പേമാരിക്കെടുതി; മരിച്ചവരുടെ എണ്ണം 22 ആയി

Posted on: August 9, 2018 9:13 am | Last updated: August 10, 2018 at 11:41 am

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശം. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലും പെട്ട് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലയിടങ്ങളിലും ഗതാഗതം സതംഭിച്ചു.

എറണാകുളം പരുമ്പാവൂരിന് സമീപം മണ്ണൂര്‍ ഐരാപുരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഗോപീകൃഷ്ണന്‍ (17), അലന്‍ തോമസ് (18) എന്നിവരാണ് മരിച്ചത്. കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികളാണിവര്‍.
മീന്‍ പിടിക്കാന്‍ ഇരുവരും തോട്ടില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കു ശക്തമാകുകയും കാണാതാകുകയുമായിരുന്നു. കരയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി നല്‍കിയ വിവരത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇടുക്കി അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഹസ്സന്‍ കോയയുടെ ഭാര്യ ഫാത്വിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്വിമ, നിയ ഫാത്വിമ എന്നിവരാണ് മരിച്ചത്. ഹസ്സന്‍ കോയയും ഭാര്യ ഫാത്വിമയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഉറങ്ങിക്കിടന്ന ഇവര്‍ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.

ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് ആറ് പേര്‍ മരിച്ചു. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഇവര്‍ ഒലിച്ചുപോകുകയായിരുന്നു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട് മട്ടിമല, പൂവാറും തോട്്, മുട്ടത്തുംപുഴ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍ കുണ്ട്, ചെമ്പുകടവ് എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടി. ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്.

കോഴിക്കോട് താമരശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുറ്റിയാടി ചുരം ഇടിഞ്ഞതിനാല്‍ അതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ ആറളം വനം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. ബാവലി, ചീങ്കണ്ണി, കാഞ്ഞിപ്പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആറളം മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളം പൊങ്ങിയതിനാല്‍ വിയറ്റ്‌നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി.

വയനാട് ജില്ലയിലും മഴ കനത്ത നാശം വിതച്ചു. ഇവിടെഎട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വയനാട് കളക്ടറേറ്റിലും മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.
വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ കൂടെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്. ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്ന് സംഘങ്ങളെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു ബറ്റാലിയന്‍ കൂടി കോഴിക്കോട് ,വയനാട് ജില്ലകളില്‍ എത്തും.