Connect with us

Articles

വയല്‍ക്കളികള്‍

Published

|

Last Updated

കിളിയെ കുറിച്ചുള്ള നിരവധി ഓര്‍മകളുണ്ടാകും നിങ്ങളുടെ മനസ്സില്‍. കിളിയെ പിടിക്കുക, കൂട്ടിലിട്ട് വളര്‍ത്തുക, അതൊരു കളിയായിരുന്നു കുട്ടിക്കാലത്ത്. മരപ്പൊത്തുകളില്‍ കൂടുകൂട്ടിയ തത്തകളോടാണ് പ്രിയം. ചിറകുമുളച്ചുവരുമ്പോഴാണ് അറിയുക, ഇത് പഞ്ചവര്‍ണക്കിളിയാണ്. കുറച്ചു കഴിയുമ്പോള്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങും. പാലും പഴവും കൊടുക്കും. എന്നാലും ഓര്‍ത്തുപോകും, വള്ളത്തോളിന്റെ വരികള്‍, ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും…

എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ് മറ്റൊരോര്‍മ. ശ്രീരാമ നാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ എന്നാണ് കവി പറയുന്നത്. രാമായണം കിളിയെക്കൊണ്ട് പാടിച്ചു എന്നാണ് ഐതിഹ്യം. കര്‍ക്കിടകത്തില്‍ ശീലുകളായി കിളിപ്പാട്ട്…
ബസ്സിലാണ് കിളിയുള്ളത്. ക്ലീനറെ മലയാളി കിളിയാക്കി. ശബ്ദം കിളിയുടേതല്ലെന്ന് മാത്രം. അയാളുടെ പരുപരുത്ത ശബ്ദം പിന്നിലെ വാതിലില്‍ നിന്ന് മുഴങ്ങി. ചിലപ്പോള്‍ മുമ്പിലെ വാതിലിലും കിളി കൂടുവെച്ചു. അത് പൈങ്കിളിയാണെന്ന് യാത്രക്കാര്‍. പിന്നെപ്പിന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലും കിളി കയറിക്കൂടി. ബെല്ലടിക്കൊപ്പം വിദ്യാര്‍ഥികളുമായി അഭിമുഖം നടത്തല്‍ കൂടിയായി ജോലി. ഒരുകിളി, ഇരുകിളി, മുക്കിളി, നാക്കിളി ഓലത്തൂമ്പത്താടാന്‍ വാ എന്നു തുടങ്ങുന്ന ഗാനം കേട്ടത് ബസ്സില്‍ നിന്നു തന്നെ. ഇതോടൊപ്പം കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ മാധുര്യവും…

അപ്പുക്കിളിയെ പരിചയപ്പെട്ടത് പിന്നെയും കുറെ കഴിഞ്ഞാണ്. ഖസാക്കിന്റെ ഇതിഹാസത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ഈ കിളി. രവിയുടെ എഴുത്തുപള്ളിക്കൂടത്തില്‍ ആദ്യമായി അപ്പുക്കിളിയെയും കൂട്ടി വരുമ്പോള്‍ മാധവന്‍ നായര്‍ പറയുന്നുണ്ട്, ഡാ പിള്ളരേ, തൊള്ളയിടാണ്ടിരിയ്ക്കിന്‍! എന്റെ കിളി വേശാറാക്ണൂ…
ഇപ്പോള്‍ വയല്‍ക്കിളികളുടെ കാലം. പഴയതുപോലെ വയലും പഴയതുപോലെ കിളിയും ഇല്ലെങ്കിലും…തളിപ്പറമ്പില്‍ ദേശീയപാത കടന്നുപോകുക വയലിലൂടെയാണ്. അതറിഞ്ഞപ്പോഴാണ് കിളികള്‍ ഒത്തുകൂടിയത്. പരിസ്ഥിതി പ്രശ്‌നം. ബാക്കിയായ കൃഷിയിടവും നഷ്ടപ്പെടുമെന്നാണ് ആശങ്ക. വയല്‍ വഴി പാത പോയാല്‍ കുറച്ചേ നഷ്ടമുള്ളൂ എന്നും പറയുന്നു. വികസനം വേണ്ടേ എന്നും.

തര്‍ക്കം തുടരുന്നതിനിടയിലാണ് കേന്ദ്രം ഇടപെട്ടത്. വയല്‍ക്കിളികളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ചര്‍ച്ചയാണ്. സംസ്ഥാന സര്‍ക്കാറിന് ക്ഷണമില്ല. ഇത് കളിയാണെന്ന് സംസ്ഥാനനേതാക്കള്‍. കേന്ദ്രമന്ത്രി പാരയുമായി നടക്കുന്നുവെന്നും…ദേശീയ പാത വികസിച്ചാലും ഇല്ലെങ്കിലും നമ്മുടെ പാര്‍ട്ടി വികസിക്കുമോ എന്നാണ് നോട്ടം. കീഴാറ്റൂരില്‍ നിന്ന് നാല് വോട്ടു കിട്ടിയാല്‍ അതാണു കാര്യം. നാട്ടുകാര്‍ ഈ കളി കുറെ കാലമായി കാണുന്നു. വികസനം, എതിര്‍പ്പ്. ഒടുവില്‍ അതവിടെ കിടക്കും. കുറച്ചു കഴിഞ്ഞാല്‍ വീണ്ടും…കളിയാണിതൊക്കെ.
കാര്യം നേടാനുള്ള കളികള്‍! വയല്‍ക്കളികള്‍!