കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിയായി; സഊദി സര്‍വ്വീസ് അടുത്ത മാസം

Posted on: August 8, 2018 3:32 pm | Last updated: August 8, 2018 at 9:58 pm
SHARE

ന്യൂഡല്‍ഹി/ജിദ്ദ: കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങാനുള്ള അന്തിമ അനുമതിയായി. ഇതു സംബന്ധിച്ച് സഊദി എയര്‍ലൈന്‍സ് നല്‍കിയ അപേക്ഷയിന്‍മേല്‍ ഡി.ജി.സി.എ അനുമതി ഇന്ന് ലഭിച്ചു.അതേ സമയം സെപ്തംബര്‍ മൂന്നാം വാരം കരിപ്പൂരിലേക്കുള്ള സര്‍വ്വീസ് തുടങ്ങുമെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതരും വ്യക്തമാക്കി. ഡല്‍ഹിയില്‍ അതിനായുള്ള ജോലികള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബറില്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് ഉറപ്പിക്കാമെന്നും സൗദിയ അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ 13 ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങാനുള്ള തടസ്സങ്ങള്‍ നീങ്ങാനും സൗദിയ സമര്‍പ്പിച്ച സേഫ്റ്റി അസസ്‌മെന്റ് പ്രകാരം ഡിജിസിഎ നടപടി ക്രമങ്ങള്‍ ത്വരിതഗതിയിലാകാനും കാരണമായത്. എംഡിഎഫ് സംഘത്തോടൊപ്പം വി.മുരളീധരന്‍ എംപിയും മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയിരുന്നു.റണ്‍വേ നവീകരിക്കുന്നതിനായി 2015 ഏപ്രിലിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നത്. അതിന്റെ പിന്നില്‍ കരിപ്പൂരിനെതിരെയുള്ള ഗൂഢാലോചനയാണെന്നായിരുന്നു പരക്കെയുള്ള ആക്ഷേപം. നിരവധി സമരങ്ങളാണ് വിമാനത്താവളത്തിന്റെ വീണ്ടെടുപ്പിനായി ഇക്കാലയളവില്‍ കോഴിക്കോട്ടും ഡല്‍ഹിയിലുമായി നടന്നിട്ടുള്ളത്.

2015 ല്‍ കോഴിക്കോട്ട് രൂപീകൃതമായ മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിയമ പോരാട്ടങ്ങളടക്കം നിരവധി സമരങ്ങളാണ് കരിപ്പൂരിനായി സംഘടിപ്പിച്ചത്. കരിപ്പൂര് അട്ടിമറി അന്വേഷിക്കണമെന്ന അവരുടെ പരാതിയില്‍ സി.ബി.ഐ കേസ് ഫയലില്‍ സ്വീകരിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് വിഷയത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകളുണ്ടായത്. പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൊടുന്നനെ സമര പരിപാടികളുമായി കരിപ്പൂര്‍ വിഷയത്തില്‍ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്.

കേരളത്തിലെ എം പിമാരും ഇതു സംബന്ധമായി മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചിരുന്നു. ഡിജിസിഎ യുടെ അനുമതി വാര്‍ത്ത വന്നതിനാല്‍ തന്നെ എംഡിഎഫ് വൃത്തങ്ങള്‍ വിജയാഘോഷം തുടങ്ങി. വാര്‍ത്ത പരന്നതോടെ പ്രവാസ ലോകവും ആഹ്ലാദത്തിമര്‍പ്പിലാണ്. കരിപ്പൂരിന്റെ വിജയം തങ്ങളുടെ വിജയമായും ഗൂഢാലോചനക്കാരുടെ പരാജയമായുമാണ് ലക്ഷക്കണക്കില് പ്രവാസികള്‍ കാണുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here