ഭൂകമ്പം: ഇന്തോനേഷ്യയില്‍ മരണം 90 കവിഞ്ഞു

Posted on: August 6, 2018 8:04 pm | Last updated: August 6, 2018 at 8:04 pm
SHARE

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 200ലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും പലരുടെയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും കൂടുമെന്ന് ഭയപ്പെടുന്നതായും സര്‍ക്കാര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ലോംബോക്, ബാലി ദ്വീപുകളെ വിറപ്പിച്ചത്. ഇതേ തുടര്‍ന്ന് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന ഈ മേഖലകളില്‍ നിന്ന് വിനോദസഞ്ചാരികള്‍ ഒഴിഞ്ഞുപോക്ക് തുടങ്ങി. ഈ ദ്വീപുകളിലെ വിദൂര മേഖലകളിലുള്ള അപകടസ്ഥലത്തേക്ക് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനായിട്ടില്ല. വടക്കന്‍ ലോംബോകിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ഇവിടുത്തെ നാശനഷ്ടങ്ങള്‍ വലുതാണെന്നും നാഷനല്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഏജന്‍സി വക്താവ് സുറ്റോപോ പുര്‍വോ പറഞ്ഞു.

ഈ ദ്വീപിലെ വിവിധ ജില്ലകളില്‍ പകുതിയിലേറെ വീടുകള്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നു. മരണം സംഖ്യ ഇനിയും വര്‍ധിക്കുമെന്ന കാര്യം ഉറപ്പാണെന്നും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ലോംബോക് ദ്വീപില്‍ വൈദ്യുതി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ താറുമാറായതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഭൂകമ്പം ഉണ്ടായ ഉടനെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ അഭയം തേടിയെത്തി. എന്നാല്‍ പിന്നീട് അധികൃതര്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്തു.

ഇവിടെ കുടുങ്ങിക്കിടക്കുന്ന നിരവധി വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോംബോകിലെ മൂന്ന് ചെറു ദ്വീപുകളില്‍ നിന്നായി 1200ലേറെ വിനോദ സഞ്ചാരികളെ ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ദ്വീപുകളിലെ പല മേഖലകളിലും ഗതാഗതം തടസ്സപ്പെട്ടു. കുടിവെള്ള ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയിലുണ്ടായ ശക്തമായ മറ്റൊരു ഭൂകമ്പത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 160 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.