കാരുണ്യത്തിന്റെ മറവില്‍ തട്ടിപ്പ്

Posted on: August 10, 2018 5:39 pm | Last updated: August 10, 2018 at 5:39 pm
SHARE

അനാഥാലയങ്ങളിലും ബാലികാ സദനങ്ങളിലും പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെയും അവരെ ഉപയോഗിച്ചു നടത്തുന്ന പെണ്‍വാണിഭത്തിന്റെയും വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരമായി പുറത്തുവന്നത്. ബിഹാര്‍ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അനാഥാലയത്തില്‍ ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 34 അന്തേവാസിനികളാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഭക്ഷണത്തില്‍ ലഹരി മരുന്നുകലര്‍ത്തി മയക്കിയായിരുന്നുവത്രെ കാമവെറിയന്മാര്‍ അവരെ പീഡിപ്പിച്ചത്. വിസമ്മതിച്ച പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു സദനത്തിന്റെ മുറ്റത്ത് കുഴിച്ചിട്ടതായും അന്തേവാസിനികള്‍ വെളിപ്പെടുത്തുകയുണ്ടായി. ഹിമാചല്‍പ്രദേശിലെ ചംബ ജില്ലയിലെ സര്‍ക്കാര്‍ ബാലികാ ആശ്രമത്തില്‍ രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തുനല്‍കിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ആശ്രമത്തിലെ ക്ലര്‍ക്കും പാചകക്കാരനും ശുചീകരണത്തൊഴിലാളിയും അറസ്റ്റിലായത് കഴിഞ്ഞ സെപ്തംബറിലാണ്.

ഉത്തര്‍പ്രദേശിലെ ദിയോരിയയില്‍ ദമ്പതികള്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പുറത്തു വന്നത് ലൈംഗിക പീഡനത്തിന് പുറമെ പെണ്‍വാണിഭത്തിന്റെ കൂടി വാര്‍ത്തകളാണ്. പുറത്തു നിന്നുള്ളവര്‍ക്ക് കുട്ടികളെ കാഴ്ചവെച്ചു പണമുണ്ടാക്കുകയായിരുന്നു ഇവര്‍. വാഹനങ്ങളിലെത്തുന്നവര്‍ക്ക് ഹോം നടത്തിപ്പുകാര്‍ 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ കൈമാറും. അടുത്ത ദിവസമാണ് കുട്ടികളെ ഇവര്‍ തിരിച്ചു കൊണ്ടുവിടുന്നത്. ഇതിനിടയില്‍ നിരവധി പേര്‍ കുട്ടികളെ ഉപയോഗപ്പെടുത്തും. ഒളിച്ചോടിയ ഒരു കുട്ടിയില്‍ നിന്ന് വിവരം പുറത്തായതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 24 അന്തേവാസിനികളെ പോലീസ് രക്ഷപ്പെടുത്തി. പീഡനം ഭയന്നു സ്ഥാപനത്തില്‍ നിന്ന് ഒളിച്ചോടിയ 18 പേരെ അന്വേഷിച്ചു വരികയാണ്. തമിഴ്‌നാട്ടില്‍ സുവിശേഷപ്രവര്‍ത്തനങ്ങളുടെ പേരില്‍ പാസ്റ്ററും ജര്‍മ്മന്‍ സ്വദേശിനിയായ ഭാര്യയും അനാഥാലയം നടത്തിയിരുന്നത് മനുഷ്യക്കടത്തിന് വേണ്ടിയായിരുന്നുവെന്നാണ് വാര്‍ത്ത. ആറ് മാസം മുമ്പാണ് സി ബി ഐ ഇവരെ കസ്റ്റഡിയിലെടുത്തത്.

സഹായം അര്‍ഹിക്കുന്ന അനാഥരും നിര്‍ദനരും അശരണരും സമൂഹത്തില്‍ എമ്പാടുമുണ്ട്. ഇവര്‍ക്കായുള്ള ജീവകാരുണ്യ സേവനം മഹത്തായൊരു കര്‍മവുമാണ്. പുണ്യകര്‍മമായാണ് എല്ലാവരും ഇതിനെ പരിചയപ്പെടുത്തുന്നത്. സര്‍ക്കാറും മതസംഘടനകളും സന്നദ്ധ പ്രസ്ഥാനങ്ങളും ജീവകാരുണ്യ മേഖലയില്‍ സജീവമായി ഇറങ്ങുകയും അനാഥ, അഗതി മന്ദിരങ്ങളും വനിതാ, വൃദ്ധ സദനങ്ങളും സ്ഥാപിച്ചു മികച്ച നിലയില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജീവിതം ഇരുട്ടറയില്‍ തളക്കപ്പെടുമായിരുന്ന പതിനായിരക്കണക്കിന് അനാഥര്‍ക്കും സമൂഹത്തിലെ നിര്‍ദനര്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കിരയായി ഉറ്റവര്‍ നഷ്ടപ്പെട്ട അശരണര്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ വലിയൊരു അനുഗ്രഹമാണ്. മാതാപിതാക്കളില്ലാത്ത നിര്‍ദനരായ കുട്ടികളുടെയും അഗതികളുടെയും വിദ്യാഭ്യാസ സാമൂഹിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് അനാഥ-അഗതി മന്ദിരങ്ങള്‍ വഹിക്കുന്നത്. ശിക്ഷണം നല്‍കാന്‍ ആരുമില്ലാത്തതിനാല്‍ സാമൂഹിക പ്രതിബദ്ധതയില്ലാതെ, നാടിനോടോ കുടുംബത്തോടോ സ്‌നേഹമില്ലാതെ വളരുമായിരുന്ന കുട്ടികളെ അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയവ നല്‍കി, സമൂഹത്തിനും നാടിനും മുതല്‍ക്കൂട്ടാകുന്ന ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. ഇവിടങ്ങളില്‍ പഠിച്ചു വളര്‍ന്നു ഉന്നതങ്ങളില്‍ എത്തിപ്പെട്ടവര്‍ ധാരാളം.
കാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമൂഹികാംഗീകാരവും സാമ്പത്തിക പിന്തുണയും ചൂഷണം ചെയ്യാനായി ഈ രംഗത്തേക്ക് കടന്നുവന്ന തട്ടിപ്പുകാരും വ്യാജന്മാരുമാണ് അനാഥ സംരക്ഷണം മറയാക്കി പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

ചുളുവില്‍ കാശുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കണ്ട് കൂണ്‍ മുളക്കുന്നത് കണക്കെയാണിപ്പോല്‍ ചാരിറ്റബില്‍ ട്രസ്റ്റുകളും അവയുടെ കീഴില്‍ സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നത്. ഇപ്പേരില്‍ നാട്ടില്‍ നിന്നും വിദേശത്തു നിന്നുമായി കോടികള്‍ പിരിച്ചെടുത്ത് സ്വന്തം അക്കൗണ്ട് കനപ്പിക്കുന്നവരും ആഡംബര ജീവിതം നയിക്കുന്നവരും കുറവല്ല. മതസ്ഥാപനങ്ങളും സമൂഹത്തിലെ സുമനസ്സുകളും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പോലും സംശയത്തിന്റെ നിഴലിലാക്കുകയാണ് ഈ ക്രിമിനലുകള്‍ ചെയ്യുന്നത്. അനാഥാലയങ്ങളുടെ മറവില്‍ വേണ്ടാത്തരം നടത്തുമ്പോള്‍, അവയുടെ നടത്തിപ്പിന് അധികൃതര്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനും അതുവഴി സമൂഹത്തിലെ നിസ്സഹായര്‍ക്ക് മുന്നില്‍ തുറന്നിട്ട അനാഥശാലകളുടെയും അഗതിമന്ദിരങ്ങളുടെയും വാതിലുകള്‍ കൊട്ടിയടക്കപ്പെടാനും ഇടയാക്കും. കുട്ടികള്‍ കേരളത്തിലെ അനാഥാലയത്തില്‍ പഠിക്കാനെത്തുന്നത് മനുഷ്യക്കടത്തായി ചിത്രീകരിച്ച് ചില ഉദ്യോഗസ്ഥന്മാര്‍ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടാത്തരങ്ങള്‍ക്കും മറയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഒപ്പം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇത്തരം സ്ഥാപനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here