വിരുന്നെത്തും നീലവസന്തം

സാധാരണ പൂവുകളില്‍ കാണപ്പെടുന്ന തേനിന്റെ നൂറിരട്ടിയാണത്രെ കുറിഞ്ഞിപ്പൂവിലൂറി വരുന്നത്. അതുകൊണ്ട് തന്നെ കുറിഞ്ഞി പൂത്ത കാലം സകലജീവജാലങ്ങളുടെയും ഉത്സവ കാലം കൂടിയാണ്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇടുക്കി, കോയമ്പത്തൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പശ്ചിമപര്‍വതങ്ങളുടെ ഭാഗമായ ആനമല അഥവാ രാജമലയിലാണ് കുറിഞ്ഞിയുടെ യഥാര്‍ഥ ചെടികളെ കാണാന്‍ കയറിയെത്തേണ്ടത്. ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയാണ് കുറിഞ്ഞിയുടെ പൂക്കാലം. ഒരു ദിവസം 3600 പേര്‍ക്ക് മാത്രമാകും ഇരവികുളം ദേശീയ ഉദ്യാനത്തില്‍ പ്രവേശനമുണ്ടാകുക.
Posted on: August 9, 2018 1:03 pm | Last updated: August 9, 2018 at 1:08 pm
SHARE

മനസ്സിലൊരീറന്‍ മഴയുടെ തണുപ്പലിയിച്ചു കാന്തല്ലൂരും കടവാരിയും കമ്പക്കല്ലും അങ്ങനെ തലയുയര്‍ത്തി കിടപ്പുണ്ട്. കാലത്തിനനുസരിച്ച് ഇവിടുത്തെ കാഴ്ചയും അനുഭവവും മാറില്ലെങ്കിലും ചിലപ്പോഴൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളുടെ ഗരിമ ഒന്നു കൂടും. അപ്പോള്‍ മലമടക്കുകള്‍ ആകാശത്തിന്റെ വെണ്മയും ചുവപ്പും നീലിമയും സമന്വയിക്കുന്ന നിറക്കൂട്ടില്‍ കുണുങ്ങിച്ചിരിക്കുന്നുണ്ടാകും. അത് അനുഭവിച്ചുതന്നെ അറിയണം. വാക്കുകളില്‍ പകുക്കുകയെന്നത് അസാധ്യം. ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പ് പരിസമാപ്തിയിലെത്തുമ്പോഴാണ് മഞ്ഞിന്റെ ഇളം കുളിരില്‍ മലനിരകള്‍ ഇളകിയാടി ചിരിതൂകുക. കാതങ്ങള്‍ക്കകലെ നിന്ന് പോലും 12 വര്‍ഷത്തിലൊരിക്കല്‍ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത് ഇതു കാണാനാണ്. കാഴ്ചക്കാരന്റെ മിഴികളും ഹൃദയങ്ങളും ഒരേ ദിശയിലേക്കെത്തിക്കുന്ന മലനിരകളുടെ ഈ ആനന്ദപ്പുഞ്ചിരി ആസ്വദിക്കാന്‍. നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍ പൂവിറുക്കാന്‍ പുലര്‍വേളകള്‍പോലും കാത്തുനില്‍ക്കുന്നുവെന്ന കവിവാക്യം അപ്പോള്‍ സാര്‍ഥകമാകും. കേരളത്തില്‍ പ്രകൃതി ഒരുക്കുന്ന അത്ഭുത ദൃശ്യങ്ങള്‍ അനവധിയാണെങ്കിലും നീലക്കുറിഞ്ഞിയുടെ സൗന്ദര്യവും സൗരഭ്യവും വേറിട്ടു നില്‍ക്കുന്നവയാണെന്ന് ഒരിക്കലെങ്കിലും ഈ കാട്ടുപൂക്കൂട്ടത്തെ അനുഭവിച്ചറിഞ്ഞ ആരും സമ്മതിക്കും.

കാലാവസ്ഥ താളം തെറ്റിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം സഹ്യന്റെ മടിത്തട്ടില്‍ നീലവസന്തം പെയ്തുനിറയും. കണ്ണും മനസ്സും നിറച്ച് നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ അപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടിത്തുടങ്ങുന്നുണ്ടാകും. മഴ പെയ്തു തോര്‍ന്ന ശേഷം ഉദിക്കുന്ന വെയില്‍ മലനിരകളില്‍ പരന്നൊഴുകിയാലേ ഇക്കുറി നീലക്കുറിഞ്ഞികള്‍ കണ്ണു തുറക്കൂവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കര്‍ക്കിടകത്തിന്റെ കറുപ്പൊന്ന് മാറിക്കിട്ടിയാല്‍, ഒന്നോ രണ്ടോ ആഴ്ചക്കകം തന്നെ മലമടക്കുകളെല്ലാം പൂത്തു നിറയുമെന്ന് വനംവകുപ്പ് മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. മൂന്നാറിലെ വട്ടവടയില്‍ അങ്ങിങ്ങ് പൂക്കള്‍ കണ്‍തുറന്നെങ്കിലും മഴയില്‍ അവ പൊഴിഞ്ഞു പോയി. ഇരവികുളം ദേശീയോദ്യാനത്തിലാണ് ഇപ്പോള്‍ കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ചൊക്രമുടിയുടെ ഭാഗമായ ദേവികുളം ഗ്യാപ്, മാട്ടുപ്പെട്ടി മലനിരകള്‍ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞികള്‍ പൂക്കും. ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ചോലമലനിരകളില്‍ കുറിഞ്ഞി വ്യാപകമായി പൂക്കാറുണ്ടായിരുന്നു. പാരിസ്ഥിതിക മാറ്റത്തിന്റെ ഫലമായി അവ പിന്നീട് ആളൊഴിഞ്ഞ കുന്നിന്‍ മടക്കുകളില്‍ മാത്രം ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷപ്പെട്ടു. മനുഷ്യന്റെ കണ്ണും കൈയുമെത്തിയ നീലഗിരിയില്‍ മിക്കവാറും സ്ഥലത്ത് ഈ ചെടിയുടെ വംശനാശം വന്നുകഴിഞ്ഞിട്ടുണ്ട്.

സ്‌ട്രോബിലാന്തസ് കുന്തിയാന
മഴയും മഞ്ഞും സമാസമമുള്ള കാലാവസ്ഥയില്‍ പൂക്കുന്ന നീലക്കുറിഞ്ഞി, മൂവായിരം ഹെക്ടറോളം വിസ്തൃതിയില്‍ വളരുന്ന മറ്റൊരു പ്രദേശം ലോകത്ത് തന്നെ അപൂര്‍വമാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയധികം വിസ്തൃതിയുള്ള കുറിഞ്ഞി മലനിരകളില്ല. കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും സന്തുലനത്തിന് മൂന്നാര്‍ മലനിരകള്‍ എത്രത്തോളം അനിവാര്യമാണോ അത്രതന്നെയുണ്ട് നീലക്കുറിഞ്ഞി മലനിരകള്‍ക്കും കുറിഞ്ഞിച്ചെടികള്‍ക്കും. ഇതര സസ്യജാലങ്ങളുടെ നിലനില്‍പ്പിന് പോലും കുറിഞ്ഞിച്ചെടികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ശാസ്ത്ര ജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂര്‍വ ദൃശ്യം ആസ്വദിക്കാന്‍ എത്തിച്ചേരാറുള്ളത്.

ചുവപ്പ് കലര്‍ന്ന നീലപ്പൂക്കളാണ് സ്‌ട്രോബിലാന്തസ് കുന്തിയാന എന്നറിയപ്പെടുന്ന ഈ കുറിഞ്ഞിച്ചെടികള്‍ക്കുള്ളത്. പൂത്ത് പത്ത് മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുക. നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ചെടിക്ക് നീലക്കുറിഞ്ഞി എന്ന പേരുണ്ടായത്. നാല്‍പ്പതിലധികം വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്നാണ് സസ്യശാസ്ത്രജ്ഞരുടെ അഭിപ്രായം. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ 46 ഇനം സ്‌ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളില്‍ വളരുന്നുണ്ടത്രെ. 12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838ലാണ് കണ്ടുപിടിച്ചത്. ജര്‍മന്‍ സംഘാംഗമായിരുന്ന കുന്തിന്റെ പേരില്‍ നിന്നാണ് കുന്തിയാന എന്ന പേര് വന്നത്. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന് നിശ്ചയിച്ചത്. കുറിഞ്ഞി പൂത്താല്‍ അടുത്ത ഏതാനും മാസങ്ങള്‍ പൂക്കള്‍ അങ്ങനെത്തന്നെ തലയുയര്‍ത്തി നില്‍ക്കും. പുഷ്പസ്‌നേഹികള്‍ മാത്രമല്ല, ലോകമെങ്ങും നിന്നുള്ള സസ്യ, പരിസ്ഥിതി ശാസ്ത്രജ്ഞരും അസുലഭമായ കാഴ്ച ആസ്വദിക്കാനും പഠിക്കാനുമെല്ലാം ഈ നാലുമാസക്കാലയളവില്‍ എത്തിച്ചേരും. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തിലും വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും അഞ്ച് മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം. 50 ഇനം പുല്ലുകള്‍, 51 ഇനം വൃക്ഷങ്ങള്‍, 119 ഇനം ഔഷധസസ്യങ്ങള്‍, 14 ഇനം പക്ഷികള്‍, പത്തിനം സസ്തനികള്‍, നൂറിലധികം ഇനത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം കുറിഞ്ഞി പൂത്ത മലകളുടെ ജന്തു ജൈവവൈവിധ്യത്തിന് മാറ്റുകൂട്ടുന്നുണ്ട്. കുറിഞ്ഞി പൂത്താല്‍ മലനിരകളില്‍ ഷഡ്പദങ്ങളും തേനീച്ചകളും തീര്‍ക്കുന്ന ഉത്സവമേളം കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്. സാധാരണ പൂവുകളില്‍ കാണപ്പെടുന്ന തേനിന്റെ നൂറിരട്ടിയാണത്രെ കുറിഞ്ഞിപ്പൂവിലൂറി വരുന്നത്. അതുകൊണ്ട് തന്നെ കുറിഞ്ഞി പൂത്ത കാലം സകലജീവജാലങ്ങളുടെയും ഉത്സവം കൂടിയാണ്. പെരുന്തേനീച്ചകളും ഇറ്റാലിയന്‍ തേനീച്ചകളുമൊക്കെ കുറിഞ്ഞി സങ്കേതത്തിന്റെ ചുറ്റുപാടുള്ള 20 കി. മീറ്റര്‍ ദൂരത്തില്‍ പറന്ന് തേന്‍ ശേഖരിക്കുന്നവയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാടും മലയും കടന്ന്…
കാടും മലയും മഞ്ഞും തണുപ്പും നല്‍കുന്ന വിസ്മയ സൗന്ദര്യത്തിന്റെ ദൃശ്യ സാഫല്യമാണ് ഇടുക്കി. അവിടെ നിന്ന് കൊടുംകാടിന്റെ പൊരുളറിഞ്ഞ്, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താണ്ടി അപൂര്‍വ ഔഷധസസ്യങ്ങളുടെ ലോകത്തിലൂടെ ഒരു യാത്രയാകും കുറിഞ്ഞിയെത്തേടിയുള്ള മലനിരകളിലൂടെയുള്ള സഞ്ചാരം. ഇതില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇടുക്കി, കോയമ്പത്തൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പശ്ചിമപര്‍വതങ്ങളുടെ ഭാഗമായ ആനമല അഥവാ രാജമലയിലാണ് കുറിഞ്ഞിയുടെ യഥാര്‍ഥ ചെടികളെ കാണാന്‍ കയറിയെത്തേണ്ടത്. പാറക്കെട്ടുകള്‍ക്കിടയില്‍ കറുത്ത് കുഴഞ്ഞ മണ്ണില്‍ വേരൂന്നി അങ്ങനെ വളര്‍ന്നുയര്‍ന്ന് തലയാട്ടി നില്‍ക്കുന്ന ഇവിടുത്തെ കുറിഞ്ഞിച്ചെടികളുടെ സൗന്ദര്യം വര്‍ണനാതീതമാണ്. മൂന്നാര്‍ ടൗണില്‍ നിന്ന് ചിന്നാര്‍ റൂട്ടില്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം ആനമലയുടെ ചുവട്ടിലെത്താന്‍. ആനമലയുള്‍പ്പടെ കുറിഞ്ഞി വളരുന്ന 32 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 2006ല്‍ നീലക്കുറിഞ്ഞി ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരുന്നു. ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദേശീയോദ്യാനം. നീലക്കുറിഞ്ഞിച്ചെടികളും പൂക്കളും പറിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. നീലക്കുറിഞ്ഞി പൂക്കളുടെ മാത്രം ഉദ്യാനമല്ല, അവിടം ആനകളും വരയാടും കാട്ടുപോത്തും മാനുകളുമൊക്കെ അധിവസിക്കുന്ന ജൈവ വൈവിധ്യത്തിന്റെ സമ്മിശ്ര മേഖല കൂടിയാണ്. 2006ലാണ് അവസാനമായി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ ആളുകളാണ് അന്ന് സന്ദര്‍ശകരായി എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വീണ്ടും കുറിഞ്ഞിയുടെ പൂക്കാലം വരും. സ്വാഭാവികമായും അഭൂതപൂര്‍വമായ ജനപ്രവാഹവും പ്രദേശത്തേക്കുണ്ടാവും. നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ എത്തുന്നവര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ സര്‍ക്കാറും വനം വകുപ്പും ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നീലക്കുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇക്കുറി വനംവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം 3600 പേര്‍ക്ക് മാത്രമാകും ഇരവികുളം ദേശീയ ഉദ്യാനത്തില്‍ പ്രവേശനമുണ്ടാകുക. നാറ്റ് പാക് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ തവണ നീലക്കുറിഞ്ഞി കാണാനായി കണക്കും കൈയുമില്ലാതെയാണ് സന്ദര്‍ശകര്‍ ഉദ്യാനത്തില്‍ കയറിയത്. ഇത് മൂന്നാറിന്റെ ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.

കുറിഞ്ഞിയും വിശ്വാസങ്ങളും
കുറിഞ്ഞിപ്പൂക്കളോടൊപ്പം മലമടക്കുകളിലെ ജനങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളും പൂത്തുലയും. തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരത്തുള്ള കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രത്തില്‍ നീലക്കുറിഞ്ഞി മുരുകന് കാഴ്ചയായി അര്‍പ്പിക്കും. കേരളത്തില്‍ നിന്നടക്കമുള്ളവര്‍ ഇവിടെ പ്രാര്‍ഥനക്കായെത്താറുണ്ട്. കുറിഞ്ഞി ഈശ്വരന്‍ എന്ന പേരിലാണ് മുരുകന്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അറിയപ്പെടുന്നത്. വട്ടവടയിലെ ഒരു വിഭാഗവും കുറിഞ്ഞിയെ വിശുദ്ധ പുഷ്പമായി കണക്കാക്കുന്നുണ്ട്. കൃഷിയുടെ ദൈവമായ മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയതോടെ ഗ്രാമത്തലവന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജ നടത്തിയിരുന്നു. നീലക്കുറിഞ്ഞി പൂത്താല്‍ മലനിരകളില്‍ നടക്കുന്നതിന് ഇവിടത്തുകാര്‍ ചെരുപ്പുപയോഗിക്കുക പോലുമില്ല. ഇലയും പൂക്കളുമൊന്നും കടിയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ല. ഇത്തവണ ആദ്യമായി കുറിഞ്ഞി പൂത്ത കോവിലൂര്‍ കുറ്റത്തിമലയ്ക്ക് കാവലായി ഇതിനകം ആറ് പേരെ നാട്ടുകാര്‍ നിയോഗിച്ചിട്ടുണ്ട്. കുറിഞ്ഞി നശിച്ചാല്‍ പ്രദേശത്തെ കൃഷികളും മറ്റും നശിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. അതേസമയം, നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്ന് വിശ്വസിക്കുന്ന ചില ആദിവാസി വിഭാഗങ്ങളുമുണ്ട്. തോടരെന്ന ആദിവാസി വര്‍ഗം പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണത്രെ.

സങ്കീര്‍ണവും സവിശേഷതകള്‍ നിറഞ്ഞതുമായ ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്ന ഇടുക്കിയിലെ കാലാവസ്ഥക്ക് ക്ലാവ് പിടിക്കുന്നുണ്ടെന്നത് ആര്‍ക്കുമറിയാവുന്നതാണ്. ടൂറിസം വികസനത്തിന്റെ പേരിലുള്ള അതിവേഗ നഗരവത്കരണമാണ് ഇടുക്കിയുടെ സൗന്ദര്യം കെടുത്തുന്നത്.് പ്രകൃതിയുടെ വിസ്മയങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന, സസ്യജാലങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ അനുഭവിക്കാനെത്തുന്ന ഈ മലനാടിനെ അറിയാനെത്തുന്നവരെയെല്ലാം ദ്രുതഗതിയിലുള്ള വികസനം വഴിമുടക്കുകയാണ്. കൈയേറ്റവും ടൂറിസം വികസനത്തിന്റെ അപാര സാധ്യതകള്‍ ചൂഷണം ചെയ്യുന്ന റിസോര്‍ട്ട് ലോബികളുടെ സാന്നിധ്യം കൂടിയതുമെല്ലാം ഈ മലമടക്കുകളെ ക്രമേണ ഇല്ലാതാക്കുകയാണെന്നതില്‍ തര്‍ക്കമില്ല. നേരത്തെ കുറിഞ്ഞി പൂത്തിരുന്ന പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയിലാണ് പൂക്കള്‍ മിഴിതുറക്കുന്നത്. ഇനിയെത്രകാലം കുറിഞ്ഞി ഇങ്ങനെ കാണുമെന്ന കാര്യത്തിലും സംശയമുണ്ട്. എന്തിരുന്നാലും കാടു കണ്ട് കുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും സൗരഭ്യവും നുകര്‍ന്ന് മലയിറങ്ങുമ്പോള്‍ കാഴ്ചക്കാരന്റെയുള്ളില്‍ പച്ചപ്പിന്റെ ഒരു കാട് തണുപ്പായി വളര്‍ന്നു പിണഞ്ഞ് കിടപ്പുണ്ടാകും. അവിടെ അപ്പോള്‍ നീലക്കുറിഞ്ഞി ചെറു കാറ്റില്‍ തലയാട്ടി നില്‍ക്കും.
.

LEAVE A REPLY

Please enter your comment!
Please enter your name here