വാഹനങ്ങളുടെ നിര തെറ്റിക്കല്‍; ആറ് മാസത്തിനിടെ നഷ്ടമായത് 28 ജീവനുകള്‍

Posted on: August 6, 2018 4:45 pm | Last updated: August 6, 2018 at 4:45 pm
SHARE

ദുബൈ: ദുബൈ റോഡുകളില്‍ അപകട മരണങ്ങള്‍ക്ക് പെട്ടെന്നുള്ള നിര തെറ്റിക്കല്‍ പ്രധാന കാരണമെന്ന് അധികൃതര്‍. ദുബൈയില്‍ നടന്ന റോഡപകട മരണങ്ങളില്‍ മൂന്നില്‍ ഒരു മരണം അശ്രദ്ധയോടെ പെട്ടെന്ന് റോഡിലെ നിരകള്‍ തെറ്റിക്കുന്നത് മൂലമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപ്പുവര്‍ഷത്തെ ആദ്യ ആറ് മാസത്തെ കണക്കുകള്‍ പുറത്തുവിട്ടാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്. ജനുവരി മുതല്‍ ജൂലൈ വരെ ദുബൈ റോഡുകളില്‍ സംഭവിച്ച 88 അപകട മരണങ്ങളില്‍ 28 എണ്ണവും പെെട്ടന്ന് നിര തെറ്റിച്ചത് മൂലമുണ്ടായ അപകടത്തെ തുടര്‍ന്നാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 922 പേര്‍ക്ക് പരുക്ക് പറ്റിയതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 1420 അപകടങ്ങളാണുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതും പെട്ടെന്നുള്ള നിര മാറ്റലുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ദുബൈ പോലീസ് ട്രാഫിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു. ആറ് മാസ കാലയളവിലെ അപകടങ്ങളില്‍ 2668 വാഹനങ്ങളാണ് ഉള്‍പെട്ടത്. പരുക്ക് പറ്റിയവരില്‍ 88 പേരുടെ നില അതീവ ഗുരുതരമായിരുന്നു. 339 പേരുടെ പരുക്ക് സാരമുള്ളതാണ്. 495 പേര്‍ക്ക് നിസാര പരുക്ക് പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടെന്ന് നിരകള്‍ തെറ്റിച്ചത് മൂലം 342 അപകടങ്ങളാണ് നടന്നത്. ഇതില്‍ 28 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അശ്രദ്ധയോടെ പെട്ടന്ന് റോഡിലെ നിരകള്‍ തെറ്റിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ഏര്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍ക്ക് പ്രാധാന്യം നല്‍കണം. പ്രത്യേകമായി തയാറാക്കിയ ഇടങ്ങളിലൂടെ മാത്രമേ കാല്‍നടയാത്രക്കാര്‍ മുറിച്ചുകടക്കാവൂ. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നത് മൂലം അപകടം സംഭവിച്ച് 23 പേര്‍ക്ക് ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here