നീരൊഴുക്ക് വർധിക്കുന്നു; ഇടുക്കിയിൽ റെഡ് അലർട്ട്, ട്രയൽ റൺ തുടരും

Posted on: August 9, 2018 12:44 pm | Last updated: August 10, 2018 at 9:25 pm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ അണക്കെട്ടില്‍ ട്രയല്‍ റണ്‍ ആരംഭിച്ചിരുന്നു. വൈകീട്ട് നാലര വരെ ട്രയല്‍ തുടരാനാണ് തീരുമാനിച്ചതെങ്കിലും നീരൊഴുക്ക് കൂടിയതോടെ ഇത് രാത്രിയും തുടരും.

ജലനിരപ്പ് 2399.04 അടിയില്‍ എത്തിയപ്പോഴാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടര്‍ 50 സെ.മീ ഉയര്‍ത്തി ജലം പുറത്തുവിടുകയായിരുന്നു. സെക്കന്‍ഡില്‍ അന്‍പത് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1992ല്‍ ആണ് അവസാനമായി തുറന്നത്. അണക്കെട്ട് തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി എംഎം മണി അറിയിച്ചു.

പെരിയാര്‍ അണക്കെട്ടിന്റെ താഴെയുള്ളവരും ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.