ബംഗ്ലാദേശിലേക്ക് കടത്തുന്നതിനിടെ ആയിരത്തിലേറെ നക്ഷത്ര ആമകളെ പിടികൂടി

Posted on: August 6, 2018 9:58 pm | Last updated: August 6, 2018 at 9:58 pm
SHARE

ഹൈദരാബാദ്: വംശനാശ ഭീഷണി നേരിടുന്ന ആയിരത്തിലധികം നക്ഷത്ര ആമകളെ ബംഗ്ലാദേശിലേക്ക് കടത്താനുള്ള ശ്രമം റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റ് (ഡി ആര്‍ ഐ) ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യശ്വന്ത്പൂര്‍- ഹൗറ എക്‌സ്പ്രസില്‍ വിജയവാഡയില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്നവരില്‍ നിന്നാണ് നക്ഷത്ര ആമകളെ കണ്ടെത്തിയത്. ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആമകള്‍.

ഡി ആര്‍ ഐയുടെ വിശാഖപട്ടണം റീജ്യനല്‍ യൂനിറ്റാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ പരിശോധനക്കെത്തിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന തുണിസഞ്ചികളില്‍ നിന്ന് 1,125 നക്ഷത്ര ആമകളെ സംഘം കണ്ടെടുത്തു. പിടിച്ചെടുത്ത ആമകളെ പിന്നീട് വനം വകുപ്പിന് കൈമാറിയതായി ഡി ആര്‍ ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ആന്ധ്രാ പ്രദേശിലെ മദനപ്പള്ളിയില്‍ നിന്നാണ് നക്ഷത്ര ആമകളെ ലഭിച്ചതെന്നും ബംഗ്ലാദേശിലേക്ക് കടത്തുന്നതിന് ഹൗറയില്‍ എത്തിക്കുക മാത്രമായിരുന്നു തങ്ങളുടെ ദൗത്യമെന്നും പിടിയിലായവര്‍ പറഞ്ഞു.

ഇന്ത്യന്‍ നക്ഷത്ര ആമകളെ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്‍പ്പെടുത്തി അന്താരാഷ്ട്രാടിസ്ഥാനത്തില്‍ വില്‍പ്പന നിരോധിച്ചിട്ടുള്ളതാണ്. വിദേശ വ്യാപാര നയത്തിന്റെ അടിസ്ഥാനത്തി ല്‍ ഇവയെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ പാടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂള്‍ അനുസരിച്ച് പ്രത്യേക സംരക്ഷണം ഉള്ളവയാണ് ഇന്ത്യന്‍ നക്ഷത്ര ആമകള്‍. അന്താരാഷ്ട്ര വിപണിയില്‍ പതിനായിരം രൂപയിലേറെ വിലയുണ്ട് ഇവയ്ക്ക്. ഇന്ത്യയില്‍ ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് നക്ഷത്ര ആമകളെ കണ്ടുവരുന്നത്. ശ്രീലങ്കയിലും ഇത്തരം ആമകളുണ്ട്.
ഇവയുടെ പുറന്തോടിലുള്ള നക്ഷത്ര സമാനമായ വരകള്‍ കാരണമാണ് ഈ പേര് ലഭിച്ചത്. ഇരുപത് മുതല്‍ 30 വരെ സെന്റീമീറ്റര്‍ വലിപ്പവും 1.3 മുതല്‍ 2.2 കിലോഗ്രാം വരെ തൂക്കവുമുള്ള ഇവയുടെ ആയുസ്സ് 30 മുതല്‍ 80 വര്‍ഷം വരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here