കാനഡയില്‍ ചികിത്സ തേടുന്നതിന് സഊദി വിലക്കേര്‍പ്പെടുത്തി

Posted on: August 8, 2018 11:23 pm | Last updated: August 8, 2018 at 11:23 pm

റിയാദ്: കാനഡയില്‍ ചികിത്സ തേടുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി സഊദി അറേബ്യ ഉത്തരവിറക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ കാനഡ സഊദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധങ്ങളെ ബാധിച്ചിരിക്കുകയാണ്. കാനഡയില്‍ ഇപ്പോള്‍ ചികിത്സയിലുള്ള തങ്ങളുടെ പൗരന്മാരെ കാനഡക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് മാറ്റുമെന്നും സഊദി വാര്‍ത്താ ഏജന്‍സി എസ് പി എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ തീരുമാനം എത്ര സഊദി പൗരന്മാരെ ബാധിക്കുമെന്ന കാര്യം അവ്യക്തമാണ്.

കാനഡയുമായുള്ള പുതിയ എല്ലാ വ്യാപാര ബന്ധങ്ങളും നിക്ഷേപ പദ്ധതികളും മരവിപ്പിച്ചതായി സഊദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സഊദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിന് പുറമെ സഊദിയിലെ കാനഡ അംബാസഡറെ പുറത്താക്കാനും തീരുമാനിച്ചതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ സഊദിയിലെ പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സഊദി അറേബ്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന നടപടി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അടുത്തിടെ കാനഡ പ്രസ്താവിച്ചിരുന്നു.