Connect with us

Kerala

മുന്നണിയില്‍ കരപറ്റാന്‍ 'ബദല്‍ ലീഗ്' ഫോര്‍മുല

Published

|

Last Updated

കോഴിക്കോട്: ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിനെ നേരിടാന്‍ സിപി എം ആശീര്‍വാദത്തോടെ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം. മുസ്‌ലിം ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്തെത്തിയതോടെ വാര്‍ത്തയില്‍ കഴമ്പുണ്ടോയെന്നായി രാഷ്ട്രീയ കേന്ദ്രങ്ങളുടെ അന്വേഷണം. എന്നാല്‍ ലീഗിന് ബദലുണ്ടാക്കുകയെന്നത് അജന്‍ഡയല്ലെന്ന് വിജയരാഘവനും മന്ത്രി കെ ടി ജലീലും തറപ്പിച്ച് പറയുന്നു. ഐ എന്‍ എല്‍, നാഷനല്‍ സെക്യുലര്‍ ലീഗ് തുടങ്ങിയ കക്ഷികളും ഇത്തരമൊരു സാധ്യതയെ തള്ളിക്കളയുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്ന വാര്‍ത്തകളും ലീഗിനെതിരെയുള്ള സി പി എമ്മിന്റെ ആക്രമണവും കൂട്ടിവായിക്കുമ്പോഴാണ് രാഷ്ട്രീയത്തിലെ പുതുസാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന പേരില്‍ പുതിയ ഇടതുപക്ഷ മതേതര പാര്‍ട്ടി വരുന്നുവെന്നും ചില ഇടത് അനുകൂല മുസ്‌ലിം പാര്‍ട്ടികള്‍ അതില്‍ ലയിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഇങ്ങനെ രൂപവത്കരിക്കുന്ന പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്തയില്‍ സൂചനയുണ്ട്. മുസ്‌ലിം ലീഗിന് ബദലായി മലബാറില്‍ അവരുടെ ശക്തി ക്ഷയിപ്പിക്കുകയാണത്രെ പുതിയ നീക്കത്തിനു പിന്നില്‍.

ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി ടി എ റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുന്നാസര്‍ മഅ്ദനിയുടെ പി ഡി പി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കുകയോ ധാരണയിലെത്തുകയോ ചെയ്യും. തമിഴ്‌നാട്ടിലെ മുസ്‌ലിം പാര്‍ട്ടികളായ മനിതയാ മക്കള്‍ കട്ച്ചി, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്‌രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളായ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വമി ഏകതാ ദള്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ്, ആള്‍ ഇന്ത്യാ മുസ്‌ലിം ഫോറം, നാഷനല്‍ ലോക്താന്ത്രിക് പാര്‍ട്ടി, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍, പശ്ചിമ ബംഗാളിലെ പ്രോഗ്രസീവ് മുസ്‌ലിം ലീഗ്, അസാമിലെ യുനൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളുമാ യി ചേര്‍ന്ന് അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുകയെന്നുമാണ് പ്രചരിക്കുന്നത്. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങള്‍ ഈ പാര്‍ട്ടിക്കു നല്‍കുമെന്നും വാര്‍ത്തയിലുണ്ട്.

ഇടതു മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ക്ക് സി പി എമ്മും മറ്റ് കക്ഷികളും തുടക്കം കുറിച്ചിരിക്കെ, വിവിധ കക്ഷികളുമായി അവര്‍ ആശയവിനിമയം നടത്തിവരികയാണ്. കൊച്ചു പാര്‍ട്ടികളെയെല്ലാം മുന്നണിയില്‍ എടുക്കുന്നതിനു പകരം ഇത്തരം പാര്‍ട്ടികള്‍ ലയിച്ച് ഒന്നാവുകയും ആ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുകയും ചെയ്യാനാണ് നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെയും സ്‌കറിയ തോമസ് വിഭാഗത്തിന്റെയും യോഗങ്ങള്‍ നടക്കുകയും സ്‌കറിയ തോമസ് വിഭാഗത്തിലെ ഏതാനും നേതാക്കള്‍ പിള്ള വിഭാഗത്തില്‍ ചേരുകയും ചെയ്തിരുന്നു. അതിനു പുറമെ കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണ ചര്‍ച്ചയും സജീവമാണ്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് പുതിയ ലീഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. കേരള കോണ്‍ഗ്രസുകളെ പോലെ ഐ എന്‍ എല്ലിനെ ഒറ്റക്ക് മുന്നണിയിലെടുക്കാതെ പുതുതായി പിറക്കുന്ന “വലിയ” പാര്‍ട്ടിയെ എടുക്കൂ എന്നാണ് ഇടതു നിലപാടെന്ന അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് പുതിയ പാര്‍ട്ടി എന്ന പ്രചാരണം വരുന്നത്. അതേസമയം, ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ പ്രസ്താവന വരും നാളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശത്തിന് തടയിടുകയാണ് പുതിയ പാര്‍ട്ടി ആശയപ്രചാരണം ഏറ്റെടുത്തവരുടെ ലക്ഷ്യമെന്ന് ന്യായമായും സംശയിക്കുന്നവരുണ്ട്. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മുന്നണി പ്രവേശം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ്. ഇടതു മുന്നണി ഇക്കാര്യത്തില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യം മുന്നണി കണ്‍വീനറും ഇന്നലെ വ്യക്തമാക്കുകയുണ്ടായി. മുന്നണികളില്ലാതെ തന്നെ കാല്‍നൂറ്റാണ്ട് പിടിച്ചുനിന്ന ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശം യാഥാര്‍ഥ്യമാകുന്നത് രാഷ്ട്രീയ രംഗത്ത് ചലനങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest