കലൈഞ്ജറും തലൈവിയും ആജന്‍മ എതിരാളികള്‍, അപൂര്‍വ സമാനത

Posted on: August 8, 2018 6:17 am | Last updated: August 8, 2018 at 12:21 am
SHARE

ചെന്നൈ: ഒരിക്കലും തോല്‍ക്കാത്ത കലൈഞ്ജര്‍ മരണത്തിന് മുമ്പില്‍ കീഴടങ്ങിയിരിക്കുന്നു. ഒരു തിരഞ്ഞെടുപ്പിലും തോല്‍വിയറിയാത്ത മര്‍മജ്ഞനായ രാഷ്ട്രീയ നേതാവ് വിടപറയുമ്പോള്‍ തമിഴ് രാഷ്ട്രീയം അക്ഷരാര്‍ഥത്തില്‍ നാഥനില്ലാതെയാകുകയാണ്. ദശകങ്ങളായി സംസ്ഥാന രാഷ്ട്രീയം രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു- ജയാറാം ജയലളിതയും മുത്തുവേല്‍ കരുണാനിധിയും. ജയലളിത 2016 ഡിസംബറില്‍ തന്റെ 68ാം വയസ്സില്‍ മരിച്ചു. ഇപ്പോഴിതാ 94ാം വയസ്സില്‍ കരുണാനിധിയും.

രണ്ട് പേരും എതിരാളികളായിരിക്കുമ്പോഴും സമാനതകളേറെയായിരുന്നു. രണ്ട് പേരും അപാരമായ കരിഷ്മയുള്ള നേതാക്കളായിരുന്നു. നല്ല പ്രഭാഷണ പാടവമുള്ളവരുമായിരുന്നു. എല്ലാത്തിലുമപരി അവര്‍ സിനിമയില്‍ നിന്ന് വന്നവരായിരുന്നു. കലൈഞ്ജര്‍ നല്ല തിരക്കഥാകൃത്തായിരുന്നു. ദീര്‍ഘമായ രാഷ്ട്രീയ യാത്രക്ക് ഈ കഥാകഥന പാടവം അദ്ദേഹത്തെ തുണച്ചുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

1967ല്‍ കോണ്‍ഗ്രസില്‍ നിന്ന് വഴി മാറിയ തമിഴ് രാഷ്ട്രീയം പിന്നീടൊരിക്കലും അങ്ങോട്ടൊഴുകിയിട്ടില്ല. ഈ ദിശാമാറ്റത്തിന് ജയലളിതയുടെയും കരുണാനിധിയുടെയും പങ്ക് ചെറുതല്ല. ജയലളിതക്ക് ചുറ്റം തോഴിയും മന്നാര്‍ഗുഡി കുടുംബവുമാണ് അധികാരകേന്ദ്രങ്ങള്‍ പണിതതെങ്കില്‍ കരുണാനിധിയുടെ കുടുംബം തന്നെ രാഷ്ട്രീയ കമ്പനിയാകുകയായിരുന്നു.

കനിമൊഴിയെയും അഴഗിരിയെയും സ്റ്റാലിനെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. മക്കള്‍ കലഹത്തിനാണ് ഇത് വഴി വെച്ചത്. ഒടുവില്‍ കരുണാനിധി തന്നെ തീര്‍പ്പ് പറഞ്ഞു. പിന്‍ഗാമി എം കെ സ്റ്റാലിന്‍ തന്നെ. അതോടെ അഴഗിരി കലാപം തുടങ്ങി.

അഴിമതിയുടെയും കേസുകളുടെയും കാര്യത്തിലും ജയലളിതയും കരുണാനിധിയും ഒരേ തൂവല്‍ പക്ഷികളായി. അനധികൃത സ്വത്ത് കേസില്‍ ജയലളിത തന്നെ അകത്ത് പോയി. കരുണാനിധിയുടെ കാര്യത്തില്‍ മകള്‍ കനിമൊഴിയും പാര്‍ട്ടി നേതാവ് എ രാജയും ബന്ധുക്കളായ ദയാനിധി മാരനും കലാനിധി മാരനുമായിരുന്നു കോടതി വരാന്തകളില്‍ കയറിയിറങ്ങിയത്.

പാര്‍ട്ടി ആടിയുലയുകയും അധികാര ഭ്രഷടമാകുകയും ചെയ്തപ്പോഴൊന്നും കരുണാനിധിയെ ജനം കൈവിട്ടില്ല. 1957 മുതല്‍ മത്സരിച്ച ഒരു തിരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം തോല്‍വിയറിഞ്ഞില്ല. വീല്‍ ചെയറിലേക്ക് ചാഞ്ഞിട്ടും കരുണാനിധി പാര്‍ട്ടിയുടെ ഊര്‍ജമായി നിലകൊണ്ടു.