Connect with us

National

'എക്‌സലന്റ് ക്വസ്റ്റ്യന്‍ ഗഡ്കരി ജി'; കേന്ദ്രത്തിന് 'പണി' കൊടുത്ത് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സംവരണ പ്രസ്താവന സെല്‍ഫ് ഗോളാകുന്നു. സംവരണക്കാര്‍ക്ക് നല്‍കാന്‍ തൊഴിലെവിടെയെന്ന ചോദ്യം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏറ്റെടുത്തുതോടെയാണ് ബി ജെ പി പ്രതിരോധത്തിലാകുന്നത്. “എക്‌സലന്റ് ക്വസ്റ്റ്യന്‍ ഗഡ്കരി ജി” (നല്ല ചോദ്യം ഗഡ്കരി) എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. “തൊഴിലെവിടെയെന്നാണല്ലോ അങ്ങ് ചോദിച്ചത്. അത് തന്നെയാണ് ഓരോ ഇന്ത്യക്കാരനും ചോദിക്കുന്നതെന്ന് രാഹുല്‍ പരിഹസിച്ചു. നല്ല ചോദ്യമെന്ന് ഗഡ്കരിക്ക് മേല്‍ രാഹുല്‍ നിന്ദാസ്തുതി ചൊരിയുമ്പോള്‍ യുവാക്കളിലെ തൊഴിലില്ലായ്മയും മോദി സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ പരാജയവുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

മറാത്ത സംവരണ പ്രക്ഷോഭകരോടാണ് നല്‍കാന്‍ പണിയില്ലെന്ന് ഗഡ്കരി പറഞ്ഞത്. “പ്രക്ഷോഭക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സംവരണം കൊടുത്തുവെന്ന് തന്നെ വെക്കാം. പക്ഷേ, ജോലിയെവിടെ? ബേങ്കുകള്‍ ഡിജിറ്റിലൈസ് ചെയ്തതോടെ അവിടെ ജോലിയില്ലാതായി. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് മരവിച്ച അവസ്ഥയിലാണ്. എല്ലാ വിഭാഗങ്ങളും പറയുന്നത് തങ്ങള്‍ പിന്നാക്കക്കാരാണ് എന്നാണ്. യു പിയില്‍ പ്രബല സമൂഹമാണ് ബ്രാഹ്മണര്‍. അവരും പറയുന്നു തങ്ങള്‍ പിന്നാക്കമാണെന്ന്. എന്നുകരുതി എല്ലാവര്‍ക്കും ജോലി എന്ന കാര്യം നടപ്പുള്ളതല്ല”- ഗാഡ്കരി കഴിഞ്ഞ ദിവസം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഗഡ്കരിക്കെതിരെ പരിഹാസം നിറഞ്ഞു. സത്യം പറഞ്ഞ ആദ്യത്തെ ബി ജെ പി മന്ത്രിയാണ് ഗഡ്കരിയെന്നും അദ്ദേഹം അഭിനന്ദനമര്‍ഹിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. വളച്ചു കെട്ടില്ലാത്ത പ്രതികരണമാണ് ഗഡ്കരി നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വിയും “അഭിനന്ദിച്ചു”.
രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നുപറഞ്ഞതിലൂടെ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് നേരത്തെ സി പി എമ്മും പ്രതികരിച്ചിരുന്നു.
ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനം. എന്നാല്‍, താഴിലവസരം ചുരുങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേക് ഇന്‍ ഇന്ത്യ പദ്ധതി ഉദ്ദേശിച്ച ഗുണം ചെയ്യാതിരിക്കുകയും നോട്ട് നിരോധനം വന്‍ തിരിച്ചടി നല്‍കുകയും ചെയ്തതോടെയാണ് തൊഴില്‍ മേഖലയില്‍ മരവിപ്പ് പടര്‍ന്നത്.

Latest