മാവൂരില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Posted on: August 9, 2018 10:10 am | Last updated: August 9, 2018 at 10:10 am
SHARE
കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ മാവൂര്‍ ആയംകുളത്തെ പമ്പിംഗ് സ്‌റ്റേഷന്‍

മാവൂര്‍: മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലേക്കുള്ള വാഹന ഗതാഗതവും ഭാഗികമായി നിലച്ചു. ചേന്ദമംഗലൂര്‍ പുല്‍പ്പറമ്പ് അങ്ങാടിയും മാവൂര്‍ ആയംകുളം പ്രദേശവും വെള്ളം കയറിയതിനാല്‍ ഒറ്റപ്പെട്ട നിലയിലാണ്.

മാവൂര്‍ കല്‍പ്പള്ളി-മാട്ടാനത്തുതാഴം റോഡ്, തെങ്ങിലക്കടവ്-ചേറാടി റോഡ്, ആയംകുളം-പള്ളിക്കോത്ത് റോഡ്, പാലങ്ങാട്-തീര്‍ഥക്കുന്ന് റോഡ്, മാവൂര്‍-പൈപ്പ്‌ലൈന്‍ റോഡ്, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡ്, കണ്ണിപ്പറമ്പ്-ആമ്പിലേരി റോഡ്, ചേന്ദമംഗലൂര്‍-പുല്‍പ്പറമ്പ് റോഡ്, പാഴൂര്‍-ചിറ്റാരിപിലാക്കല്‍ റോഡ്, പൈപ്പ്‌ലൈന്‍-പുത്തന്‍കുളം റോഡ്, പൈപ്പ്‌ലൈന്‍-കച്ചേരിക്കുന്ന് ലക്ഷംവീട് കോളനി റോഡ്, ചേന്ദമംഗലൂര്‍-പൊറ്റശ്ശേരി റോഡ് എന്നിവയെല്ലാം വെള്ളത്തിനടിയിലായതിനാല്‍ ഈ പ്രദേശങ്ങളിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്.
ചാലിയാറിലെ കുത്തൊഴുക്കിനെ തുടര്‍ന്ന് കവണകല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നിട്ടതിനാല്‍ തീരദേശങ്ങളിലുള്ളവരോട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചേരിക്കുന്ന് പുലിയപ്പുറംതടം ഭാഗത്തുള്ള വീടുകളില്‍ വെള്ളം കയറിയതിനാല്‍ കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റിക്കടവ്, കണ്ണിപ്പറമ്പ്, മുഴാപാലം, സാകേതം, ഊര്‍ക്കടവ്, ആയാംകുളം വാലുമ്മല്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇരുവഴിഞ്ഞി കരകവിഞ്ഞു വെള്ളം കയറിയ പുല്‍പ്പറമ്പ് അങ്ങാടിയിലെ കടകള്‍ അടച്ചിടുകയും പരിസരത്തെ വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here