Connect with us

Gulf

ചോദ്യക്കടലാസ് ചോര്‍ത്തി പണം കൈക്കലാക്കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

അബുദാബി: ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് പണം കൈക്കലാക്കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 500 ദിര്‍ഹം മുതല്‍ ആയിരം ദിര്‍ഹം വരെയാണ് ഇവര്‍ ഓരോ വിദ്യാര്‍ഥിയില്‍നിന്നും ഈടാക്കിയിരുന്നത്. ഹൈസ്‌കൂളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചോദ്യപ്പേപ്പറുകളാണ് ഇവര്‍ ചോര്‍ത്തിയത്.

ഉത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് വേറെയും തുക ഈടാക്കിയിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നിരീക്ഷണം നടത്തിയ സി ഐ ഡി വിഭാഗം ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. കുറഞ്ഞ നാളുകള്‍ക്കിടെ ലക്ഷക്കണക്കിനു ദിര്‍ഹമിന്റെ അനധികൃത ഇടപാട് നടത്തിയ സംഘം കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ണിചേര്‍ക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
വിദ്യാര്‍ഥികളുടെ ആവശ്യം അനുസരിച്ച് തല്‍സമയം ഉത്തരം നല്‍കുന്നതിനു വന്‍തുകയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്ല അറിവുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

പ്രതികളെ പ്രോസിക്യൂഷനു കൈമാറി. പരീക്ഷാ ഹാളിലെ ഹൈടെക് കോപ്പിയടി തടയാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കണമെന്നു പൊലീസ് സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളിലേക്കു എത്തിക്കുന്നത് തടയണമെന്നും നിര്‍ദേശിച്ചു. അറബ് പൗരന്‍മാരാണ് അറസ്റ്റിലായത്.

Latest