Connect with us

Kerala

വീണ്ടും കനത്ത മഴ; സംഭരണികളില്‍ ജലനിരപ്പ് ഉയരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ മഴ തോരാതെ പെയ്യുകയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് മഴ ശക്തമായത്. ഇതോടെ ജലാശയങ്ങളില്‍ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.

ഇടുക്കിയില്‍ റെഡ് അലര്‍ട്ടിന് സാധ്യത
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതിനാല്‍ അണക്കെട്ടില്‍ ജലനിരപ്പ് 2,397.36 അടിയായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ പെയ്ത 12.8 സെന്റി മീറ്റര്‍ മഴയാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. 2,398 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍
കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കണ്ണൂര്‍ ഇരിട്ടി, ശ്രീകണ്ഠാപുരം മേഖലയില്‍ വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി. രണ്ട് പേര്‍ മരിച്ചു. എടപുഴയിലെ വട്ട തൊടിയില്‍ തോമസ് (70), തോമസിന്റെ മകന്‍ ജയ്‌സണിന്റെ ഭാര്യ ഷൈനി (41) എന്നിവരാണ് മരിച്ചത്. കനത്ത കൃഷിനാശവുമുണ്ടായിട്ടുണ്ട്. പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് കക്കാടംപൊയിലില്‍ മണ്ണിടിച്ചിലുണ്ടായി.
വയനാട്ടിലും കനത്ത മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. ശക്തമായ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ മഴ കുറയുന്നത് വരെ അണക്കെട്ടുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാനും കലക്ടര്‍ ഉത്തരവിട്ടു. പാല്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ കനത്തതിനെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഷോളയാര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്നുണ്ടായ ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. ന്യൂനമര്‍ദ മേഖലയിലേക്ക് അറബിക്കടലില്‍ നിന്ന് കേരളത്തിനു മുകളിലൂടെ നീരാവി നിറഞ്ഞ കാറ്റ് വീശും. ഈ കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടിയതോടെയാണ് മലയോര മേഖലയില്‍ മഴ കനത്തത്.

Latest