Connect with us

Ongoing News

മുഖമുദ്രയായി കറുത്ത കണ്ണട

Published

|

Last Updated

ചെന്നൈ: കരുണാനിധി കാവേരി ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ പുറത്ത് വന്ന ചിത്രം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോഴുള്ളതായിരുന്നു. അതുകണ്ട് തമിഴ് ജനത ഞെട്ടി. അവര്‍ക്ക് തങ്ങളുടെ പ്രിയ നേതാവിനെ ഒരിക്കലും അങ്ങനെ സംങ്കല്‍പ്പിക്കാനാകുമായിരുന്നില്ല.

എന്നിട്ടും മൊബൈലില്‍ സേവ് ചെയ്ത ഈ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ തലൈവാ കാപ്പാത്തുങ്കോ എന്ന് അലമുറയിട്ടു. കലൈഞ്ജര്‍ വാങ്കോ, എഴുന്ന് വാങ്കോ, വാഴും മന്നന്‍, നാടുക്കാകെ വാങ്കോ, മക്കള്‍ക്കാകെ വാങ്കോ, ഉടപ്പിറപ്പുക്കാകെ വാങ്കോ, ദളപതിക്കാകെ വാങ്കോ- കാവേരി ആശുപത്രിക്ക് മുമ്പില്‍ ജനങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കരുണാനിധിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ചിത്രം ആ കറുത്ത കണ്ണടയാണ്. വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും.

“എന്‍ ഉയിരിനും മേലാന ഉടന്‍പ്പിറപ്പുകളേ..” എന്നു പറഞ്ഞു പ്രസംഗം തുടങ്ങുമ്പോള്‍ ജനം ഇരമ്പും. ചിലപ്പോള്‍ ചിരിച്ചും ചിലപ്പോള്‍ രോഷം കൊണ്ടും വലിയ ശബ്ദത്തില്‍ പ്രസംഗം കത്തിക്കയറും. കാറപകടത്തില്‍ കണ്ണിനു ഗുരുതരമായി പരുക്കേറ്റ കരുണാനിധി, 12 ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് കാഴ്ചശക്തി വീണ്ടെടുത്തത്. അന്നു മുതല്‍ ഒപ്പം കൂടിയതാണ് കറുത്ത കണ്ണട. നീണ്ട 46 വര്‍ഷം കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല.

പ്രായാധിക്യത്തിന്റെ അവശതകളാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്ന കരുണാനിധിയോട് ഡോക്ടര്‍ കണ്ണട മാറ്റണമെന്നു പറഞ്ഞപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. 2017 നവംബറില്‍ ജര്‍മന്‍ നിര്‍മിതമായ ഭാരം കുറഞ്ഞ കണ്ണട വന്നു.

Latest