മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Posted on: August 6, 2018 10:17 am | Last updated: August 6, 2018 at 11:11 am
SHARE

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. നാഷനല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് നാളെ അര്‍ധരാത്രി വരെ നീളും. കേരളത്തില്‍ കെ എസ് ആര്‍ ടിസി ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. ഇതോടെ മോട്ടോര്‍ വാഹന മേഖല പൂര്‍ണമായും സ്തംഭിക്കും.

അഞ്ചര കോടിയിലധികം മോട്ടോര്‍ തൊഴിലാളികളും ചെറുകിട തൊഴില്‍ ഉടമകളും പണിമുടക്കും. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കാളികളാകും.
റോഡ് ഗതാഗത മേഖല കുത്തകവത്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ആവശ്യമുന്നയിച്ചുള്ള ദേശീയ പണിമുടക്ക് രണ്ടാം തവണയാണ്.