കേരള മോഡലിന് രാഷ്ട്രപതിയുടെ അഭിനന്ദനം

Posted on: August 6, 2018 7:19 pm | Last updated: August 6, 2018 at 8:51 pm
SHARE

തിരുവനന്തപുരം: കഴിഞ്ഞ 60 വര്‍ഷത്തിനിടെ സംസ്ഥാനം നേടിയെടുത്ത കേരള മോഡലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിനന്ദനങ്ങള്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിര്‍വഹിച്ച് സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. ഭൂപരിഷ്‌കരണം മുതല്‍ പഞ്ചായത്തീരാജ് വരെയും, സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരള ജനത സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയുണ്ട്. അവയൊക്കെ നേടിയെടുക്കുന്നതിന് നിയമസസഭയില്‍ അന്തിമരൂപം നല്‍കിയ നിയമങ്ങള്‍ പിന്തുണയേകിയിട്ടുണ്ടെന്നു അവ സാമൂഹിക മേഖലയില്‍ ‘കേരളമോഡല്‍’ എന്ന് വിളിപ്പേരുള്ള നേട്ടങ്ങള്‍ക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ 60 വര്‍ഷമായി അപൂര്‍വമായ കഴിവുകളുള്ള ജന പ്രതിനിധികളുടെ യുക്തിയും ശബ്ദവും കൊണ്ട് ശക്തിപ്പെടാനുളള ഭാഗ്യം ലഭിച്ചതാണ് ഈ നിയമസഭ. മറ്റുള്ളവരോടൊപ്പം ഇതില്‍ കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ആര്‍ ശങ്കര്‍, സി അച്യുതമേനോന്‍, ഒപ്പം ആദ്യ നിയമസഭയിലെ അംഗമായിരുന്ന ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍, പിന്നീട് കെ കരുണാകരന്‍, ഇ കെ നായനാര്‍, വി എസ്. അച്യുതാന്ദന്‍, കെ ആര്‍ ഗൗരിയമ്മ, എ കെ ആന്റണി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് അത്. കേരളത്തില്‍ സാമൂഹിക മേഖലയില്‍ ഉണ്ടായ നിക്ഷേപം ഈ സംസ്ഥാനത്തെ പ്രതിഭയുള്ളവരെ ദേശീയ സമ്പദ് വ്യവസ്ഥക്കായി സേവനം അര്‍പ്പിക്കാന്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കാന്‍ പോലും പ്രാപ്തരാക്കി. അധ്യാപകരായും ആരോഗ്യസേവന ദാതാക്കളായും, സാങ്കേതിക വിദഗ്ധരായും, ബിസിനസുകാരായും, അധ്വാനശീലമുള്ള തൊഴിലാളികളായും, ക്ഷീണമറിയാതെജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളായും, വിനോദസഞ്ചാരവ്യവസായരംഗത്ത് കേരളത്തില്‍ നിന്നുള്ള യുവജനങ്ങളെയും വിലപ്പെട്ട മനുഷ്യമൂലധനമെന്ന നിലയിലാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷമെന്ന വിരോധാഭാസം നിലനില്‍ക്കുന്നുണ്ട്. ഇത് ശരിയായ പ്രവണതയല്ല. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും മഹത്തായ പാരമ്പര്യത്തോടുള്ള അനീതിയാണ്. അത്തരം പ്രവണതകള്‍ വികസിച്ചുവരുന്നത് ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയക്കൂട്ടായ്മകളും ബോധമുള്ള പൗരന്മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. സംവാദവും ഭിന്നാഭിപ്രായവും വിസമ്മതവുമൊക്കെ തീര്‍ത്തും സ്വീകാര്യമാണ്. അവ നമ്മുടെ രാഷ്ട്രീയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടവയുമാണ്. എന്നാല്‍, നമ്മുടെ ഭരണഘടനയില്‍ ഹിംസക്ക് സ്ഥാനമില്ല. ‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തില്‍ ഇതേക്കുറിച്ച് അല്‍പം ചിന്തിക്കാന്‍ സാധിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച കേരള ജനതയെയും ഇന്ത്യയിലെ പൗരന്മാരെയും സംബന്ധിച്ച് കരണീയമാണ്. സംവാദത്തിന്റെ ചരിത്രവും പരസ്പര ബഹുമാനവും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോടുള്ള ബഹുമാനവും കേരള സമൂഹത്തിന്റെ ഒരുമുഖമുദ്രയാണ്. ഇത്തരം സവിശേഷതകള്‍ കഴിഞ്ഞ 60 വര്‍ഷമായി ഈ സഭയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിലെ യുവാക്കള്‍ക്കുസ്വന്തം നാട്ടില്‍ തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം ‘കേരളമാതൃകയുടെ’ അടുത്ത ഘട്ടം. രാജ്യത്തിന്റെഎല്ലാ ഭാഗത്തും കേരളീയര്‍ പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും കേരളത്തില്‍ സംരംഭങ്ങളും ബിസിനസും വികസിച്ചുവരുന്നതില്‍ ഉണ്ടായ വിടവ് പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാ കാര്യത്തിലും ബഹുദൂരം മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വികസനത്തെ പിന്നോട്ടാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ നാടിന് ദുഷ്‌പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here