Connect with us

Gulf

കേരളത്തില്‍ പേമാരിയും വെള്ളപ്പൊക്കവും: ഗള്‍ഫില്‍ കനത്ത ആശങ്ക; യാത്ര തടസം

Published

|

Last Updated

ദുബൈ: കേരളത്തില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉള്‍പെട്ടത് ഗള്‍ഫില്‍ വലിയ ആശങ്ക വിതച്ചു. ചുരുക്കം ചില ജില്ലകളില്‍ ഒഴികെ മിക്കയിടത്തും വന്‍ കെടുതികളാണ് സംഭവിച്ചത്. നിരവധി പേര്‍ മരിച്ചു. ഗള്‍ഫിലുള്ള ഉറ്റവര്‍ നാട്ടിലേക്ക് നിരന്തരം വിളിയായിരുന്നു. പലരും സമൂഹ മാധ്യമങ്ങളിലെയും ചാനലുകളിലെയും ദൃശ്യങ്ങള്‍ കണ്ടു നടുങ്ങി. പല വീടുകളും നിലം പൊത്തുന്നത് തത്സമയം കണ്ട് ദുഃഖിതരായി. വയനാട് തീര്‍ത്തും ഒറ്റപ്പെട്ടുവെന്നാണ് ഗള്‍ഫില്‍ ലഭിച്ച വിവരം. ചിലര്‍ മലവെള്ളത്തില്‍ ഒലിച്ചു പോകുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ദുരിതത്തില്‍പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനക്കു വലിയ പ്രതികരണമാണ് ഗള്‍ഫില്‍ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് പണം അയച്ചു കൊടുക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതല്‍ നിരവധി പേര്‍ പരസ്പരം ആശയ വിനിമയം നടത്തി വരികയാണ്
24 മണിക്കൂറില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് പെയ്തത്. നിലമ്പൂരില്‍ 40 സെന്റീമീറ്റര്‍ പെയ്തു. മാനന്തവാടിയില്‍ 30 സെന്റീമീറ്ററും മൂന്നാറില്‍ 25 സെന്റീമീറ്ററും രേഖപ്പെടുത്തി. പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും 21 സെന്റീമീറ്ററാണ് പേമാരിയുടെ കണക്ക്. മണ്ണാര്‍ക്കാട് (17 സെ. മീ), ചിറ്റൂര്‍ (15), അമ്പലവയല്‍ (11), ഇടുക്കി (9), കുറ്റിയാടി (9), കോന്നി (8) എന്നിങ്ങനെയാണു മറ്റിടങ്ങളിലെ മഴ. പലര്‍ക്കും കനത്ത നഷ്ടം നേരിട്ടിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ചന്ദക്കുന്ന്, വള്ളാമ്പ്രം എന്നിവിടങ്ങളില്‍ പേമാരിയില്‍ വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചത്. വിവരമറിഞ്ഞ് രാവിലെ മുതല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് വള്ളംമ്പ്രം സ്വദേശിയും അബുദാബിയിലെ വ്യാപാരിയുമായ നൗഫല്‍ പറഞ്ഞു. വള്ളാംമ്പ്രം ഭാഗത്ത് കുടുംബങ്ങള്‍ പലരും കുടിയൊഴിഞ്ഞ് പോയിട്ടുണ്ട്. നാട്ടിലെ പേമാരിയില്‍ ആശങ്കയോടെയാണ് പലരും കഴിയുന്നത്. കുടുംബങ്ങളുടെ സുരക്ഷിതത്വമാണ് പ്രശ്‌നം. നാട്ടിലുള്ള പലരും ദൂരയുള്ള കുടുംബവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പേമാരിയില്‍ വ്യാപകമായി കൃഷി നശിച്ചതായും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിനടുത്ത് അകമ്പാടത്ത് ഉരുള്‍പൊട്ടലില്‍ അഞ്ച് പേരാണ് മരിച്ചത്. കാളികാവ് പഞ്ചായത്തിലെ അടക്കാംകുണ്ട്, കരുവാരക്കുണ്ട് പഞ്ചായത്തിലെ കല്‍ക്കുണ്ട് എന്നിവിടങ്ങളിലും പേമാരിയില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പേമാരിയില്‍ ആശങ്ക ഉയര്‍ന്നത് കാരണം കുടുംബാംഗങ്ങള്‍ നിലമ്പൂരിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നതെന്ന് ദുബൈയില്‍ എകൗണ്ടന്റായ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി ബശീര്‍ അറിയിച്ചു. പേമാരിയില്‍ വ്യാപകമായ കൃഷിനാശമാണ് സംഭവിച്ചത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും വാഴ, കവുങ്ങ്, കരുമുളക്, കപ്പ എന്നിവ ഉള്‍പെടെ നശിച്ചതായും അദ്ദേഹം പറഞ്ഞു. കൊച്ചി വിമാനത്താവളത്തെ വെള്ളപ്പൊക്കം ബാധിച്ചത് യാത്രക്കാരെ പ്രയാസത്തിലാക്കി .നിരവധി പേരാണ് ഗള്‍ഫില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് .ഇന്നലെ രാവിലെ മുതല്‍ കൊച്ചിയില്‍ വിമാന സര്‍വീസ് ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്

Latest