തീരദേശ സേനകളെ കാര്യക്ഷമമാക്കണം

Posted on: August 9, 2018 8:45 am | Last updated: August 8, 2018 at 10:46 pm
SHARE

മത്സ്യബന്ധന ബോട്ടുകളില്‍ കപ്പല്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കേരള തീരത്ത് വര്‍ധിച്ചുവരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചി മുനമ്പത്തുണ്ടായതുള്‍പ്പെടെ സംസ്ഥാന തീരത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഏഴ് അപകടങ്ങളുണ്ടായി. ആറ് വര്‍ഷ ത്തിനിടെ കപ്പല്‍ വരുത്തിയ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം13 വരും. മുനമ്പത്തെ അപകടത്തില്‍ കന്യാകുമാരി മുള്ളൂര്‍ തുറൈ സ്വദേശി സഹായ് രാജ്, രാമന്‍തുറൈ സ്വദേശി യഅ്കൂബ്, കുളച്ചല്‍ സ്വദേശി യുഗനാഥന്‍ എന്നിവര്‍ മരണപ്പെട്ടു. ഒരു മലയാളിയടക്കം കാണാതായ ഒമ്പത് പേരെക്കുറിച്ച് വിവരമില്ല. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പറേഷന്റെ എം വി ദേശശക്തി എണ്ണക്കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കപ്പല്‍ അതിവേഗം സ്ഥലം വിടുകയായിരുന്നുവത്രെ. എന്നാല്‍ അപകടം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് കപ്പല്‍ ക്യാപ്റ്റന്റെ പ്രതികരണം. 2004 ആഗസ്റ്റില്‍ കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ ‘ദോഗവ’ എന്ന കപ്പല്‍ ഇടിച്ച് കൊല്ലം നീണ്ടകരയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിലെ ഏഴ് തൊഴിലാളികള്‍ മരിച്ചിരുന്നു.

അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നൂറുകണക്കിന് കപ്പലുകളാണ് കേരളതീരത്തിനു സമീപമുള്ള കപ്പല്‍ച്ചാലിലൂടെ പ്രതിദിനം കടന്നുപോകുന്നത്. മുവ്വായിരത്തോളം ബോട്ടുകളും തോണികളും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്നു. ഏതെങ്കിലും കപ്പല്‍ ഗതിമാറി സഞ്ചരിക്കുമ്പോഴാണ് മിക്കപ്പോഴും ബോട്ടിനിടിച്ച് അപകടമുണ്ടാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെ മീന്‍പിടിക്കാന്‍ അവകാശമുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് തീരദേശ പോലീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും ചുമതലയാണ്. 14 സ്റ്റേഷനുകളിലായി 450 തീരദേശ പോലീസുകാരും 24 ബോട്ടുകളും ഉണ്ടായിട്ടും കടലിലെ രക്ഷാപ്രവര്‍ത്തനം പലപ്പോഴും അവതാളത്തിലാണ്. ചില അപകടങ്ങളില്‍ ഇടിച്ച കപ്പലേതെന്നു തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇത്തരം കേസുകളില്‍ യഥാസമയം നടപടികളുണ്ടാകാറുമില്ല.

2012 ഫെബ്രുവരിയില്‍ എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശിയായ ജലസ്റ്റിനും തിരുവനന്തപുരം സ്വദേശി അജീഷ് പിങ്കിയും മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ആറ് വര്‍ഷത്തിന് ശേഷവും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മാസി മിലിയാനോ ലത്തോറൈ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ ജന്മനാട്ടിലേക്കു മടങ്ങി സുഖമായി കഴിയുന്നു. കപ്പലും കോടതി വിധിയിലൂടെ വിട്ടുകൊടുത്തു. രാജ്യാന്തര ട്രൈബ്യൂണലിന്റെ പരിഗണനയിലാണിപ്പോള്‍ കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാറില്‍ നിന്ന് ഒരോ കോടി രൂപ ലഭിച്ചത് മാത്രമാണ് അല്‍പം ആശ്വാസം.

അപകടങ്ങള്‍ വരുത്തിവെക്കുന്നത് ഏറെക്കുറെയും വിദേശ കപ്പലുകളാണ്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ കപ്പല്‍ച്ചാലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ സഞ്ചാരപഥവും യാത്രാവിവരങ്ങളും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ അറിയിക്കണമെന്നും 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനകത്ത് പ്രവേശിക്കുമ്പോള്‍ കോസ്റ്റ് ഗോര്‍ഡ് അറിഞ്ഞിരിക്കണമെന്നും ചട്ടമുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല. മൂന്നാഴ്ച മുമ്പ് ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും അറിയാതെയാണ് ഒരു വിദേശ കപ്പല്‍ ആലപ്പുഴ തീരത്തെത്തിയത്. കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച വിവരം കോസ്റ്റ് ഗാര്‍ഡ് അറിഞ്ഞത് തീരദേശ പോലീസ് അറിയിച്ച ശേഷം മാത്രമായിരുന്നു. കപ്പലിലെ രണ്ട് ജീവനക്കാരില്‍ നിന്ന്, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത സാറ്റ്‌ലൈറ്റ് ഫോണ്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സമുദ്രാതിര്‍ത്തിയില്‍ 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ നിയോഗിച്ച കോസ്റ്റ്ഗാര്‍ഡ് അറിയാതെ കപ്പല്‍ തീരത്തെത്തിയത് ഗുരുതരമായ വീഴ്ചയായി ആരോപിക്കപ്പെട്ടിരുന്നു. നേരത്തെയും ആലപ്പുഴ തീരത്ത് വിദേശ കപ്പലുകള്‍ എത്തുകയും ഇന്ധനം നിറക്കുകയും ചെയ്തത് വന്‍വിവാദമായതാണ്.

കടലില്‍ പോകുന്ന മത്സ്യബന്ധന ത്തൊഴിലാളികളുടെയും ബോട്ടുകളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ തീരദേശ സേന പരാജയമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് മുനമ്പത്തെ അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവിടെ കപ്പലിടിച്ചു ബോട്ട് നെടുകെ പിളര്‍ന്നത്. പുറം ലോകം സംഭവം അറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷവും. അതുവഴി കടന്നുപോയ മറ്റൊരു ബോട്ട് കടലില്‍ ഡീസല്‍ പടര്‍ന്ന് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോട്ട് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ ബോട്ടിലുള്ളവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് തദ്ദേശീയരായ മീന്‍ പിടിത്തക്കാരാണ്. തീരദേശ പോലീസ് രംഗത്തെത്തുന്നത് പിന്നീടാണ്. അതേസമയം, സംവിധാനങ്ങളുടെ അപര്യാപ്തതയാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ കാലതാമസത്തിന് കാരണമെന്നാണ് തീരദേശ പോലീസ് പറയുന്നത്. സ്വന്തമായി കപ്പലും ഹെലിക്കോപ്റ്ററും ഉണ്ടെങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാവുകയുള്ളൂ. കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാറിന് ഇതു സംബന്ധിച്ചു ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അവര്‍ പരാതിപ്പെടുന്നു. കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് കണക്കിലെടുത്തും തീരദേശ സേനകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സുസജ്ജമാക്കുകയും ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here