അണക്കെട്ടുകള്‍ വെറും ജലബോംബല്ല

കൊളോണിയല്‍ അധിനിവേശം രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ള ചെയ്ത സാഹചര്യത്തില്‍ അത് തിരിച്ചുപിടിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ലക്ഷ്യം വെച്ചുള്ള വികസന നയങ്ങളുടെ ഭാഗമായിട്ടായിരുന്നു വലിയ അണക്കെട്ടുകളുള്‍പ്പടെയുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്ക് നെഹ്‌റു തുടക്കമിട്ടത്. നമ്മുടെ രാജ്യത്തെ ഡാമുകളെല്ലാം ജലബോംബുകളാണെന്ന പ്രചാരണത്തിന് കാര്യമായ അടിസ്ഥാനമില്ല. അമിതമായ മഴമൂലം 1979ല്‍ ഗുജറാത്തിലെ മോര്‍ബി ഡാം തകര്‍ന്നുണ്ടായ ദുരന്തവും 1969ല്‍ മഹാരാഷ്ട്രയിലെ കൊയ്‌നാനഗറിലെ ഡാം ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നതും 2008ല്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സപ്തകോശി നദിയിലെ അണക്കെട്ട് തകര്‍ന്നതുമായി മൂന്ന് ദുരന്തങ്ങളാണ് ഇവിടെ ഇതുവരെയായുണ്ടായത്.
Posted on: August 6, 2018 10:42 am | Last updated: August 6, 2018 at 10:42 am
SHARE

കാനഡയുടെ ദേശീയ മൃഗമായ ബീവറിന് ഒരു വിളിപ്പേരുണ്ട്. ‘കാട്ടിലെ എഞ്ചിനീയര്‍’ എന്നാണ് നമ്മുടെ നാട്ടിലെ നീര്‍നായയോട് ഏതാണ്ട് സാമ്യമുള്ള ബീവറിനെ സാധാരണയായി വിളിക്കാറുള്ളത്. അതിന് കൃത്യമായ കാരണവുമുണ്ട്. അണക്കെട്ട് നിര്‍മാണത്തില്‍ അതിവിദഗ്ധരാണ് ബീവറുകള്‍. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് വലിയ മരങ്ങള്‍ തന്നെ മുറിച്ച് ബീവറുകള്‍ കാട്ടിലെത്തിക്കും. വെള്ളം ഒഴുകിപ്പോകുന്നിടത്ത് അണകെട്ടി അതിനു നടുവില്‍ അവ വീടൊരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിര്‍മാണം. ജലനിരപ്പുയര്‍ന്നാലും വീടിനെ രക്ഷിക്കാന്‍ മാര്‍ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. ബ്രിട്ടനില്‍ വര്‍ധിച്ചുവരുന്ന വെള്ളപ്പൊക്ക ഭീഷണിയെ നേരിടാന്‍ ബീവറുകളെ വിന്യസിച്ചുവെന്ന വാര്‍ത്ത അടുത്ത കാലത്താണ് പുറത്തുവന്നത്. ലിഡ്ബ്രൂക്ക് എന്ന ഗ്രാമത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാണത്രെ ബീവറുകളെ ഫോറസ്ട്രി കമ്മീഷന്‍ എന്ന ഔദ്യോഗിക ഏജന്‍സി രംഗത്തിറക്കിയത്. 10 അംഗ ബീവര്‍ സംഘത്തെയാണ് ഈ മേഖലയില്‍ ഫോറസ്ട്രി കമ്മീഷന്‍ തുറന്നുവിട്ടത്. ലിഡ്ബ്രൂക്കിലൂടെ ഒഴുകുന്ന നദിയില്‍ തടയണകളും കുളങ്ങളുമെല്ലാം സ്വാഭാവികമായ രീതിയില്‍ ബീവറുകളെക്കൊണ്ട് നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.

പ്രകൃതിദത്തമായ രീതിയില്‍ വെള്ളപ്പൊക്കം തടയാനാകുമെന്നുള്ള വനഏജന്‍സിയുടെ ലക്ഷ്യം കുറച്ചൊക്കെ വിജയം കണ്ടെത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു.
നമ്മുടെ നാട്ടിലും അണക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം വലിയ ചര്‍ച്ചയായന്റെ പശ്ചാത്തലത്തിലാണ് മനുഷ്യനെപ്പോലെ വളര്‍ച്ചയോ ബുദ്ധിവികാസമോ ഇല്ലാത്ത മൃഗങ്ങളുടെ രീതി ആലോചനാവിഷയമാകേണ്ടത്. ബീവറുകളെപ്പോലെയുള്ള എത്രയോ ജീവികള്‍ ഭൂമുഖത്തുണ്ടായിരിക്കില്ലേ? വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞുനിര്‍ത്തി നിയന്ത്രിക്കുന്നതിനോ ജലം സംഭരിക്കുന്നതിനോ ഊര്‍ജോത്പാദനത്തിനോ ആയി ജലപ്രവാഹങ്ങള്‍ക്ക് കുറുകെ നിര്‍മിക്കുന്ന അണക്കെട്ടുകളുടെ രൂപകല്‍പ്പനയോ സൂചനയോ നമുക്ക് ലഭ്യമായത് ഒരു പക്ഷേ പ്രകൃതിയിലെ ഇത്തരം ഏതെങ്കിലും ജീവജാലങ്ങളില്‍ നിന്നായിരിക്കണം. എന്തിരുന്നാലും ശാസ്ത്രശാഖകളുടെ വികാസത്തിന്റെ ഭാഗമായി ലോകമെങ്ങുമുയര്‍ന്ന അണക്കെട്ടുകള്‍ മനുഷ്യജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ട് തന്നെയാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. വിദ്യുച്ഛക്തിയുടെ ഉപയോഗം സര്‍വസാധാരണമായതോടെ കുറഞ്ഞ ചെലവില്‍ വന്‍തോതിലുള്ള വൈദ്യുതോത്പാദനത്തിനായി അണക്കെട്ടുകളെ ഉപയോഗിക്കുന്ന രീതി സര്‍വവ്യാപകമാകുകയും ചെയ്തു. വെള്ളപ്പൊക്കം മൂലമുള്ള കൃഷിനാശങ്ങള്‍ ഒഴിവാക്കുന്നതിന് വെള്ളപ്പൊക്ക നിയന്ത്രണോപാധികളെന്ന നിലക്കും അണക്കെട്ടുകള്‍ ആവശ്യമായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രാചീനകാലത്തുതന്നെ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെട്ടതായാണ് പറയുന്നത്.

അണക്കെട്ടുകളുടെ നേട്ടം എടുത്തുപറയുമ്പോള്‍ തന്നെ അവയുടെ കോട്ടങ്ങളും അണക്കെട്ട് സൃഷ്ടിച്ച ദുരന്തങ്ങളുടെ വ്യാപ്തിയും വലിയ ആശങ്കള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്. ഏറ്റവുമൊടുവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ദുരന്തം കഴിഞ്ഞ ദിവസമാണ് വിദേശമാധ്യമങ്ങള്‍ നമുക്ക് മുന്നിലെത്തിച്ചത്. നൂറുക്കണക്കിനു ജനങ്ങളെ കാണാതാകുകയും നിരവധിപ്പേര്‍ മരിക്കുകയും ചെയ്തുവെന്ന് കണക്കാക്കപ്പെടുന്ന ദുരന്തത്തിന്റ വ്യാപ്തിയും ആഴവും ഇങ്ങകലെയുള്ള കേരളീയരെയും പേടിപ്പെടുത്താതിരുന്നിട്ടില്ല. അറ്റപ്പെയ് പ്രവിശ്യയില്‍ രാത്രിയാണത്രെ അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ പ്രളയം ആറ് ഗ്രാമങ്ങളെ ബാധിച്ചെന്നും പറയുന്നു. അയല്‍ രാജ്യമായ കംബോഡിയയില്‍ നിന്ന് അഞ്ച് ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കാണ് അണക്കെട്ട് പൊട്ടാന്‍ കാരണമായി പറയുന്നത്. നമ്മുടെ നാട്ടിലെ കനത്ത മഴയും പ്രളയവും അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നതും ഡാം തുറക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങളും അറിയിപ്പും മുന്നൊരുക്കങ്ങളുമെല്ലാം ദിവസേന കണ്ടും കേട്ടുമറിഞ്ഞുമുണ്ടാകുന്ന ആശങ്കകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ലാവോസിലെ അണക്കെട്ട് ദുരന്തത്തിന്റെ വാര്‍ത്ത ചെറുതായെങ്കിലും നമ്മുക്കിടയില്‍ ആകുലതയുടെ വര്‍ത്തമാനമായി മാറുന്നുവെന്നതില്‍ തര്‍ക്കമില്ല. അണക്കെട്ടുകളുടെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ചചെയ്യാനുള്ള അവസരമായി അപ്പോള്‍ ഈ പശ്ചാത്തലം ഉപയോഗിക്കപ്പെടുമെന്നത് വാസ്തവം.
ഇന്ത്യയിലെ അണക്കെട്ടുകളെ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് എന്തു കൊണ്ടായിരിക്കും? കൊളോണിയല്‍ അധിനിവേശം രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ള ചെയ്ത സന്ദര്‍ഭത്തില്‍ അത് തിരിച്ചുപിടിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ലക്ഷ്യം വെച്ചുള്ള വികസന നയങ്ങളുടെ ഭാഗമായിട്ടായിരുന്നു ഒട്ടനേകം വലിയ അണക്കെട്ടുകളുള്‍പ്പടെയുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്ക് നെഹ്‌റു തുടക്കമിട്ടത്. ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളായാണ് നെഹ്‌റു ഡാമുകളെ നോക്കിക്കണ്ടിരുന്നത്. ഊര്‍ജോത്പാദനരംഗത്ത് സ്വയം പര്യാപ്തത നേടാനുളള ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ തന്നെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ പഠനവിധേയമാക്കുകയും വിശകലനം നടത്താനും അദ്ദഹം മുന്നിട്ടിറങ്ങിയിരുന്നു. മണ്‍സൂണ്‍ മഴയും ജലവും രാജ്യത്തിന്റെ ജീവരക്തംതന്നെയാണെന്നും ജലപ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന കണ്ടെത്തലും കൂടിയായിരിക്കണം അണക്കെട്ടുകള്‍ പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

വിഖ്യാതമായ ഭക്രാനംഗല്‍ അണക്കെട്ട് പഞ്ചാബ്, ഹിമാചല്‍, ഹരിയാന മേഖലയില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ഐതിഹാസികമായിരുന്നു. മേഖലയെ രാജ്യത്തിന്റെ മൊത്തം ധാന്യക്കലവറയാക്കുന്ന വിപ്ലവകരമായ സംരംഭമായിരുന്നു ഈ അണക്കെട്ട്. രാജ്യത്തിന് പുരോഗതി സമ്മാനിക്കുന്ന ഇത്തരം ക്ഷേത്രങ്ങള്‍ കൂടുതല്‍ പണിതുയര്‍ത്തേണ്ടതാണെന്നും നെഹ്‌റു നിര്‍ദേശിച്ചിരുന്നു. എന്തു തന്നെയായാലും പില്‍ക്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയില്‍ ഇത്തരം പദ്ധതികള്‍ വലിയ സംഭാവനകള്‍ തന്നെയാണ് നല്‍കിയത്. രാജ്യത്തെ ജലവൈദ്യുത ഊര്‍ജത്തിന്റെ മൊത്തം ഉത്പാദനക്ഷമത ഏതാണ്ട് 148,700 മെഗാവാട്ട് ആയി കണക്കാക്കിയിട്ടുണ്ടെങ്കിലും അതില്‍ ഏതാണ്ട് 20 ശതമാനം അതായത് 30,164 മെഗാവാട്ട് മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുള്ളുവെന്നാണ് ഏകദേശ കണക്ക്. പുറമെ ഏകദേശം 13,616 മെഗാവാട്ടിലധികമുള്ള പദ്ധതികള്‍ നിലവില്‍ വികസിപ്പിച്ചുവരുന്നുമുണ്ട്. ഇതിനെല്ലാമപ്പുറം ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡാമുകള്‍ ഉള്ളതു കൊണ്ടുമാത്രം കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. മികച്ച ഡാമുകളുള്ള ലോകരാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇന്ത്യയില്‍ പ്രധാനപ്പെട്ട മുപ്പതിലേറെ നദീതടങ്ങളിലായുള്ള വന്‍ഡാമുകളുടെ എണ്ണം അയ്യായിരത്തിലേറെയാണ്. ഇതില്‍ പകുതിയിലേറേയും 20 വര്‍ഷത്തിനിടയില്‍ പണികഴിപ്പിച്ചതാണ്. മൂന്ന് കോടി ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കുന്ന ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ജലസംഭരണിയടക്കമുള്ള രാജ്യത്തെ ഡാമുകളെല്ലാം ജലബോംബുകളാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. അമിതമായ മഴമൂലം ജലനിരപ്പ് ഉയര്‍ന്ന് 1979ല്‍ ഗുജറാത്തിലെ മോര്‍ബി ഡാം തകര്‍ന്നുണ്ടായ ദുരന്തവും 1969ല്‍ മഹാരാഷ്ട്രയിലെ കൊയ്‌നാനഗറിലെ ഡാം ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നതും 2008ല്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സപ്തകോശി നദിയിലെ അണക്കെട്ട് തകര്‍ന്നതുമടക്കമുള്ള മൂന്ന് ദുരന്തങ്ങളാണ് ഇതുവരെയായുണ്ടായത്.
വൈദ്യുതിക്കും കുടിവെള്ളത്തിനുമായി ഡാമുകളെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ 58ഉം ജല അതോറിറ്റിയുടെ നിയന്ത്രണത്തില്‍ രണ്ടും ജലസേചന വകുപ്പിനു കീഴില്‍ 18ഉം അണക്കെട്ടുകളാണുള്ളത്. കേരളത്തിലെ അണക്കെട്ട് നിര്‍മാണത്തിന്റെ ചരിത്രം തുടങ്ങുന്നത് മുല്ലപ്പെരിയാറിലാണ്. തിരുവിതാംകൂര്‍ രാജാവും മദ്രാസ് ഗവര്‍ണറും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ അയല്‍ ജില്ലകളില്‍ കൃഷിക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണ് മുല്ലപ്പെരിയാര്‍. 1895ലാണ് 155 അടി ഉയരത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്നത്. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ആര്‍ച്ച് ഡാമായ ഇടുക്കിയാണ് അണക്കെട്ടുകളില്‍ പ്രാധാന്യമുള്ള മറ്റൊന്ന്.1975ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്ത ഇടുക്കി ഡാം കേരള സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ഊര്‍ജ സ്രോതസാണ്. പെരിയാര്‍ നദിയില്‍ ഇന്ത്യയിലെ തന്നെ പ്രധാന കൃത്രിമ ജലാശയങ്ങളിലൊന്നായ ഇടുക്കി ഡാം നിര്‍മിച്ചിരിക്കുന്നത് കുറവന്‍, കുറത്തി എന്നീ രണ്ടു കൊടുമുടികള്‍ ബന്ധിപ്പിച്ചാണ്. ആര്‍ച്ച് ഡാമിന്168 മീറ്റര്‍ ഉയരമുണ്ട്.

1969 ഏപ്രില്‍ 30നാണ് ഡാമിന്റെ പണികള്‍ ആരംഭിച്ചത്. ഇടുക്കി പോലെ ചുറ്റും മലനിരകളാല്‍ മൂടപ്പെട്ട സ്ഥലത്ത് കഠിനമായ സാഹചര്യങ്ങളെ അതീജീവിച്ചാണ് ഇടുക്കി ഡാം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. ഡാമിന്റെ പണികള്‍ ആരംഭിച്ച് ഏഴ് വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനായി. 1969ലാണ് ഡാമിന്റെ പണികള്‍ ആരംഭിച്ചതെങ്കിലും അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഡാം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 1961ല്‍ ആണ് അണക്കെട്ടിനായി രൂപകല്‍പന തയ്യാറാക്കിയത്. 1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം കിട്ടി. നിര്‍മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.ഇടുക്കി ഡാം ഇന്നും ലോകത്തിന് വിസ്മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദവും ശക്തിയുമെല്ലാം താങ്ങാന്‍ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിര്‍മിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നുകൂടി ഓര്‍ക്കണം.

1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കി 1940ല്‍ പൂര്‍ത്തിയായആദ്യ ജലവൈദ്യുത പദ്ധതിയെന്നറിയപ്പെടുന്ന പള്ളിവാസല്‍ അണക്കെട്ടും ചെങ്കുളം,നേര്യമംഗലം,പന്നിയാര്‍,ശബരിഗിരി തുടങ്ങി മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികളുമെല്ലാം കേരളത്തിന്റെ വികസന വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ് നല്‍കിയിട്ടുള്ളത്.മറ്റുള്ള വൈദ്യുത പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതെന്നതാണ് ജലവൈദ്യുത പദ്ധതിയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. പക്ഷേ, മഴ ചതിച്ചാല്‍ നമ്മുടെ നദികളിലെ നീരൊഴുക്ക് കുറയും. അണക്കെട്ടുകളിലെ ജലനിരപ്പ് താഴും. ഇത് വൈദ്യുതി ഉല്‍പാദനം കുറയുന്നതിനും കേരളത്തെ ഇരുട്ടിലാക്കാനും ഇടയാക്കുന്നു. എന്നാല്‍ കനത്ത മഴ പെയ്താല്‍ അണക്കെട്ട് നിറയുകയും അത് മറ്റ് ചില ഭീതികള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. കേരളത്തിന് അണക്കെട്ടുകള്‍ കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറില്ല.അപകടഭീതിയും ഭാവിയില്‍ വരുമെന്ന് സങ്കല്‍പ്പിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുമ്പോള്‍ അണക്കെട്ടുകളുടെ നേട്ടം മിക്കപ്പോഴും വിസ്മരിക്കപ്പെടുകയാണ്. മഴ കനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ മുമ്പൊരിക്കലും ഇല്ലാത്തവിധമാണ് ഇപ്പോള്‍ നിറഞ്ഞുകവിഞ്ഞിട്ടുള്ളത്. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോള്‍ വൈദ്യുതി വിലയ്ക്കു നല്‍കുകയാണ് കേരളം. 150 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇത്തവണ ഇതുവരെ ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ അധികമായെത്തിയത്.

ഇപ്പോള്‍ 3.8 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനം ദിവസേന ഉത്പാദിപ്പിക്കുന്നത്. ഇതാണ് വില്‍പ്പനയ്ക്ക് ബോര്‍ഡിനെ പ്രാപ്തമാക്കുന്നത്. ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതി വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഹരിയാനയില്‍നിന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കുകയും വൈദ്യുതി വില്‍ക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ നമ്മുടെ സംസ്ഥാനം.ബിഹാറിലേക്ക് വൈദ്യുതി പകല്‍ നല്‍കുന്നതിന് യൂനിറ്റിന് നാലര രൂപയാണ് വില. വൈകീട്ട് ഉപയോഗം കൂടിയ സമയത്ത് ആറു രൂപയുമാണത്രെ സംസ്ഥാനം വാങ്ങുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ദിവസം 500-600 മെഗാവാട്ട് വേറെയും വില്‍ക്കുന്നുണ്ട്. ജൂലായ് മാസത്തിനകം ബോര്‍ഡിന്റെ ചരിത്രത്തിലിതേവരെ ഇത്രയും വെള്ളം കിട്ടിയിട്ടില്ല എന്നും വൈദ്യുതിബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാനത്തെ ജലസമൃദ്ധി ഉറപ്പുവരുത്തുന്നതില്‍ പുഴകള്‍ക്ക് നിര്‍ണായക പങ്കാണെന്നതില്‍ വലിയ തര്‍ക്കമില്ല. മഴയും പുഴയും ചേര്‍ന്നൊരുക്കിയ ജലസമൃദ്ധിയാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പശ്ചിമഘട്ട മലനിരകളില്‍ പെയ്യുന്ന മഴയെ വേനല്‍ക്കാലത്ത് ഉള്‍പ്പടെ സംരക്ഷിച്ച് ഒഴുക്കി വിതരണം ചെയ്യുന്നത് കേരളത്തിലെ 44 പുഴകളും അവയുടെ നൂറുക്കണക്കിന് കൈവഴികളും ചേര്‍ന്നാണ്.

വികസനത്തിന്റെ കുത്തൊഴുക്കില്‍ പശ്ചിമഘട്ട മല നിരകള്‍ക്ക് സംഭവിച്ച നാശംമൂലം മഴ വെള്ളം അപ്പാടെ കുത്തിയൊഴുകി കടലില്‍ച്ചേരുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടു കൊണ്ടിരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം കുറക്കാനും കൃഷിയെ പിടിച്ചുനിര്‍ത്താനുമെല്ലാം അണക്കെട്ടുകള്‍ ചെയ്യുന്ന ഉപകാരം ചെറുതായി കാണാനാകില്ല. കേരളത്തിലെ പ്രമുഖ ജലസേചന പദ്ധതികളില്‍ ഒന്നായ പീച്ചി ജലസേജന പദ്ധതിപൂര്‍ത്തിയായി ആറ് പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ നടത്തിയ ഒരു കണക്കെടുപ്പു മാത്രം മതി സംസ്ഥാനത്തെ അണക്കെട്ടുകളുടെ ഗുണഫലം ബോധ്യപ്പെടാന്‍.

തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ സമീപ പഞ്ചായത്തുകളിലെയും 10 ലക്ഷത്തില്‍ അധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതും (50 ദശലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസം)കനാലുകളില്‍ കൂടി 17,555 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് വെള്ളം എത്തിക്കുന്നതും കണക്കാക്കിയാല്‍ മാത്രം മതി ചെറിയ ഒരു ഡാം കൊണ്ടുണ്ടാകുന്ന ഉപകാരത്തിന്റെ വ്യാപ്തി മനസ്സിലാകാന്‍. ലോക ബേങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ (ഡ്രിപ്) രണ്ടാം ഘട്ടം കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് ഇതിനകം കേന്ദ്ര ജലവിഭവ നദി വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുമുണ്ട്. 9000 കോടി രൂപയാണ് രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്കില്‍ നിന്ന് ലഭിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളുമുണ്ട്. അതേസമയം അണക്കെട്ടുകളുടെ സുരക്ഷയിലുള്ള ആശങ്കകള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാറിന്റേതുള്‍പ്പടെയുള്ള കാര്യങ്ങളിലെ ആശങ്ക ഏതു കാലവര്‍ഷക്കാലത്തേതും പോലെ ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടുകളുടെ സുരക്ഷിതത്വം, മേല്‍നോട്ട ചുമതല തുടങ്ങിയവ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെന്ന സംവിധാനത്തിന് കീഴിലാക്കാനുള്ള നടപടികളും തുടര്‍ന്നു വരുന്നുണ്ട്. രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അണക്കെട്ട് സുരക്ഷാ ബില്ലിന് കേന്ദ്രമന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. അണക്കെട്ടുകളുടെ സുരക്ഷിതപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ശരിയായ നിരീക്ഷണം, പരിശോധന, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങള്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്ത് അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിലവാര മാനദണ്ഡങ്ങളും നിര്‍ദേശിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ദേശീയ അതോറിറ്റിക്ക് ബില്‍ നിര്‍ദേശിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ അണക്കെട്ട് മറ്റൊരു സംസ്ഥാനത്തിന്റെ ഭൂപരിധിയിലാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ദേശീയ അതോറിറ്റിയാകും അണക്കെട്ടിന്റെ സുരക്ഷാസംഘടനയായി പ്രവര്‍ത്തിക്കുക. അതിനാല്‍ ബില്‍ നിയമമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പടെ ദേശീയ അതോറിറ്റിക്ക് കീഴിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here