വിലകുറഞ്ഞ രാഷ്ട്രീയ നാടകം

Posted on: August 6, 2018 10:34 am | Last updated: August 6, 2018 at 10:34 am
SHARE

നഗ്നമായ രാഷ്ട്രീയ മുതലെടുപ്പാണ് സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നടത്തിയ നേരിട്ടുള്ള ചര്‍ച്ച. നേരത്തെ കീഴാറ്റൂര്‍ വഴിയുള്ള ബൈപാസിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്ന മോദി സര്‍ക്കാര്‍ ബൈപാസിന് പകരം ബദല്‍പാതയുടെ സാധ്യത ആരായാമെന്നാണ് സമരസമിതിയുമായുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചക്ക് ശേഷം അഭിപ്രായപ്പെട്ടത്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തിലെ സാങ്കേതികവശം പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുകയും ബദല്‍പാതയടക്കം സമിതി പരിശോധിക്കുകയും ചെയ്യുമെന്ന് സമരസമിതിയെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിക്കുകയുണ്ടായി.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയമാണ് ദേശീയ പാതാ വികസനത്തിന്റെ ഭാഗമായുള്ള കീഴാറ്റൂര്‍ ബൈപ്പാസ്. ദേശീയപാത തളിപ്പറമ്പില്‍ നാലു വരിയായി വികസിപ്പിക്കാനായിരുന്നു ആദ്യത്തില്‍ ആലോചന. ഇതിനായി കടകമ്പോളങ്ങളും വീടുകളും പൊളിക്കേണ്ടിവരുമെന്നതിനാല്‍ ഉപേക്ഷിക്കുകയും പൂക്കോത്ത് തെരുവടക്കം ഉള്‍പ്പെടുന്ന കുപ്പം കൂവോട് കുറ്റിക്കോല്‍ ബൈപ്പാസ് നിര്‍മിക്കാമെന്ന നിര്‍ദേശം ഉയരുകയും ചെയ്തു. ഈ പദ്ധതിയിലും നൂറിലേറെ വീടുകള്‍ പൊളിക്കേണ്ടിവരുമെന്നായപ്പോഴാണ്കീഴാറ്റൂരിലൂടെ അലൈന്‍മെന്റുണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. ഇതനുസരിച്ചു 30-ല്‍ താഴെ വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ. ഈ നിര്‍ദേശത്തോട് തുടക്കത്തില്‍ ഒരൊറ്റ രാഷ്ട്രീയ കക്ഷിക്കും വിയോജിപ്പുണ്ടായിരുന്നില്ല.

നഷ്ടമാകുന്ന വീടുകളുടെ എണ്ണം കുറവാണെങ്കിലും കീഴാറ്റൂര്‍ ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ ബൈപാസ് തകിടംമറിക്കുമെന്നു ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ സമരം ആരംഭിച്ചപ്പോഴാണ് ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കണ്ട് ബി ജെ പി സമരക്കാരെ പിന്തുണച്ചു രംഗത്തുവന്നത്. സംസ്ഥാനത്ത് കൂടുതല്‍ വേരോട്ടമുണ്ടാക്കാനായി ജനകീയസമരങ്ങളെ ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് പാര്‍ട്ടി ഇവിടെ പ്രയോഗിച്ചത്. സി പി എമ്മിന്റെ നെടുങ്കോട്ടയായ കീഴാറ്റൂരിലേക്ക് പ്രവേശിക്കാനുള്ള തന്ത്രമായാണ് ബിജെപി പിന്തുണയെ തുടക്കം മുതല്‍ വിലയിരുത്തപ്പെടുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി വയല്‍ക്കിളികള്‍ സംഘടിപ്പിച്ച ജനകീയ മാര്‍ച്ചില്‍ പങ്കെടുത്ത ബി ജെ പിനേതാക്കള്‍ സമരവേദിയില്‍ മോദി സര്‍ക്കാറിന്റെ മാഹാത്മ്യം വിളമ്പിയത് അവരുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുകയും ചെയ്തു.

വികസനം വയലുകളെയും തണ്ണീര്‍തടങ്ങളെയും വെട്ടിമുറിക്കാതെയും പ്രകൃതിയെ നശിപ്പിക്കാതെയും ആയിരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് ന്യായവും അംഗീകരിക്കപ്പെടേണ്ടതുമാണ്. ഇതനുസരിച്ചു ഒരു ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള കേന്ദ്രനീക്കവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ വളഞ്ഞ വഴി സ്വീകരിക്കാതെയും കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കാതെയും സുതാര്യമായ മാര്‍ഗത്തിലൂടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കീഴാറ്റൂര്‍ സമരസമിതി നേതാക്കള്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സന്ദര്‍ശിച്ചാല്‍ അവരുടെ പരാതികള്‍ കേട്ട ശേഷം സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷമായിരുന്നു കേന്ദ്രം തീരുമാനം പ്രഖ്യാപിക്കേണ്ടത്. പകരം സംസ്ഥാന സര്‍ക്കാറിനെയും ഇടതുമുന്നണിയെയും അടിക്കാനുള്ള വടിയായായാണ് സംസ്ഥാനത്തിന്റെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നത്തെ കേന്ദ്രം ഇപ്പോള്‍ ഉപയോഗപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാറിനല്ല, ദേശീയപാതാ അതോറിറ്റിക്കും കേന്ദ്ര സര്‍ക്കാറിനുമാണ് ബൈപ്പാസിന്റെ മുഴുവന്‍ ഉത്തരവാദിത്വവും. അലൈന്‍മെന്റ് തയ്യാറാക്കിയതും ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയതും ദേശീയ പാത അതോറിറ്റിയായിരുന്നു. സ്ഥലംം തിരഞ്ഞെടുത്തതും ദേശീപാത അധികൃതരാണ്. കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുമെന്ന് അറിയിച്ചു കൊണ്ട് ജനുവരി നാലിന് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണിപ്പോള്‍ ഞങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍, എല്ലാ കുറ്റവും സംസ്ഥാന സര്‍ക്കാറില്‍ ചുമത്തി കേന്ദ്രം രാഷ്ട്രീയ നാടകം കളിക്കുന്നത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ സൃഷ്ടിക്കുന്ന ഈ സമീപനം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധമാണ്.
ബി ജെ പിയുടെയും കേന്ദ്രത്തിന്റെയും ഈ രാഷ്ട്രീയക്കളി ദേശീയപാതാ വികസനം തന്നെ അട്ടിമറിക്കാന്‍ ഇടയാക്കുമോ എന്ന സന്ദേഹവും ഉയര്‍ത്തുന്നുണ്ട്. ബി ജെ പിയോട് അകലം പാലിക്കുന്ന കേരളീയര്‍ക്ക് വികസനം വേണ്ടെന്ന നലപാടാണ് മോദി സര്‍ക്കാര്‍ ഇതപര്യന്തം സ്വീകരിച്ചുവരുന്നത്.

ഏറ്റവുമൊടുവില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെയും എയിംസിന്റെയും കാര്യത്തിലും ഇതായിരുന്നല്ലോ കേന്ദ്രനിലപാട്. ജൂണില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി നദ്ദയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തതാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി നദ്ദ ലോക്‌സഭയില്‍ പറഞ്ഞത് നല്‍കാന്‍ തീരുമാനമില്ലെന്നാണ്. ഇന്ത്യന്‍ റെയില്‍വേക്കാവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ നിലവിലെ ഫാക്ടറികള്‍ തന്നെ പര്യാപ്തമാണെന്നും ഇനി പുതിയൊരു ഫാക്ടറിയുടെ ആവശ്യമില്ലെന്നും പറഞ്ഞു കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി വാഗ്ദാനത്തില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങിയത് ഒരു മാസം മുമ്പാണ്. ഭക്ഷ്യസുരക്ഷാ വിഹിതം, ദുരിതാശ്വാസ സഹായം തുടങ്ങി മറ്റു കാര്യങ്ങളിലും ഇതേനയമാണ് കേരളത്തോട് മോദി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here