Connect with us

Kerala

ജനാധിപത്യം പൂര്‍ണ സംവിധാനമല്ല, യഥാസമയം തിരുത്തല്‍ വേണം: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: ലോകത്ത് ഒരിടത്തെയും ജനാധിപത്യ സംവിധാനങ്ങള്‍ പൂര്‍ണമല്ലെന്നും യഥാസമയം അവ സ്വയം തിരുത്തുകയും മെച്ചപ്പെടുകയും ചെയ്യുകയാണെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നിയമസഭാ വജ്രജൂബിലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്ത് ജനാധിപത്യം പരാജയപ്പെടുമ്പോഴാണ് അസഹിഷ്ണുതാപരമായ വിയോജിപ്പുകളും പ്രതിഷേധങ്ങളും ഉയരുന്നത്. അത് പരിഹരിക്കാന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണ്. ജനാധിപത്യത്തിന്റെ ശരിയായ അന്തസ്സത്ത ഉള്‍ക്കൊണ്ടുള്ള കേരള നിയമസഭയുടെ ഇടപെടലുകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് ഉതകുന്നതാണ്. പാര്‍ലിമെന്റിന് സമാനമായി നിയമസഭകളും ഓരോ സര്‍വലകലാശാലകളാണ്. അംഗങ്ങള്‍ വിദ്യാര്‍ഥികളെ പോലെ പഠിക്കുകയും പഠിപ്പിക്കുകയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവം ഉള്‍ക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം.

ജനങ്ങളുടേത് ഉള്‍പ്പെടെ പുതിയ പല പ്രശ്‌നങ്ങളും നിയമനിര്‍മാണ സഭകളില്‍ വരേണ്ടതുണ്ട്. അതിന് പുതിയ രീതിയിലുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവ സഭകളുടെ അന്തസ്സിന് നിരക്കാത്തവയും മറ്റു ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്നതും ആകരുത്. നിര്‍വചിതമായ പ്രക്രിയ നിയമ നിര്‍മാണത്തെ ജനാധിപത്യാവകാശമെന്ന പേരില്‍ തകര്‍ക്കരുത്. ജനാധപത്യമര്യാദ പാലിക്കുന്നതില്‍ നിലവിലെ അംഗങ്ങള്‍ മാധ്യമങ്ങളിലൂടെ ഇതെല്ലാം വീക്ഷിക്കുന്നവര്‍ക്കും അംഗങ്ങളാകേണ്ടവര്‍ക്കും മാതൃകയാകേണ്ടതാണ്. സുസ്ഥിരവും ആശയസമ്പൂര്‍ണവും പുതുമയുള്ളതുമായ സഭാനടപടികള്‍ കൂട്ടായി ആര്‍ജിച്ചെടുക്കുന്നതാണ് ഏറ്റവും ഉചിതം.

ഓരോ പൗരനും ജനാധിപത്യമൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യത്തെയും മാനിക്കുമ്പോഴും ജനാധിപത്യം പൗരന്‍മാരുടെ ശരിയായ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോഴും സാമുദായിക ചിന്തകള്‍ക്ക് വഴിപ്പെടാതിരിക്കുമ്പോഴുമാണ് അക്ഷരാര്‍ഥത്തില്‍ ജനാധിപത്യം ആഘോഷിക്കപ്പെടുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Latest