സേവനനിരക്കും പിഴയും ബേങ്കുകള്‍ പിന്‍വലിക്കണം

Posted on: August 8, 2018 1:55 pm | Last updated: August 8, 2018 at 1:55 pm

മിനിമം ബാലന്‍സ് വ്യവസ്ഥയുടെ പേരില്‍ ബേങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ പിഴസംഖ്യ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബേങ്കുകള്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കിയ പിഴ 11,500 കോടിയാണെന്നാണ് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച ലോക്‌സഭയില്‍ വെളിപ്പെടുത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ പൊതുമേഖലാ ബേങ്കായ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ മാത്രം ഈയിനത്തില്‍ ഈടാക്കിയ തുക 2,400 കോടി വരും.

വിവിധ സേവനങ്ങള്‍ക്ക് ബേങ്കുകള്‍ ഈടാക്കുന്ന ഫീസുകളും ചാര്‍ജുകളും സംബന്ധിച്ച നിയന്ത്രണങ്ങള്‍ 2015ല്‍ റിസര്‍വ് ബേങ്ക് എടുത്തുകളയുകയും നല്‍കുന്ന സേവനത്തിന് ചാര്‍ജ് നിശ്ചയിക്കാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് അക്കൗണ്ടില്‍ നിശ്ചിത ബാലന്‍സ് ഇല്ലാതെ വരുന്നതിന്റെ പേരില്‍ ബേങ്കുകള്‍ പിഴ ഈടാക്കുന്നത്. ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവെന്ന പേരിലാണ് ഈ പിടിച്ചുപറി. പൊതുമേഖലാ ബേങ്കായ എസ് ബി ഐ നിശ്ചയിച്ച മിനിമം ബാലന്‍സ് മെട്രോ നഗരങ്ങളില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3,000 രൂപയും നഗരപ്രദേശങ്ങളില്‍ 2,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1,000 രൂപയുമാണ്. നേരത്തെ ഇത് മെട്രോ നഗരങ്ങളില്‍ 5000 രൂപയും ഇതര നഗരങ്ങളില്‍ 3000 രൂപയും ചെറിയ പട്ടണങ്ങളില്‍ 2000 രൂപയുമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്നീട് കുറവ് വരുത്തിയത്. സമ്പന്നര്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ പ്രയാസമുണ്ടാകില്ല. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇത് കൃത്യമായി പാലിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ അവരെയാണ് ഈ നിയമം കാര്യമായി ബാധിക്കുക. സ്വകാര്യ ബേങ്കുകളാണ് ഈ കൊള്ളയടിക്ക് തുടക്കമിട്ടത്. പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളും നടപ്പാക്കുകയായിരുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം 79,000 കോടി രൂപയും തിരിച്ചടക്കാത്ത ലോണുകള്‍ 8.6 ലക്ഷം കോടിയുടേതുമാണ്. ഇന്ത്യന്‍ ബേങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. അഞ്ച് കോടിക്ക് മുകളിലുള്ള വന്‍കിടക്കാരുടേതാണ് കിട്ടാക്കടത്തില്‍ 88 ശതമാനവും. ഇത്തരം നഷ്ടങ്ങള്‍ മറികടക്കാന്‍ സര്‍വീസ് ചാര്‍ജിലൂടെയും പിഴയിലൂടെയും സാധാരണ ഇടപാടുകാരെ പിഴിയുകയാണ് ബേങ്ക് അധികൃതര്‍. റിസര്‍വ് ബേങ്കും സര്‍ക്കാറും ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

രാജ്യത്തെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മഹത്തായ സേവനമാണ് പൊതുമേഖലാ ബേങ്കുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. സ്വകാര്യ ബേങ്കുകള്‍ വന്‍കിട വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രം വായ്പ നല്‍കുകയും കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായ മേഖലയെയും അവഗണിക്കുകയും ചെയ്യുമ്പോള്‍ പൊതുമേഖലാ ബേങ്കുകള്‍ എല്ലാ വിഭാഗത്തെയും പരിഗണിക്കുന്നുവെന്നാണ് പറയാറ്. രാജ്യത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്തിരുന്ന 14 സ്വകാര്യവാണിജ്യ ബേങ്കുകളെ 1979ല്‍ ഇന്ദിരാഗാന്ധി ദേശസാത്കരിച്ചത് സ്വകാര്യ ബേങ്കുകളുടെ ചൂഷണത്തില്‍ നിന്ന് പാവപ്പെട്ട വരെ രക്ഷിക്കാനെന്ന പേരിലായിരുന്നു. എന്നാല്‍ പൊതുമേഖലാ ബേങ്കുകളും ഇപ്പോള്‍ രാജ്യത്തെ സാധാരണക്കാരെ തഴഞ്ഞ് കോര്‍പറേറ്റുകളെയും സമ്പന്നരെയും സേവിക്കുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഈ ബേങ്കുകള്‍ നല്‍കിവരുന്ന കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളുടെ തോത് അടിക്കടി കുറഞ്ഞു വരുമ്പോള്‍, വന്‍കിടക്കാര്‍ക്കുള്ള വായ്പ വര്‍ധിച്ചു വരികയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1990ല്‍ രണ്ട് ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക വായ്പ ആകെ ബേങ്ക് വായ്പയുടെ 82.6 ശതമാനം വരുമായിരുന്നെങ്കില്‍ 2010ല്‍ ഇത് 44.3 ശതമാനമായി കുറഞ്ഞു. അതേസമയം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന വായ്പ ഈ കാലയളവില്‍ 1.3 ശതമാനത്തല്‍ നിന്ന് 20.4 ശതമാനമായി വര്‍ധിക്കുകയുമായിരുന്നു.

നോട്ട് നിരോധത്തെ തുടര്‍ന്ന് ബേങ്കേതര സംവിധാനങ്ങളില്‍ സൂക്ഷിച്ചിരുന്ന രാജ്യത്തെ മൊത്തം കറന്‍സി ബേങ്കുകളിലെത്തുകയും സര്‍ക്കാര്‍ സേവനങ്ങള്‍ ബേങ്കുകള്‍ വഴി മാത്രമാക്കുക വഴി ജനങ്ങള്‍ മൊത്തം തങ്ങളുടെ ഉപഭോക്താക്കളാവുകയും ചെയ്തതോടെയാണ് ബേങ്കുകള്‍ സേവന ചാര്‍ജിന്റെ കാര്യത്തില്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴക്ക് പുറമെ സൗജന്യ എ ടി എം കാര്‍ഡ് ഉപയോഗത്തിന്റെ എണ്ണം വെട്ടിക്കുറക്കുകയും ചില ബേങ്കുകള്‍ പണം നിക്ഷേപിക്കുന്നതിന് പോലും ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബേങ്ക് അക്കൗണ്ടിനൊപ്പം സൗജന്യമായി ഡെബിറ്റ് കാര്‍ഡ് നല്‍കിയ ശേഷം വാര്‍ഷിക ഫീസായി 350 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. ഇതുമൂലം ബേങ്കിടപാടിന്റെ കാര്യത്തില്‍ ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന പരുവത്തിലായിരിക്കയാണ് സാധാരണക്കാര്‍. പണം തിരിച്ചടക്കാതെ ബേങ്കുകളെ പറ്റിക്കുന്ന വന്‍കിടക്കാരെ വെറുതെവിട്ടു പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും പിഴചുമത്തി കഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അന്യായവും മനുഷ്യത്വ രഹിതവുമാണ്. സേവനത്തിന് ചാര്‍ജ് നിശ്ചയിക്കാന്‍ ആര്‍ ബി ഐ നല്‍കിയ അനിയന്ത്രിതമായ അവകാശം എടുത്തുകളഞ്ഞ് ബേങ്കുകളുടെ പിടിച്ചു പറിയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കേണ്ടതുണ്ട്.