Connect with us

Kerala

പരിസ്ഥിതി ദുരന്തം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ശക്തമായ പേമാരിയെ തുടര്‍ന്ന് രൂപപ്പെട്ട പ്രളയത്തില്‍ പെടാതെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സര്‍ക്കാറിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുഴുവന്‍ നിര്‍ദേങ്ങളും പാലിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അനാവശ്യമായി സഞ്ചരിക്കരുത്. ഉയര്‍ന്ന ശതമാനത്തില്‍ മഴ പെയ്യുന്ന സ്ഥലങ്ങളിലെ കുന്നുകളുടെ ഭാഗത്ത് വീടുകളുള്ളവര്‍ താല്‍ക്കാലികമായി താമസം മാറ്റണം. ഡാമുകള്‍ മിക്കതും തുറന്നതിനാല്‍ അതില്‍ നിന്നുള്ള നീരൊഴുക്കുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭദ്രമായ ഇടങ്ങളിലേക്കു മാറണം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴയുന്നവര്‍ക്കു ഭക്ഷണവും ശുദ്ധജലവും തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള വസ്ത്രങ്ങളുമെത്തിച്ചു സാധ്യമാകുന്ന സാന്ത്വന പ്രവര്‍ത്തനത്തിന് എല്ലാവരും മുന്നോട്ടുവരണം. വീടുകളിലും പള്ളികളിലും പ്രളയക്കെടുതി വേഗത്തില്‍ അവസാനിക്കാന്‍ വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും എന്നും കാന്തപുരം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കാര്യക്ഷമമായ ഇടപെടലുകള്‍ ദുരന്തത്തിന്റെ വ്യാപ്തിയും ആളപായവും കുറക്കാന്‍ കാരണമായിട്ടുണ്ടെന്നും, ദേശീയ ഗവണ്‍മെന്റ് കൂടുതല്‍ സഹായങ്ങള്‍ കേരളത്തിനായി അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തിന്റെ സുരക്ഷക്കായി ഇന്നലെ ജുമുഅ നിസ്‌കാരാന്തരം മര്‍കസ് മസ്ജിദില്‍ നടത്തിയ പ്രാര്‍ത്ഥന സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്‌ബോധന പ്രഭാഷണം നടത്തി.

---- facebook comment plugin here -----

Latest