Connect with us

Gulf

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ദുബൈ; എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

ദുബൈ: ദുബൈയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. ഈ വര്‍ഷം ആദ്യപകുതി പിന്നിട്ടപ്പോള്‍ എത്തിയത് പത്തുലക്ഷത്തിലേറെ ഇന്ത്യക്കാര്‍. ഓരോ വര്‍ഷവും ചുരുങ്ങിയത് മൂന്ന് ശതമാനം പേര്‍ കൂടുതല്‍ എത്തുന്നു.
പെട്ടെന്ന് മടങ്ങുന്ന സന്ദര്‍ശകരുടെ എണ്ണം കുറയുന്നുവെന്നതും ചൂടുകാലാവസ്ഥ സന്ദര്‍ശകരുടെ എണ്ണം കുറക്കുന്നില്ലെന്നതും സവിശേഷതയാണ്. ഇത്തവണ സീസണു തുടക്കമാകുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുബൈ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. സന്ദര്‍ശകരുടെ എണ്ണത്തില്‍ സഊദിയും യുകെയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചൈനയാണ് നാലാം സ്ഥാനത്ത്.

ആറുമാസത്തിനിടെ ദുബൈ സന്ദര്‍ശിച്ച മൊത്തം വിനോദസഞ്ചാരികള്‍ 81 ലക്ഷം. യു എ ഇയുമായി കൂടുതല്‍ വ്യാപാരബന്ധമുള്ള രാജ്യം ചൈനയാണെങ്കിലും ചൈനീസ് സഞ്ചാരികള്‍ ഈ കാലയളവില്‍ 4.53 ലക്ഷം മാത്രം. കഴിഞ്ഞവര്‍ഷം 21 ലക്ഷം ഇന്ത്യക്കാര്‍ ദുബൈയില്‍ എത്തിയതായാണ് കണക്ക്. ഒറ്റവര്‍ഷംകൊണ്ട് 20 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഒരു രാജ്യത്തുനിന്നെത്തിയെന്ന റെക്കോര്‍ഡ് ആണിത്.
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളില്‍നിന്നു മൂല്യവര്‍ധിത നികുതി (വാറ്റ്)യായി ഈടാക്കുന്ന തുക തിരികെ നല്‍കുന്നത് ഇതില്‍ പ്രധാനമാണ്. ഈ വര്‍ഷം അവസാനപാദത്തോടെ ഇതിനു തുടക്കമാകും. നിശ്ചിത ഔട്ലെറ്റുകളില്‍നിന്നു തുക കൈപ്പറ്റാനാണു സംവിധാനമൊരുക്കുക. ഇതിനായി വിവിധ റീട്ടെയ്ല്‍ ഔട്ലെറ്റുകളുടെ ശൃംഖല സജ്ജമാക്കും.

സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മറ്റും വാങ്ങുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. മറ്റു രാജ്യങ്ങളിലേതുപോലെ വിമാനത്താവളങ്ങളില്‍ കൗണ്ടറുകള്‍ ആരംഭിക്കുക, കച്ചവടകന്ദ്രങ്ങളിലെ ഔട്ലെറ്റുകളില്‍ പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും കാണിച്ചു പണം കൈപ്പറ്റാന്‍ അവസരമൊരുക്കുക എന്നിവക്കാണു സാധ്യത. യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പെടെയുള്ള ഇന്ത്യക്കാര്‍ ഷോപ്പിങ്ങിനായി ദുബൈയില്‍ ഇറങ്ങാറുണ്ട്.
ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബൈ ടൂറിസം സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദുബൈ ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി പറഞ്ഞു.