അമേരിക്കക്കെതിരെ പ്രതിരോധം തീര്‍ക്കാനുറച്ച് ഇറാന്‍

ഉത്തര കൊറിയയുമായി കൂടിക്കാഴ്ച നടത്തി
Posted on: August 8, 2018 11:28 pm | Last updated: August 8, 2018 at 11:28 pm
SHARE

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇറാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോംഗ് ഹോയുമായി തെഹ്‌റാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്ന് ഉപരോധം നേരിടുന്ന രാജ്യങ്ങളാണ്. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഏറ്റവും കൈപേറിയതെന്നായിരുന്നു ഉപരോധ പ്രഖ്യാപന ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നത്.

ഇറാന് എല്ലായിടത്തും സൗഹൃദങ്ങളുണ്ടെന്ന് അമേരിക്കയെ അറിയിക്കലാണ് ഈ കൂടിക്കാഴ്ചയിലൂടെ താത്പര്യപ്പെടുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലോകത്തിന് അമേരിക്കയുടെ ഏകധ്രുവ തീരുമാനത്തില്‍ മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. തോന്നിയ പോലെ ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഏകാധിപതികളെ ലോകം പിന്തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഇതിനെ കുറിച്ച് യൂറോപ്യന്‍ യൂനിയനോടോ റഷ്യയോടോ ചൈനയോടോ അതുപോലുള്ള തങ്ങളുടെ ഡസന്‍ കണക്കിന് പങ്കാളികളോടോ ചോദിക്കൂ എന്നും ളരീഫ് ആവശ്യപ്പെട്ടു.

ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കന്‍ ഉപരോധത്തെ അവഗണിച്ച് ഇറാനുമായി കൂടുതല്‍ വ്യാപാരത്തിലേര്‍പ്പെടാന്‍ കമ്പനികളോട് യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക്ക മൊഗേരിനി ആവശ്യപ്പെട്ടു. ആണവ കരാര്‍ പ്രകാരം, ഇറാന്‍ അതിന്റെ ആണവ പദ്ധതികള്‍ കുറച്ചുവരാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പടെയുള്ള കരാറിലെ അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും നേരത്തെ ഇറാന്‍ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം നിലവില്‍ വന്നത്.

ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം അമേരിക്ക രംഗത്തെത്തിയിരുന്നു. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന ആരും ഇനി മുതല്‍ അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഇറാനെതിരെയുള്ള ചില ഉപരോധങ്ങള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്ന ഉപരോധം ഈ വര്‍ഷം നവംബര്‍ മുതലാണ് പ്രാവര്‍ത്തികമാകുക. എന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം സൈക്കോളജിക്കല്‍ യുദ്ധ തന്ത്രമാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here