കലൈഞ്ജര്‍…. കരുണാനിധി എന്ന തമിഴ്‌നിധി

തന്റെ മകന് അഴകിരി എന്ന് പേരിടാന്‍ കരുണാനിധിയെ പ്രേരിപ്പിച്ചത് പട്ടുക്കോട്ടൈയുടെ വാചകക്കരുത്തും നിര്‍ഭയത്വവും തന്നെയായിരുന്നു. മറ്റൊരു മകന് സോവിയറ്റ് യൂണിയന്റെ നേതാവായിരുന്ന സ്റ്റാലിന്റെ പേരാണ് അദ്ദേഹം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തമിഴ്‌നാടിനെ പിടിച്ചടക്കും വിധത്തില്‍ ഒന്നാം ശക്തിയാവാന്‍ കഴിയാത്ത വിധത്തില്‍ തിമുക (ദ്രാവിഡ മുന്നേറ്റ കഴകം) അവരുടെ മിക്ക ആശയങ്ങളും കൈക്കൊണ്ടതിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.
Posted on: August 8, 2018 5:56 am | Last updated: August 8, 2018 at 6:33 am
SHARE

നാന്‍ ഒരു ശൂദ്രന്‍, നാന്‍ ഒരു തമിഴന്‍. നാന്‍ തമിഴ്‌നാട്ടില്‍, ഇന്ത്യാവില്‍ സുയമരിയാദൈയുടന്‍സ ഗൗരവത്തുടന്‍ വാഴ്കിറേന്‍. കലൈഞ്ജര്‍ കരുണാനിധിക്കും ദ്രാവിഡ അരശിയലുക്കും നന്ട്രി (ഞാന്‍ ഒരു ശൂദ്ര ജാതിക്കാരന്‍, ഞാന്‍ ഒരു തമിഴന്‍. ഞാന്‍ തമിഴ്‌നാട്ടിലും ഇന്ത്യയിലും ആത്മാഭിമാനത്തോടെയും അഭിമാനത്തോടെയും ജീവിക്കുന്നു. കലൈഞ്ജര്‍ കരുണാനിധിക്കും ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിനും നന്ദി)
– ഡോക്കുമെന്ററി സംവിധായകനായ അമുദന്‍ ആര്‍ പി (ജൂലൈ 27ന്റെ ഫേസ്ബുക്ക് പോസ്റ്റ്)

പനഗള്‍ അരസര്‍ എന്നത് തമിഴ് മൊഴിയിലെഴുതിയ അമ്പതു പേജു മാത്രമുള്ള ഒരു പുസ്തകമാണ്. സിലബസിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്ന ആ പുസ്തകം തന്റെ ക്ലാസില്‍ മനഃപ്പാഠമാക്കിയ ഏക വിദ്യാര്‍ഥിയുടെ പേരാണ് മുത്തുവേല്‍ കരുണാനിധി. രാഷ്ട്രീയം, രാഷ്ട്രീയാടിസ്ഥാനമുള്ള ചിന്താലോകം എന്നീ മേഖലകളിലേക്ക് മു കരുണാനിധി എന്ന വ്യക്തി ആകര്‍ഷിക്കപ്പെട്ടത് ആ പുസ്തകത്തിലൂടെയും അത് മനഃപ്പാഠമാക്കിയതിലൂടെയുമായിരുന്നു. പിന്നെ മാറിമറിഞ്ഞത് തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ചരിത്രമാണ്.

ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു പനഗല്‍ അരസര്‍. 1926ലാണ് തന്തൈ പെരിയാര്‍ എന്ന് ആദരപൂര്‍വം വിളിക്കപ്പെടുന്ന മഹാനായ പെരിയാര്‍ സ്വാഭിമാന പ്രസ്ഥാനം ആരംഭിക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. അക്കൂട്ടത്തിലൊരാളായിരുന്ന, മദ്രാസ് പച്ചയ്യപ്പാസ് കോളജില്‍ പഠിച്ചിരുന്ന സി എന്‍ അണ്ണാദുരൈ. തീപ്പൊരി പ്രസംഗകനായിരുന്ന അണ്ണാദുരൈ 1930ല്‍ സ്വാഭിമാന പ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തിന് തന്റെ കോളജില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ തുടക്കമിട്ടു.
അക്കാലത്ത് കരുണാനിധി തന്റെ നാടായ തിരുവാരൂരിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അദ്ദേഹം അഞ്ചാം ക്ലാസിലെത്തിയപ്പോള്‍, ജസ്റ്റിസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റു. അടുത്ത കൊല്ലം സ്വരാജ്യ പാര്‍ട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തെ ആദ്യ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. രാജാജിയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് ഒരു നിയമം ആ സര്‍ക്കാര്‍ പാസാക്കി. ഈ നിയമം തമിഴകത്തെ ബുദ്ധിജീവികളെയും തമിഴ് ഭാഷാ സ്‌നേഹികളെയും കടുത്ത രോഷത്തിലേക്ക് തള്ളിവിട്ടു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കവും പക്വതയും ആഴവും പരപ്പുമുള്ള തമിഴ് മൊഴിക്കു മേലെ, ദേശീയാധികാരത്തിന്റെ പേരില്‍ ഹിന്ദി എന്ന ഭാഷ അടിച്ചേല്‍പ്പിക്കപ്പെട്ടതു പോലെയാണ് അവര്‍ക്കനുഭവപ്പെട്ടത്. ദ്രാവിഡ ജനതയെ വംശഹത്യ ചെയ്യുന്നതു പോലെയാണ് അവര്‍ക്കു മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതെന്ന് പെരിയാറും അദ്ദേഹത്തിന്റെ അനുയായികളും തികഞ്ഞ പ്രതിഷേധത്തോടെ ഉറക്കെ പ്രഖ്യാപിച്ചു. വിപ്ലവത്തിന്റെ കറുത്ത കൊടികള്‍ തമിഴകത്തെമ്പാടും അവരുയര്‍ത്തി. യോഗങ്ങളും ജാഥകളും ലഘുലേഖകളും വാരികകളും മാസികകളും ഈ ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കപ്പെടുകയും പുറത്തിറക്കപ്പെടുകയും വ്യാപിപ്പിക്കുകയും ചെയ്തു. ഹിന്ദി ഒഴിക എന്ന മുദ്രാവാക്യം നാടിനെയും നാട്ടാരെയും പ്രകമ്പനം കൊള്ളിച്ചു.

1938 ജൂണ്‍ 3ന് മദ്രാസിലെ സെയ്താപ്പേട്ടയില്‍ ആദ്യത്തെ ഹിന്ദി വിരുദ്ധ പ്രകടനം സംഘടിപ്പിക്കപ്പെട്ടു. മറൈമലൈ അടികളായിരുന്നു നേതാവ്. സുരാവളി പേച്ചാളര്‍ (കൊടുങ്കാറ്റ് പ്രഭാഷകന്‍) എന്നറിയപ്പെട്ടിരുന്ന പട്ടുക്കോട്ടൈ അഴകിരി സ്വാമി നേതൃത്വം കൊടുത്തുകൊണ്ട് സ്വാഭിമാന പ്രസ്ഥാനത്തിന്റെ ഒരു പ്രചാരണ ജാഥ സംസ്ഥാനത്തെമ്പാടുമായി നടത്തി ഹിന്ദിക്കെതിരായ ജനരോഷം വര്‍ധിപ്പിച്ചു.

കരുണാനിധിയിലെ രാഷ്ട്രീയ പ്രക്ഷോഭകന്‍ ഉരുവം കൊണ്ടത് ഈ സമരത്തിന്റെ കാലത്താണ്. പെരിയാറുടെ പ്രഭാഷണങ്ങളും പട്ടുക്കോട്ടൈയുടെ വാചകങ്ങളിലെ ധൈര്യവും കരുത്തും അണ്ണായുടെ മനോഹരമായ തമിഴ് മൊഴി ഇതു മൂന്നും ചേര്‍ന്നാണ് എന്നെ മാസ്മരികതയിലേക്ക് എടുത്തുയര്‍ത്തിയത് എന്ന് കരുണാനിധി തന്നെ എഴുതിയിട്ടുണ്ട്.

തന്റെ മകന് അഴകിരി എന്ന് പേരിടാന്‍ കരുണാനിധിയെ പ്രേരിപ്പിച്ചത് പട്ടുക്കോട്ടൈയുടെ വാചകക്കരുത്തും നിര്‍ഭയത്വവും തന്നെയായിരുന്നു. മറ്റൊരു മകന് സോവിയറ്റ് യൂണിയന്റെ നേതാവായിരുന്ന സ്റ്റാലിന്റെ പേരാണ് അദ്ദേഹം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തമിഴ്‌നാടിനെ പിടിച്ചടക്കും വിധത്തില്‍ ഒന്നാം ശക്തിയാവാന്‍ കഴിയാത്ത വിധത്തില്‍ തിമുക (ദ്രാവിഡ മുന്നേറ്റ കഴകം) അവരുടെ മിക്ക ആശയങ്ങളും കൈക്കൊണ്ടതിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.

അത്തരമൊരു പ്രചാരണ ദിവസത്തിനിടെ തന്റെ ക്ലാസിലെ ഹിന്ദിമാഷെ കരുണാനിധിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. തന്റെ കൈയിലുള്ള ഹിന്ദി ഒഴിക നോട്ടീസ് അദ്ദേഹത്തിന് കരുണാനിധി സമ്മാനിച്ചു. മാത്രമല്ല, മാഷുടെ മുഖത്തു നോക്കി ഉറക്കെ വിളിച്ചു. ഹിന്ദിയെ തോല്‍പ്പിക്കുക, തമിഴ് നീണാള്‍ വാഴട്ടെ. മാഷൊന്നും മിണ്ടിയില്ല. പക്ഷേ, പിറ്റേന്ന് കരുണാനിധി ക്ലാസില്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡില്‍ അദ്ദേഹം ഏതാനും ഹിന്ദി വാക്കുകളെഴുതി. അദ്ദേഹം കരുണാനിധിയെ വിളിച്ച് അത് വായിക്കാന്‍ പറഞ്ഞു.എനിക്ക് മനസ്സിലായതല്ലേ എനിക്ക് വായിക്കാന്‍ കഴിയൂ. അതുകൊണ്ട് ഞാന്‍ നിശബ്ദനായി നിലയുറപ്പിച്ചു.

1938ല്‍ തന്റെ പതിനാലാം വയസ്സില്‍, തമിഴ് തായ് (തമിഴമ്മ) എന്നെഴുതിയ കൊടി സൈക്കിള്‍ റിക്ഷയില്‍ കെട്ടി ഏതാനും ചെറുപ്പക്കാരെയും നയിച്ച് ആ വിപ്ലവകാരി തിരുവാരൂരിലെ തെരുവുകളില്‍ പ്രചാരണം നടത്തി. തമിഴ് തായിനെ നിര്‍ബന്ധ ഹിന്ദി കൊണ്ട് മര്‍ദിക്കുന്ന രാജാജിയുടെ പടം വരച്ച് അതും പ്രചാരണത്തിനുപയോഗിച്ചിരുന്നു. ആകര്‍ഷകമുള്ള മുദ്രാവാക്യങ്ങളെഴുതാന്‍ അദ്ദേഹം പരിശീലിച്ചത് അക്കാലത്താണ്. 1939ല്‍ രാജാജി മുഖ്യമന്ത്രി അല്ലാതായി. അപ്പോള്‍ നിലവില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ ഹിന്ദി നിര്‍ബന്ധമാക്കിയ നിയമം പിന്‍വലിച്ചു. ഹിന്ദി വിരുദ്ധ പ്രസ്ഥാനക്കാരുടെ ആദ്യ വിജയമായിരുന്നു അത്.

1941ല്‍ തമിഴ് വിദ്യാര്‍ഥി സംഘം രൂപവത്കരിച്ചുകൊണ്ട് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിനാക്കം കൂട്ടി. കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തമിഴിനോടും ദ്രാവിഡ പ്രസ്ഥാനത്തോടും കൂടുതല്‍ അടുപ്പം തോന്നിയതോടെ അതില്‍ മുഴുവനായി ആകൃഷ്ടനാവുകയായിരുന്നു. മുരശൊലി എന്ന പ്രസിദ്ധീകരണവും ആരംഭിക്കുന്നത് അക്കാലത്താണ്. മുരശൊലിയാണ് ഇപ്പോഴും ഡി എം കെയുടെ മുഖപത്രം.
പൊതുപ്രവര്‍ത്തനത്തില്‍ മുഴുകിയതോടെ ക്ലാസില്‍ കയറാതായി. പത്താം ക്ലാസില്‍ മൂന്ന് പ്രാവശ്യം പരാജയപ്പെട്ട കരുണാനിധി ഔപചാരിക വിദ്യാഭ്യാസം അതോടെ ഉപേക്ഷിച്ചു.

1957ല്‍ ആദ്യമായി തമിഴ്‌നാട് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരുണാനിധി പിന്നീട് 11 തവണ കൂടി ആ വിജയം ആവര്‍ത്തിച്ചു. അഞ്ച് തവണ തമിഴ് നാട് മുഖ്യമന്ത്രിയായി. 1949ലാണ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപവത്കരിക്കുന്നത്. അതിന്റെ സ്ഥാപക നേതാക്കളില്‍ മുഖ്യനാണ് കരുണാനിധി. കഴിഞ്ഞ അമ്പതു വര്‍ഷമായി തിമുക (അങ്ങനെയാണ് തമിഴില്‍ ഡി എം കെയുടെ ചുരുക്കപ്പേര്) യുടെ തലൈവര്‍(അധ്യക്ഷന്‍) കരുണാനിധി തന്നെയാണ്.

സ്‌കൂള്‍ വിട്ടതിനു ശേഷം തമിഴ് സിനിമാലോകത്ത് പ്രവേശിക്കുകയും തിരക്കഥാകൃത്തായി തിളങ്ങുകയും ചെയ്തു. സിനിമയെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നതിനെ സംബന്ധിച്ച് ആഴത്തിലുള്ള ധാരണകളും പ്രയോഗ മികവുകളും അദ്ദേഹം ആവിഷ്‌കരിച്ചു. എം ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ തമിഴ് സിനിമയിലെ മിക്ക താരങ്ങളെയും ആദ്യമായി അവതരിപ്പിച്ചത് കരുണാനിധിയാണ്. പിന്നീട് ഇവര്‍ രണ്ടു പേരും അദ്ദേഹത്തെ വിട്ടു പോകുകയും എം ജി ആര്‍ ബദ്ധ ശത്രുവായി മാറുകയും ചെയ്തു.

തമിഴ് സിനിമയില്‍ കരുണാനിധിയുടെ ജൈത്രയാത്ര ആരംഭിച്ചത് പരാശക്തി എന്ന സിനിമയിലൂടെയാണ്. ശിവാജി ഗണേശനും എസ് എസ് രാജേന്ദ്രനും ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് പരാശക്തി. പൂര്‍ത്തിയായ ഉടനെ പരാശക്തി നിരോധിക്കപ്പെട്ടു. പിന്നീട് 1952ലാണ് ചിത്രം റിലീസ് ചെയ്തത്. പരാശക്തി വളരെ മികച്ച കമ്പോള വിജയം ആര്‍ജ്ജിച്ചു. വിപ്ലവകരമായ ആശയങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സിനിമ ബ്രാഹ്മണാധികാരത്തെയും അത് മുന്നോട്ടു വെക്കുന്ന സംസ്‌കാര-ദൈവ-വിശ്വാസ സങ്കല്‍പങ്ങളെയും ഇടിച്ചു തകര്‍ത്തു. വിധവാ വിവാഹം, താലി ഉപേക്ഷിക്കല്‍, അയിത്തോച്ചാടനം, പ്രേമവിവാഹം, ജന്മിത്ത നിര്‍മാര്‍ജനം, മതാധികാരത്തെ നിരാകരിക്കല്‍ എന്നിങ്ങനെയുള്ള വിപ്ലവാശയങ്ങളൊക്കെയും തന്റെ സിനിമകളിലൂടെ കരുണാനിധി ജനപ്രിയമാക്കി മാറ്റി. എല്ലാക്കാലത്തും എതിര്‍പ്പുകളും നിരോധനങ്ങളും സെന്‍സര്‍ വിലക്കുകളും അവ ക്ഷണിച്ചു വരുത്തി.

തമിഴ് സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. കവിതകള്‍, ലേഖനങ്ങള്‍, തിരക്കഥകള്‍, നോവലുകള്‍, ജീവചരിത്രങ്ങള്‍, ചരിത്രാഖ്യായികകള്‍, നാടകങ്ങള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍ എന്നു വേണ്ട അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ കുറവാണ്. തമിഴ് പ്രാചീന മഹാകാവ്യമായ തിരുക്കുറലിന്റെ വ്യാഖ്യാനവും അദ്ദേഹം എഴുതിയിട്ടുണ്ട്. തൊല്‍ക്കാപ്പിയ പൂങ്ക, പൂംപുഹാര്‍ എന്നീ കാവ്യങ്ങളും അദ്ദേഹം വ്യാഖ്യാനിച്ചു. താന്‍ അധികാരത്തിലേറിയപ്പോള്‍, ചെന്നൈയില്‍ പണിത വള്ളൂവര്‍ക്കോട്ടം തിരുവള്ളുവര്‍ക്ക് വാസ്തുശില്‍പകല കൊണ്ടുള്ള സ്മാരകമാണ്. കണ്ണകിക്കും കോവലനും ഉള്ള സ്മാരകം ചിദംബരത്തിനടുത്ത് പൂംപൂഹാറില്‍ പണിതിട്ടുണ്ട്.

സംഘത്തമിഴ്, തിരുക്കുറല്‍ ഉരൈ, പൊന്നാര്‍ ശങ്കര്‍, രോമപുരി പാണ്ഡ്യന്‍, തെന്‍പാടി ശിങ്കം, വെള്ളിക്കിഴമൈ, നെഞ്ചുക്കു നീതി, ഇനിയവൈ ഇരുപത്, കുറലോവിയം എന്നിവയാണ് കരുണാനിധിയുടെ പ്രധാന പുസ്തകങ്ങള്‍. നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നാദസ്വര വാദനം കുലത്തൊഴിലായുള്ള ഇശൈ വെള്ളാളര്‍ എന്ന പിന്നാക്ക ജാതിയിലാണ് കരുണാനിധി ജനിച്ചത്. കുട്ടിക്കാലത്തു തന്നെ പുരാണങ്ങളിലേക്കും വായ്‌മൊഴിക്കഥകളിലേക്കും സംഗീതത്തിലേക്കും അദ്ദേഹത്തെ അടുപ്പിച്ചത് മുത്തുവേലര്‍ എന്നു പേരുള്ള അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ്.

(സന്ധ്യ രവിശങ്കര്‍ എഴുതിയ കരുണാനിധി എ ലൈഫ് ഇന്‍ പൊളിറ്റിക്‌സ് എന്ന പുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ രാഷ്ടീയ പ്രവര്‍ത്തനത്തെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത്)

LEAVE A REPLY

Please enter your comment!
Please enter your name here