Connect with us

National

തമിഴകം തേങ്ങുന്നു; കരുണാനിധി ഇനി ഓര്‍മ

Published

|

Last Updated

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ മാത്രം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ മറീനാ ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം നടന്നു. രാഷ്ട്രീയ, സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. നേരത്തെ പൊതു ദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു.

Chennai: M #Karunanidhi being laid to rest at Marina beach, next to Anna memorial pic.twitter.com/aGiFXr8xY4

രാജാജി ഹാളില്‍ നിന്ന് കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലേക്ക് കടന്നുപോയ വഴിയരികില്‍ വന്‍ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും കാത്തിരുന്നത്. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക്പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളും എല്ലാം മറികടന്ന ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മറീന ബീച്ച് ദ്രുതകര്‍മ്മ സേനയുടെ നിയന്ത്രണത്തിലാണ്.

Latest