകം തന്നെ സമ്മതിച്ചിട്ടുണ്ട്. ലോകത്തെ അതിവിദഗ്ധരായ പ്രകൃതി ശാസ്ത്രജ്ഞര്‍ ശതാബ്ദങ്ങളായി കൊണ്ടുശ്രമിച്ചിട്ടും ബര്‍മുഡ ട്രയാംഗിള്‍ ഇന്നും കടല്‍, വിമാന സഞ്ചാരികള്‍ക്ക് പേടിസ്വപ്‌നമായി, ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി തുടരുകയാണല്ലോ.

നോട്ട്‌നിരോധം, മുന്നൊരുക്കമില്ലാത്ത ജി എസ് ടി പ്രഖ്യാപനം, ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണം തുടങ്ങി വിവിധ കാരണങ്ങളാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തിന് മറ്റൊരു വന്‍ആഘാതമാണ് വന്‍തോതിലുള്ള വര്‍ഷകാല നഷ്ടങ്ങള്‍. കേന്ദ്രത്തിന്റെ കൈയയച്ചുള്ള സഹായമുണ്ടെങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാകൂ. നാശനഷ്ടങ്ങളുടെ വൈപുല്യം മനസ്സിലാക്കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്തത് ആശ്വാസമാണ്. ജൂലൈ മധ്യത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലും നാല് ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുമായി രണ്ട് കേന്ദ്ര സംഘങ്ങള്‍ ഇതിനകം കേരളത്തിലെത്തി സംസ്ഥാനത്ത് ഇടതടവില്ലാതെ വര്‍ഷിക്കുന്ന മഴമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തുകയുണ്ടായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ നഷ്ടങ്ങള്‍ വളരെക്കൂടുതലാണെന്ന് ബോധ്യമായതായി കേന്ദ്രസംഘം തുറന്നു പറയുകയുമുണ്ടായി.
മധ്യ,വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്പെടുന്നതിന് മുമ്പായിരുന്നു ഈ രണ്ട് സന്ദര്‍ശനവും. ഇപ്പോഴത്തെ അവസ്ഥ അതിനേക്കാള്‍ ഭീകരവും ഗുരുതരവുമാണ്. ഏറെ താമസിയാതെ കേന്ദ്രസംഘം വീണ്ടുമെത്തി സ്ഥിതിഗതികള്‍ കൂടുതല്‍ പഠനവിധേയമാക്കി ആവശ്യമായ സഹായ സഹകരണങ്ങള്‍ എത്തിക്കേണ്ടതുണ്ട്. പദ്ധതികളും സഹായങ്ങളും അനുവദിക്കുന്നതില്‍ കേരളത്തോട് അവഗണനയാണ് പൊതുവെ കേന്ദ്രത്തിന്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സഹായം അനുവദിക്കുന്നതിലെങ്കിലും ഇത്തരം വിവേചനം ഉണ്ടാകരുത്. കാലവര്‍ഷ നഷ്ടങ്ങള്‍ പൂര്‍ണമായും നികത്താന്‍ ആവശ്യമായത്ര ധനസഹായം അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാകണം. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ ഭരണഘടനാ പരമായ ബാധ്യത കൂടിയാണത്. മതിയായ സഹായം നേടിയെടുക്കുന്നതിന് കക്ഷിഭേദമന്യെ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുമാണ്.

Latest