ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 15 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: August 6, 2018 8:05 pm | Last updated: August 6, 2018 at 10:09 pm
SHARE

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ 15 മാവോയിസ്റ്റ് പ്രവര്‍ത്തകരെ സുരക്ഷാ സേന വധിച്ചു. സുക്മയിലെ ഗൊല്ലാപല്ലിക്കും കോണ്ടക്കും ഇടയിലുള്ള മിക തോങ് വനപ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സി ആര്‍ പി എഫും പ്രത്യേക ദൗത്യ സേനയും മാവോയിസ്റ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇരുന്നൂറോളം വരുന്ന മാവോയിസ്റ്റ് സംഘവുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. തലസ്ഥാന നഗരമായ റായ്പൂരില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്ന വനപ്രദേശം.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് പതിനാറ് റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന സംശയത്തില്‍ വനമേഖലയില്‍ ശക്തമായ പരിശോധനയാണ് നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഇരുന്നോറോളം വരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മിക തോങ് വനത്തില്‍ യോഗം ചേരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിവിധ സേനകള്‍ സംയുക്തമായി സൈനിക നീക്കം നടത്തിയത്.

സംസ്ഥാനത്ത് അടുത്തിടെ ഉണ്ടാകുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് സുക്മാ ജില്ലയില്‍ നടന്നത്. കഴിഞ്ഞ മാസം ബൈജാപൂര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ നേരിടാന്‍ ഇപ്പോള്‍ പുതിയ തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും അത് ഏറെക്കുറെ വിജയപ്രദമാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഇപ്പോഴും സൈനികര്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിന് വിധേയമാകുന്നുണ്ട്. അവര്‍ ഉപയോഗിക്കുന്ന അത്യന്താധുനിക ആയുധങ്ങളും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും സൈന്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 247 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് വിശദീകരിക്കുന്ന മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ ഈ മാസം ആദ്യം കണ്ടെടുത്തതായി ഛത്തീസ്ഗഢ് പോലീസ് അറിയിയിച്ചിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ 208 നക്‌സലൈറ്റുകളെയാണ് വധിച്ചതെന്ന് സ്‌പെഷ്യല്‍ ഡി ജി (നക്‌സല്‍വിരുദ്ധ ഓപറേഷന്‍) ഡി എം അവസ്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here