പ്രവാസികള്‍ക്ക് സൗജന്യ നിരക്കുമായി നോര്‍ക്ക ഫെയര്‍

Posted on: August 6, 2018 7:23 pm | Last updated: August 6, 2018 at 8:51 pm

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന പേരില്‍ സൗജന്യ നിരക്ക് പദ്ധതിക്ക് ധാരണയായി. വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ ഏഴ് ശതമാനം ഇളവ് അനുവദിക്കുന്നതാണ് പദ്ധതിയെന്ന് നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, സി ഇ ഒ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് റീജ്യനല്‍ വൈസ് പ്രസിഡന്റ് വി എ സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നാഷനല്‍ കാരിയറും വ്യോമയാന രംഗത്തെ സജീവ സാന്നിധ്യവുമായ ഒമാന്‍ എയറുമായാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്‌സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാം.

നിരക്ക് ഇളവിനായി NORK2018 എന്ന കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ഉപയോഗിക്കണം. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികള്‍ക്കുമാണ് ഈ സൗകര്യം ലഭിക്കുക. ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കാള്‍ സെന്ററിലെ 1800 425 3939, 0471 2333339 എന്നീ നമ്പറുകളില്‍ ലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ വരദരാജന്‍ അറിയിച്ചു.

ഒമാന്‍ എയറിന്റെ ആറ് വിമാന സര്‍വീസുകളാണ് കേരളത്തില്‍ നിന്നുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവ സര്‍വീസ് നടത്തുന്നതെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി. നോര്‍ക്ക ഫെയര്‍ സംവിധാനത്തിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ ഡോ. കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ സംബന്ധിച്ചു.