അബൂബക്കര്‍ സിദ്ദീഖ് വധം: ആര്‍ എസ് എസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: വി ടി ബല്‍റാം

Posted on: August 6, 2018 6:23 pm | Last updated: August 6, 2018 at 6:23 pm

തിരുവനന്തപുരം: കാസര്‍ക്കോട് സി പി എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആര്‍ എസ് എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വി ടി ബല്‍റാം എല്‍ എല്‍ എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആര്‍ജവത്തോടെ പ്രതികരിക്കണം, ഇടപെടണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊലപാതകം നടത്തിയത് എസ് ഡി പി ഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല. രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍ എസ് എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം.  ഭീകര പ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ക്കോട് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിനും മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായമാണ്. വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.