സൗഹൃദത്തില്‍ അധിഷ്ഠിതമായ വിശ്വാസമാണ് ഇന്ത്യയുടെ മാതൃക: ഉമ്മന്‍ ചാണ്ടി

Posted on: August 8, 2018 11:41 pm | Last updated: August 8, 2018 at 11:41 pm
SHARE

കൊച്ചി: വിവിധ മതങ്ങള്‍ തമ്മില്‍ സൗഹൃദത്തില്‍ അധിഷ്ഠിതമായ വിശ്വാസമാണ് ഇന്ത്യയുടെ മാതൃകയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ തീര്‍ഥാടകര്‍ക്ക് യാത്രാമംഗളം നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ മതേതര കൂട്ടായ്മ നിലനിന്നിരുന്നു. ഏത് വിശ്വാസത്തെയും ഇരു കൈയും നീട്ടി സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടേത്. അത് കാത്തുസൂക്ഷിക്കാന്‍ ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി മതേതരത്വമാണെന്നും ഓരോ പൗരനും അവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍, എം എല്‍ എമാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ എം എല്‍ എ. എ എം യൂസുഫ്, ബാബു സേട്ട്, അസി. സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചു.