ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി: കരിപ്പൂരില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായി

Posted on: August 6, 2018 6:17 pm | Last updated: August 6, 2018 at 8:52 pm
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ ഓപ്പറേഷന്‍ വിഭാഗം കരിപ്പൂരില്‍ സുരക്ഷാ പരിശോധന നടത്തി. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര ഓഫീസില്‍ നിന്നുള്ള ക്യാപ്റ്റന്‍ രന്ദാവ,ദീപക് ശര്‍മ,ശ്യാം സുന്ദര്‍ റാവു, അരവിന്ദ് കൃഷ്ണന്‍, ബാലചന്ദ്രന്‍ എന്നിവരാണ് സുരക്ഷാ പരിശോധനക്കെത്തിയത്. ജോയിന്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് ശാഹിദ്, എ ബി ജോയ് (എടി സി ) എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.

കരിപ്പൂരില്‍ സെപ്തംബര്‍ മുതല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും അനുമതി നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം എയര്‍ ഇന്ത്യയുടെ ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് മുന്നോടിയായാണ് ഉന്നത സംഘം കരിപ്പൂരിലെത്തിയത്. കരിപ്പൂരിലെ ടെര്‍മിനല്‍ ഉള്‍പ്പടെ ഭൗതിക സൗകര്യങ്ങളിലും റണ്‍വേ ബലത്തിലും സംഘം സംതൃപ്തി രേഖപ്പെടുത്തി.
നേരത്തെ ഡി ജി സി എ സംഘം നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാതായത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ സഭക്കകത്തും പുറത്തും പ്രക്ഷോഭം ആരംഭിക്കുകയും കരിപ്പൂരില്‍ വിവിധ സംഘടനകള്‍ പ്രക്ഷോഭം തുടരുകും ചെയ്ത സാഹചര്യത്തിലാണ് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ തയാറായത്.

കോഡ് ഇ വിഭാത്തിലുള്ള വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. നേരത്തെ 421 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ ജറ്റ് വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തിയിരുന്നു. ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതിയാകുന്നതോടെ എയര്‍ ഇന്ത്യ ഇ സെക്ടറിലുള്ള സര്‍വീസ് പുനരാരംഭിക്കും. സഊദി എയര്‍ലൈന്‍സും കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here