ഇരുഹറമുകളിലും ജുമുഅയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു; ഇതുവരെ പതിനൊന്ന് ലക്ഷം ഹാജിമാര്‍ പുണ്യഭൂമിയിലെത്തി

Posted on: August 10, 2018 8:37 pm | Last updated: August 10, 2018 at 9:06 pm
SHARE

മക്ക: കനത്ത ചൂടിലും ഇരു ഹറമുകളിലും ലക്ഷങ്ങള്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തു. ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച്ച രാത്രി മുതല്‍ തന്നെ ഹാജിമാരുടെ നീണ്ട നിര ഇരുഹറമുകളിലേക്കും ഒഴുകി എത്തിയിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ജുമുഅ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പള്ളിയുടെ എല്ലാ നിലകളും പൂര്‍ണമായും നിറഞ്ഞു കവിഞ്ഞു.

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 11,41,138 തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി സഊദി പാസ്പോര്ട്ട് മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ട് പിറകെ. വ്യോമ മാര്‍ഗം 10,75,474 പേരും കപ്പല്‍ മാര്‍ഗം 12,026 പേരും കരമാര്‍ഗം 53,638 പേരുമാണ് വിശുദ്ധ ഭൂമിയില്‍ എത്തിയത്.

ഇന്ത്യയില്‍ നിന്നും ബുധനാഴ്ച വരെ 1,04,090 തീര്‍ത്ഥാടകള്‍ എത്തിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 1,88,464 പേരെ ഹറം പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചു. അനുമതി പത്രമില്ലാതെ ഹാജിമാര്‍ മക്കയിലെത്താതിരിക്കാന്‍ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.