ചൈനയിലെ വെയ്‌സോ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദ് പൊളിക്കാന്‍ നീക്കം; പ്രതിഷേധം ശക്തം

Posted on: August 11, 2018 12:13 am | Last updated: August 11, 2018 at 12:13 am
SHARE

ബീജിംഗ്: വടക്കന്‍ ചൈനയിലെ വെയ്‌സോ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദ് പൊളിക്കാനുള്ള ചൈനീസ് സര്‍ക്കാറിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ഹൂയ് മുസ്‌ലിംകള്‍ ഇതിന് സമീപം ഒത്തുകൂടി. രാജ്യത്തെ മത ചിഹ്നങ്ങള്‍ക്ക് നേരെയും ആരാധനകള്‍ക്കെതിരെയും സര്‍ക്കാര്‍ സ്വീകരിക്കുന്ന വിരുദ്ധ മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിനെതിരെ ഉയര്‍ന്നുവന്ന വന്‍ പ്രതിഷേധം സര്‍ക്കാറിനെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിര്‍ബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ പ്രതിഷേധവുമായി വെയ്‌സോ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിന് സമീപത്ത് ഒത്തൂകുടിയിരുന്നു. ജനങ്ങളുടെ മുഖത്ത് ഏറെ വേദനയും നിരാശയും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയും ഇല്ല. ചൈനയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. തങ്ങള്‍ രാജ്യത്തെയും തങ്ങളുടെ വിശ്വാസത്തെയും സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഈ പള്ളിയുടെ പണി പൂര്‍ത്തിയാകുന്നത് ഒരു വര്‍ഷം മുമ്പാണ്. നിര്‍മാണം ആരംഭിക്കുന്ന സമയത്ത് ഇതിന് സര്‍ക്കാര്‍ പൂര്‍ണമായ അനുമതിയും നല്‍കിയിരുന്നു. ഇതിന് പുറമെ പള്ളി നിര്‍മാണം ആരംഭിച്ചപ്പോള്‍ നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഇവിടെ എത്തി ആശംസയര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്ലാനില്‍ ഉള്ളതിനേക്കാള്‍ വിപുലമാണ് പള്ളി നിര്‍മാണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യക്തികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഇവിടെ മൂവായിരത്തോളം വിശ്വാസികള്‍ പ്രാര്‍ഥനക്ക് എത്താറുണ്ടെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

ഇതിനകം നിരവധി പള്ളികളുടെ ചന്ദ്രക്കലയും മിനാരങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ നിരവധി ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയും ബൈബിളുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് പുറമെ ബുദ്ധ ക്ഷേത്രങ്ങളിലെ തിബത്തന്‍ വിദ്യാര്‍ഥികളെ ഇവിടെ നിന്ന് മാറ്റി സ്‌കൂളുകളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.