ചലഞ്ച്‌

കിക്കി ചലഞ്ചിനെ തമാശയായി കാണാനാകില്ലെന്നാണ് പോലീസ് പറയുന്നത്. അപകടകരമായ ഇത്തരം ചലഞ്ചുകള്‍ പെട്ടെന്ന് വൈറലാവുന്നതും യുവസമൂഹം ഏറ്റെടുക്കുന്നതും സോഷ്യല്‍ മീഡിയ വഴിയാണ്. കേരളത്തില്‍ വ്യാപകമായിത്തുടങ്ങിയിട്ടില്ലെങ്കിലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
Posted on: August 9, 2018 1:14 pm | Last updated: August 9, 2018 at 1:14 pm
SHARE

സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ് കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിംഗ്‌സ്’ എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കികി ഡാന്‍സ് ചലഞ്ചിന് തുടക്കമിട്ടത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. ഇന്‍ മൈ ഫീലിംഗ്‌സ്, കികി ഡാന്‍ഡ് ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്.

ചലഞ്ച് അപകടകരമായ രീതിയിലേക്ക് ഗതിമാറിയ സംഭവങ്ങള്‍ പതിവായതോടെ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ കികി ചലഞ്ചിന് ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുവാക്കളും ഡാന്‍സ് കളിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇന്ത്യയിലും ചലഞ്ച് വൈറലാവുകയും അപകടങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെയും തുടര്‍ന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി പോലീസാണ് ഒടുവില്‍ രംഗത്തു വന്നത്.

‘നൃത്തം ചെയ്യേണ്ടത് റോഡിലല്ല, ഫ്‌ളോറിലാണ്. റോഡില്‍ ചാടിയിറങ്ങി ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ക്കായി ആശുപത്രിയിലേക്കുള്ള പുതിയ വാതിലുകള്‍ തുറക്കപ്പെടു’മെന്ന് പോലീസ് പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു. ആംബുലന്‍സിന്റെ വാതിലുകള്‍ തുറന്നിട്ടുള്ള ചിത്രം ട്വീറ്റ് ചെയ്താണ് പൊലീസ് യുവതീയുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കിക്കി ചലഞ്ചിനെ തമാശയായി കാണാനാകില്ലെന്നാണ് പോലീസ് പറയുന്നത്. ചലഞ്ചിനെതിരെ കഴിഞ്ഞ ദിവസം മുംബൈ പൊലീസും രംഗത്ത് വന്നിരുന്നു. നടുറോഡിലെ ഡാന്‍സ്, സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെത് കൂടി അപകടപ്പെടുത്തുന്നു. ഇനിയിത് തുടര്‍ന്നാല്‍ ‘ശരിക്കുള്ള സംഗീതത്തെ’ നേരിടാന്‍ തയ്യാറാകൂ എന്നാണ് മുംബൈ പോലീസിന്റെ ട്വീറ്റില്‍ പറയുന്നത്.

അപകടകരമായ ഇത്തരം ചലഞ്ചുകള്‍ പെട്ടെന്ന് വൈറലാവുന്നതും യുവസമൂഹം ഏറ്റെടുക്കുന്നതും സോഷ്യല്‍ മീഡിയ വഴിയാണ്. കുട്ടികളെയും യുവാക്കളെയും കൊലക്കുകൊടുത്ത ബ്ലൂവെയില്‍ ചലഞ്ചിന്റെ കെടുതികള്‍ അടുത്തിടെ അവസാനിച്ചതേയുള്ളൂ. അതിനിടയിലാണ് അപകടകരമായ പുതിയ ചലഞ്ച്. കേരളത്തില്‍ വ്യാപകമായിത്തുടങ്ങിയിട്ടില്ലെങ്കിലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. സാഹസിക പ്രകടനങ്ങള്‍ നടത്താന്‍ അമിതാവേശം കാണിക്കാറുള്ള മക്കളെ കുറച്ചുനാള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാം.

വ്യാജപ്രചാരണങ്ങളെ നേരിടാന്‍ ഭേദഗതി
സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളെ നേരിടാന്‍ ഐ ടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. വ്യാജപ്രചാരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ വിവിധ കമ്പനികള്‍ കോടതികളെ സമീപിക്കുന്നത് പതിവായതോടെയാണ് 2011ലെ ഐ ടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിവിധ കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അടുത്തിടെ വിവിധ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. കുര്‍ക്കുറെ ഫുഡ് പ്രൊഡക്ടുകളില്‍ പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്ന പ്രചാരണത്തിനെതിരെ പെപ്‌സികോ കമ്പനി അടുത്തിടെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതുസംബന്ധമായ മുഴുവന്‍ ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.

സമാന രീതിയില്‍ ഐ ടി സി, പതഞ്ജലി തുടങ്ങിയ നിരവധി കോര്‍പറേറ്റ് കമ്പനികളും പരാതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ശക്തമായ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് എന്തൊക്കെ ഉള്ളടക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുക, ഏതൊക്കെ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതിയില്‍ ഉണ്ടാവുക. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം പൂര്‍ണമായി നിയന്ത്രിക്കുന്ന നടപടികളും വരും. വാട്‌സ് ആപ്പില്‍ ഒരേ സന്ദേശം അഞ്ചിലധികം പേര്‍ക്ക് അയക്കുന്നതിന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

എഴുതരുത്, സാമൂഹിക വിഷയങ്ങള്‍!
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന ചര്‍ച്ചകളും നിയന്ത്രിക്കാനുള്ള മോദി സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമാണ് ഐ ടി നിയമം പരിഷ്‌കരിക്കാനുള്ള നീക്കമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. കോര്‍പറേറ്റ് ഭീമന്മാരെ സംരക്ഷിക്കാനും വെള്ളപൂശാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ സംവാദങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുവരുന്നത്. ഇതു തടയാനുള്ള നീക്കമാണ് നിയമ ഭേദഗതി. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഇത്തരം നയനിലപാടുകളെ വിമര്‍ശിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് ഭേദഗതി. ഇത്തരം ഇടപെടലുകള്‍ ദേശീയ, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമാണ് ഇല്ലാതെയാക്കുക.