യു പി സംരക്ഷണ്‍ ഗൃഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം

Posted on: August 6, 2018 9:51 pm | Last updated: August 6, 2018 at 9:51 pm

ലക്‌നോ: ബിഹാറിലെ മുസാഫര്‍പൂരിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ അഭയ കേന്ദ്രത്തിലും അന്തേവാസികള്‍ കൂട്ടത്തോടെ ലൈംഗിക പീഡനത്തിന് ഇരയായി. യു പിയിലെ ദിയോറിയ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിന്ധ്യാവാസിനി മഹിള- ബാലിക സംരക്ഷണ്‍ ഗൃഹത്തിലാണ് ലൈംഗിക പീഡനം നടന്നത്.
ഇവിടെ നിന്ന് കഴിഞ്ഞ ദിവസം ഏതാനും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരില്‍ ചിലരാണ് സംരക്ഷണ്‍ ഗൃഹത്തില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പതിനെട്ടോളം കുട്ടികളെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് 24 പെണ്‍കുട്ടികളെ സംരക്ഷണ്‍ ഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഗിരിജ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി എന്നിവരെ അറസ്റ്റ് ചെയ്തു. സംരക്ഷണ്‍ ഗൃഹത്തില്‍ നിന്ന് പോലീസ് മോചിപ്പിച്ച പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ നിരീക്ഷണത്തില്‍ അന്വേഷണം നടക്കുമെന്ന് എ ഡി ജി പി (ക്രമസമാധാനം) ആനന്ദ് കുമാര്‍ അറിയിച്ചു.

ലക്‌നോവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വീകരിച്ച് സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് വിന്ധ്യാവാസിനി മഹിള- ബാലിക സംരക്ഷണ്‍ ഗൃഹ. ഇത്തരം സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലുള്ള ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി സി ബി ഐ പരിശോധനകള്‍ നടന്നപ്പോള്‍ ദിയോരിയയിലെ സംരക്ഷണ്‍ ഗൃഹത്തിന്റെ അംഗീകാരം റദ്ദാക്കിയതാണ്. എന്നാല്‍, അതിന് ശേഷവും ദമ്പതികള്‍ സ്ഥാപനവുമായി മുന്നോട്ടു പോകുകയായിരുന്നു. കഴിഞ്ഞ ആഴ്ച പരിശോധനക്കെത്തിയപ്പോള്‍ ദമ്പതികള്‍ പോലീസിനെ അതിന് അനുവദിച്ചിരുന്നില്ല. ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെയാണ്, ഇവിടെ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രക്ഷപ്പെട്ടോടിയത്. പിന്നീട് പ്രദേശവാസികള്‍ പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഈ കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നടന്ന റെയ്ഡും തുടര്‍നടപടികളും. 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഈ സ്ഥാപനത്തില്‍ കഴിഞ്ഞിരുന്നത്. താന്‍ അടക്കമുള്ള അന്തേവാസികളെ ഉടമകളായ ദമ്പതികള്‍ പലരുമായും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും ദാസ്യവേല ചെയ്യിക്കുന്നതും പതിവാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനത്തില്‍ കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. ഈ സ്ഥാപനത്തില്‍ നിന്ന് പല പെണ്‍കുട്ടികളെയും രാത്രിയില്‍ കാറില്‍ കയറ്റി മറ്റെങ്ങോ കൊണ്ടുപോകാറുണ്ടെന്നും നിയമവിരുദ്ധമായ രീതിയില്‍ ദത്ത് നല്‍കല്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തിയതായി ദിയോരിയ എസ് പി റോഹന്‍ പി കനയ് പറഞ്ഞു.
ദിയോറിയയിലെ വിന്ധ്യാവാസിനി മഹിള- ബാലിക സംരക്ഷണ്‍ ഗൃഹ പൂര്‍ണമായും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന വനിത ശിശു ക്ഷേമ മന്ത്രി റീത്ത ബഹുഗുണ ജോഷി പറഞ്ഞു.