കത്വ കൂട്ടബലാത്സംഗം; മുഖ്യ സാക്ഷി കസ്റ്റഡി പീഡനത്തിനിരയായ സംഭവം: സുപ്രീം കോടതി വിശദീകരണം തേടി

Posted on: August 8, 2018 11:49 pm | Last updated: August 8, 2018 at 11:49 pm
SHARE

ന്യൂഡല്‍ഹി: കത്വ കൂട്ടബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയും പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത താലിബ് ഹുസൈന്‍ പോലീസ് കസ്റ്റഡിയില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാറില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടി.
ലൈംഗിക പീഡനം, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഈ മാസം രണ്ടിന് പോലീസ് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍, കസ്റ്റഡിയില്‍ വെച്ച് പോലീസ് ക്രൂരമായി പീഡിപ്പിച്ച് തലയോട്ടി തകര്‍ത്തുവെന്ന് കാട്ടി താലിബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താലിബ് ഹുസൈന് വേണ്ടി ബന്ധുവാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഇന്നലെ ഹരജി പരിഗണിച്ചത്. സംഭവത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന ആഭിഭാഷകയായ ഇന്ദിരാ ജെയ്സിങ്ങ്, സുനില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് താലിബിന്റെ ബന്ധുവായ ഹരജിക്കാരനുവേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നിയമപരമായി പോലീസ് കസ്റ്റഡിയിലുള്ള കേസില്‍ എങ്ങനെയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കാനാകുക എന്നാണ് ഇന്നലെ ഹരജി പരിഗണിച്ച ബെഞ്ച്, ഇന്ദിരാ ജയ്‌സിങ്ങിനോട് ആരാഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here