Connect with us

National

വി വി പാറ്റിലും പരിശോധന വേണം; കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വി വി പാറ്റ് മെഷീനുകള്‍ നേരത്തേ പരിശോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍. മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥാണ് ഇതു സംബന്ധിച്ച ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അടുത്തയാഴ്ച ഹരജിയില്‍ വാദം കേള്‍ക്കും.

വോട്ടര്‍മാര്‍ക്ക് സ്‌ളിപ്പ് നല്‍കുന്ന വി വി പാറ്റ് മെഷീനുകളിലും കൃത്രിമം നടക്കാമെന്നും വോട്ടിംഗ് മെഷീനുകളിലെ കൃത്രിമം മറച്ചുവെക്കാന്‍ ഇത് ഉപയോഗിക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടിംഗ് മെഷീനുകളും വി വി പാറ്റ് മെഷീനുകളും ചേര്‍ത്ത് റാന്‍ഡം ചെക്കിംഗ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും 10 ശതമാനം പോളിംഗ് കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ്് മെഷിനിലെ വോട്ടുകളും വി വി പാറ്റ് സ്‌ലിപ്പുകളും തമ്മില്‍ ഒത്തുനോക്കി പരിശോധന നടത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നവരടങ്ങുന്ന ബഞ്ചിനു സമര്‍പ്പിച്ച ഹരജി അടുത്ത ആഴ്ചയാണ് പരിഗണിക്കുക.

സുതാര്യമായ തിരഞ്ഞെടുപ്പിനായി ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.