Connect with us

Sports

ഗംഭീരം ഈ യുവ നിര

Published

|

Last Updated

കോച്ച് ബിബിയാനോ

അമ്മാന്‍ (ജോര്‍ദാന്‍): ഇന്ത്യയുടെ യുവ ഫുട്‌ബോള്‍ നിരയെ കൊണ്ട് ഒരു രക്ഷയുമില്ല ! തകര്‍ക്കുകയാണവര്‍. അണ്ടര്‍ 20 ടീം സാക്ഷാല്‍ അര്‍ജന്റീനയെ മലര്‍ത്തിയടിച്ചതിന്റെ ആവേശം അടങ്ങും മുമ്പ് അണ്ടര്‍ 16 ടീം ഗംഭീര ജയങ്ങളുമായി അത്ഭുതപ്പെടുത്തുകയാണ്. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ വീഴ്ത്തിയ ഇന്ത്യന്‍ മധുരപ്പതിനാറുകാര്‍ യെമനെയും പരാജയപ്പെടുത്തിയിരിക്കുന്നു. ജോര്‍ദാനില്‍ നടക്കുന്ന വാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യെമനെ തുരത്തിയത്.

അഞ്ചു രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഹര്‍പ്രീത് സിങ് (37ാം മിനിറ്റ്), റിഡ്‌ഗെ ഡെമെല്ലോ (47), രോഹിത് ദാനു (48) എന്നിവരാണ് ഇന്ത്യക്കു വേണ്ടി വല കുലുക്കിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.
മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

നാലു കളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. മൂന്നു കളികളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ജപ്പാനെതിരേയായിരുന്നു ഏക തോല്‍വി. ജോര്‍ദാനെ 4-0ന് തകര്‍ത്ത് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ഇറാഖിനെ 1-0നു വീഴ്ത്തി. ജപ്പാനോട് ഇന്ത്യ 1-2നു പൊരുതിത്തോറ്റു.

ഇറാഖിനെ വീഴ്ത്തിയില്ലേ, അതാണ് ജയം

വാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് തന്റെ കുട്ടികളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഗോളിന് പിറകില്‍ നിന്ന് തിരിച്ചു കയറാനും ജയിക്കാനും തോല്‍വി ഒഴിവാക്കാനും എല്ലാം അവര്‍ പഠിച്ചു. ഓരോ താരവും അവരുടെ കഴിവില്‍ വിശ്വസിക്കുന്നു. തുടരെ നാല് മത്സരങ്ങളില്‍ നിന്ന് ലഭിച്ചതാണിത് – ഇന്ത്യയുടെ അണ്ടര്‍ 16 കോച്ച് ബിബിയാനോ ഫെര്‍നാണ്ടസ് പറഞ്ഞു.

വാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുകളാണ് ഇന്ത്യസ്വന്തമാക്കിയത്.
മുമ്പ് അവസാന മിനുട്ടുകളില്‍ ഗോള്‍ വഴങ്ങുന്ന ശീലമുണ്ടായിരുന്നു. ചൈന, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ കളിച്ചപ്പോള്‍. എന്നാല്‍, ജോര്‍ദാനിലെ പര്യടനത്തില്‍ അവസാന മിനുട്ടുകളില്‍ വിജയഗോള്‍ നേടുന്ന ടീമായി ഇന്ത്യ മാറി – ബിബിയാനോ സന്തോഷം പ്രകടിപ്പിച്ചു.
നാല് മത്സരങ്ങളില്‍ ആകെ രണ്ട് ഗോളുകളാണ് ടീം വഴങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ്. ഇതൊക്കെയാണെങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട് എന്റെ ടീം – ബിബിയാനോ പറഞ്ഞു.

ഇറാഖിനെതിരെ നേടിയ വിജയമാണ് എനിക്ക് ഏറെ മധുരതരം. തൊണ്ണൂറ്റിമൂന്നാം മിനുട്ടിലായിരുന്നു വിജയഗോള്‍ എന്നത് തന്നെ കാരണം. കുട്ടികള്‍ അത്രമാത്രം വാശിയോടെയാണ് ഇറാഖിനെ നേരിട്ടത്. വിജയം പിടിച്ചെടുക്കാന്‍ അവസാന മിനുട്ടുകളില്‍ അവര്‍ ഗംഭീര കളിയാണ് കാഴ്ചവെച്ചത്. അതിശയിപ്പിച്ചു കളഞ്ഞു – ബിബിയാനോയുടെ വാക്കുകളില്‍ ടീം അംഗങ്ങളോടുള്ള ആദരവും വാത്സല്യവും നിറയുന്നു.

---- facebook comment plugin here -----

Latest