Connect with us

Kerala

സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 22 ഡാമുകള്‍ തുറക്കേണ്ടി വന്നിട്ടുണ്ടെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഡാമുകള്‍ മുഴുവന്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍പ് ഒരിക്കല്‍ പോലും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതിയെത്തിയിരിക്കുകയാണ്. ഡാം തുറക്കുന്നുവെന്ന് കേട്ട് പൊതുജനങ്ങള്‍ കാണാന്‍ വലിയതോതില്‍ എത്തുന്ന സാഹചര്യം മുന്‍പുണ്ടായിട്ടുണ്ടെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമേ അപകട മേഖലകളിലേക്ക് പോകാവൂ. വിനോദ സഞ്ചാരികള്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. കര്‍ക്കടക വാവുബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പോലീസും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് നിലവില്‍ സംസ്ഥാനത്ത് ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ദുരന്തനിവാരണത്തിന് കര,നാവിക, വ്യോമസേനകളുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി ഉടനെത്തും. ഇതിനുപുറമെ ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അടിയന്തരമായി ബെംഗളൂരുവില്‍ നിന്നും വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും. കക്കി ഡാം തുറന്നാല്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. പുതിയ തീയതി ജില്ലാ കലക്ടര്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest