Connect with us

Articles

ഉരുള്‍ പൊട്ടലും മഴദുരന്തങ്ങളും

Published

|

Last Updated

ഈയടുത്തൊന്നുമുണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കക്കെടുതിയാണ് കേരളം അനുഭവിക്കുന്നത്. കേരളം നേരിടുന്നത് അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ വിശേഷിപ്പിച്ചു.

കഴിഞ്ഞ ദിവസം കുട്ടനാട് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടവും ദുരിതവും ഉണ്ടായത്. ദുരിതാശ്വാസത്തിന് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ദുരന്തം പെയ്തിറങ്ങിയത്. നിരവധി പേര്‍ മരിച്ചു. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കൃഷിനാശം വിവരണാധീതമാണ്. ഇടുക്കി ചെറുതോണി ഡാം തുറന്നു. 22 ഡാമുകള്‍ തുറന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ആദ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടേണ്ടിവന്നു. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ കൂടെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്. വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയോടെയാണ് പുഴകളുടെ സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ കഴിയുന്നത്. വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലമ്പുഴ ഡാമിന് സമീപം ഉരുള്‍ പൊട്ടലുണ്ടായത് ഭീതി പരത്തി.

കേരളത്തില്‍ മഴക്ക് വേണ്ടി കാത്തിരുന്ന് മഴ പെയ്ത് തുടങ്ങിയാല്‍ “ഇതെന്തൊരു മഴ”യെന്ന പതിവ് പരിഭവങ്ങള്‍ക്കുമപ്പുറത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വെള്ളക്കെട്ടും കൊതുകും പനിയും പകര്‍ച്ച വ്യാധികളുമൊക്കെ ചെറിയ ചെറിയ കാര്യങ്ങള്‍. മഴയെ ശരിക്കും പേടിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അവരിപ്പോള്‍ വലിയ ആശങ്കയിലാണ്. കടലിന്റെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സങ്കടഹരജികളുമായി അധികാരികള്‍ക്കു മുമ്പിലെത്തുന്ന തീരദേശവാസികളേക്കാള്‍ ഒരു പക്ഷേ, എണ്ണത്തില്‍ക്കൂടുതലായിരിക്കും ഇത്തരക്കാര്‍. എപ്പോഴാണ് സ്വന്തം വീടും നാടും കുത്തിയൊലിച്ചു പോകുകയെന്ന ആശങ്കയുമായി ജീവിക്കുന്ന മലയോരവാസികള്‍. ഏത് കാലത്താണ് ഇവരുടെ ആശങ്ക പെയ്തു തീരുക?

മഴ തിമിര്‍ത്തുപെയ്യുമ്പോള്‍ മലയോര മേഖലക്ക് ഉറക്കം കെടും. ഉരുള്‍പൊട്ടലിനും ഭൂമികുലുക്കത്തിനുമെല്ലാം അത് കാരണമാകും. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും ഉരുള്‍പൊട്ടലിനെ ക്ഷണിച്ചുവരുത്തി. മുമ്പ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് മാത്രം കേട്ടിരുന്ന ഭൂദുരന്തങ്ങള്‍ എത്രവേഗമാണ് കേരളത്തിലും കാലവര്‍ഷക്കാലത്ത് പതിവ് വാര്‍ത്തകളായി മാറുന്നത്?
അനിയന്ത്രിതമായ മലയോരകുടിയേറ്റവും അശാസ്ത്രീയ കൃഷിരീതികളും നിര്‍മാണപ്രവര്‍ത്തനങ്ങളും കേരളത്തെ ഉരുള്‍പൊട്ടലിന്റെ കൂടി നാടാക്കി മാറ്റിയിരിക്കുന്നു. ഇടുക്കിയും കട്ടിപ്പാറയും അമ്പൂരിയും വയനാട്ടിലെ പ്രദേശങ്ങളും ദുരന്തങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ചെങ്കുത്തായ മലഞ്ചെരിവുകളിലെ റോഡുനിര്‍മാണം, ചെരിവുകള്‍ വെട്ടിനിരത്തിയുള്ള വീടുവെക്കല്‍, അശാസ്ത്രീയ കൃഷി തുടങ്ങിയവയെല്ലാമാണ് ഉരുള്‍പൊട്ടല്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ഭൗമശാസ്ത്രജ്ഞര്‍ സൂചന നല്‍കുമ്പോഴും ആരും ഇതിന് വേണ്ട ഗൗരവം നല്‍കുന്നില്ല. മൂന്നാറിലുള്‍െപ്പടെയുള്ള അനധികൃത നിര്‍മാണങ്ങളും ഭൂവിനിയോഗത്തിലുള്ള മാറ്റവും തടയാന്‍ ഇപ്പോഴും കഴിയുന്നില്ല.

മഴവെള്ളത്തില്‍ കുതിര്‍ന്ന് മലഞ്ചെരിവിന്റെ ഒരു ഭാഗം അപ്പാടെ താഴേക്ക് പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. കനത്ത മഴയില്‍ ഉരുള്‍പൊട്ടുമ്പോള്‍ മണ്ണും കല്ലും വലിയ ഉരുളന്‍പാറകളും വെള്ളത്തിനൊപ്പം കുത്തിയൊലിച്ച് താഴെയെത്തും. ഒഴുക്കില്‍ ഇത് വളരെ ദൂരംവരെ വലിച്ചിഴക്കപ്പെടാം. ഇതിന്റെ ഫലമായി പ്രദേശത്തുള്ള മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്യും. ആള്‍നാശവും ഉണ്ടാകും. നിമിഷനേരംമതി ഒരു പ്രദേശമാകെ നാമാവശേഷമാകാന്‍. ഇതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ പോലുംസമയം കിട്ടിയെന്നുവരില്ല.
കേന്ദ്രറോഡ് പഠന ഗവേഷണ വിഭാഗത്തിന്റെ പഠനമനുസരിച്ച് രാജ്യത്ത് 15 ശതമാനം പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. ഭൂകമ്പസാധ്യതാ പ്രദേശമായ ഹിമാലയ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പശ്ചിമഘട്ട പ്രദേശത്താണ്. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലാണ് ഇത്തരത്തിലുള്ള ഭീഷണി കൂടുതലുള്ളതെന്ന് ഭൗമശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. അതീവ ഗൗരവത്തോടെ പഠിക്കേണ്ട വിഷയങ്ങളിലൊന്നാണിത്.

സംസ്ഥാനത്തെ 350 വില്ലേജുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. ഇടുക്കിയാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ല. വയനാട് ചുരം, മണ്ണാര്‍ക്കാട് ചുരം, പീരുമേട് ചുരം എന്നിവയെല്ലാം പാര്‍ശ്വചെരിവുകളാണ്. ഉരുള്‍പൊട്ടല്‍ കൂടുതലുണ്ടാകുക ഇത്തരം പ്രദേശങ്ങളിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കേരളത്തിലെ 48 ശതമാനത്തോളം സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മലമ്പ്രദേശങ്ങളില്‍ പലയിടത്തും നിലവിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെല്ലാം കേരളത്തിനെയടക്കം കാര്യമായി ബാധിക്കുന്ന ഉരുള്‍പൊട്ടലടക്കമുള്ള ഭൂദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍ ഒട്ടേറെ ജനവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ പോലും പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഖനനം, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ എന്നിവയെല്ലാം തടയണമെന്ന നിര്‍ദേശങ്ങള്‍ പ്രസ്‌കതമാണ്.

ഭൂചലനം, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്നാണ് സാധാരണയായി ഉരുള്‍പൊട്ടല്‍ ഉണ്ടാകാറുള്ളതെങ്കില്‍ മനുഷ്യന്റെ ഇടപെടല്‍മൂലമാണ് കേരളത്തിലുള്‍പ്പെടെ അടുത്തകാലത്തായി ഉരുള്‍പൊട്ടല്‍ വര്‍ധിച്ചുവരുന്നതെന്നാണ് നിഗമനം. കുന്നുകള്‍ വെട്ടിനിരത്തി നീര്‍ച്ചാലുകളും തോടുകളും മണ്ണിട്ടുനികത്തുകയും ഈ സ്ഥലങ്ങളില്‍ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരികയും ചെയ്യുന്നതാണ് ഉരുള്‍പൊട്ടലുകളുടെ സാധ്യത കൂട്ടുന്നത്. കുന്നുകളും താഴ്‌വാരങ്ങളും അതിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകളും പ്രകൃതിയുടെ സന്തുലനഘടകങ്ങളാണ്. ഇതിന് ആഘാതം തട്ടിയാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്ന ചെരിവുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയവര്‍ വ്യക്തമാക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് നേര്‍ത്ത നീര്‍ച്ചാലുകളായാണ് പുഴകളുടെ ഉത്ഭവം. ഇത്തരം നീര്‍ച്ചാലുകള്‍ കൂടിച്ചേര്‍ന്ന് മലമടക്കുകളിലൂടെ ഒഴുകിയാണ് അത് പുഴയായി പരിണമിക്കുന്നത്. കുന്നിന്‍പ്രദേശങ്ങളില്‍ വെള്ളം വാര്‍ന്ന് പോകാനുള്ള ഇത്തരം നീര്‍ച്ചാലുകള്‍ ധാരാളം കാണാം. കൂടുതലുള്ള വെള്ളം വാര്‍ന്ന് പോകാന്‍ പ്രകൃതിയൊരുക്കുന്ന ഒരു മാര്‍ഗമാണിത്. പ്രകൃത്യായുള്ള ഇത്തരം ചാലുകള്‍ തടസ്സപ്പെടുത്തുന്നത് ഒഴുക്കിനെ തടസ്സപ്പെടുത്തുകയും അത് ഉരുള്‍പൊട്ടലിന് വഴി തുറക്കുകയും ചെയ്യും.

തുടരെത്തുടരെയുള്ള കനത്ത മഴയില്‍ മലയില്‍ വെള്ളമിറങ്ങി മണ്ണിനടിയില്‍ വെള്ളത്തിന്റെ മര്‍ദം കൂടുമ്പോള്‍ അസ്ഥിരമായ കുന്നിന്‍ ചെരിവുകള്‍ മൊത്തമായി പൊട്ടിയൊഴുകുന്ന സ്ഥിതി വിശേഷമാണുണ്ടാകുക. കനത്ത മഴയില്‍ വെള്ളം വാര്‍ന്നുപോകാന്‍ നീര്‍ച്ചാലുകള്‍ ഇല്ലെങ്കില്‍ വെള്ളം മണ്ണിലേക്ക് ഊര്‍ന്നിറങ്ങും. മണ്ണ് വെള്ളത്തില്‍ കുതിര്‍ന്നാല്‍ മണ്ണിനുമുകളിലെ പാറയും മണ്ണും ഇളകി താഴേക്ക് പതിക്കും. വലിയ കല്ലും മണ്ണും വെള്ളവുമൊക്കെ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗതയിലെങ്കിലും താഴേക്കൊഴുകുന്നു. ഒഴുക്കിന്റെ പാതയിലുള്ള എന്തിനെയും ഇത് തീര്‍ത്തും നാമാവശേഷമാക്കുകയും ചെയ്യും. കുത്തനെയുളള കുന്നിന്റെ അടിവാരത്തിലൂടെയോ ഇടയിലൂടെയോ ഒഴുകുന്ന നദി കുന്നിന്റെ അടിവാരത്തെ പതുക്കെ കാര്‍ന്നു തിന്നുമ്പോള്‍ കുന്നിന്‍ ചെരിവു മൊത്തമായി പുഴയിലേക്ക് ഊര്‍ന്നിറങ്ങിയുള്ള മലയിടിച്ചിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലിന് സമാനമായ സ്ഥിതിയുണ്ടാക്കുന്നുണ്ട്.