Connect with us

Gulf

ഹാജിമാര്‍ക്കായി പുണ്യ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Published

|

Last Updated

മക്ക: ഹാജിമാര്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മക്കയിലും മദീനയിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജിദ്ദാ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാരില്‍ മക്കയിലും മദീനയിലുമായി ശനിയാഴ്ച വരെ 84,472 തീര്‍ത്ഥാടകരാണ് എത്തിയത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ ഹജ്ജിനു വരുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ഹജ്ജിനുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹറമിനു 900 മീറ്ററിനുള്ളില്‍ 68 കെട്ടിടങ്ങളിലായാണു ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്കു താമസമൊരുക്കിയിരിക്കുന്നത്. അസീസിയാ കാറ്റഗറിയിലുള്ള ബഹുഭൂരിപക്ഷം ഹാജിമാര്‍ക്ക് ഹറമിലെത്തുന്നതിനായി 400 ബസ്സുകളാണ് നിത്യവും സേവനം നടത്തുന്നത്. 600 ഒഫീഷ്യലുകള്‍ ഇന്ത്യയില്‍ നിന്നും, 600 ഒഫീഷ്യലുകള്‍ സൗദിയില്‍ നിന്നും പുണ്യ ഭൂമികളില്‍ തീര്‍ത്ഥാടകര്‍ക്കായി സേവന നിരതമാണ്. ഇവരില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവരും ഉള്‍പ്പെടും. കൂടാതെ നൂറുക്കണക്കിന് വളണ്ടിയര്‍മാരും സേവന നിരതരാണ് – നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.

തീര്‍ത്ഥാടകരുടെ വൈദ്യ സേവനത്തിനായി മക്ക അസീസിയയില്‍ 40 ബെഡ് സൗകര്യമുള്ള ഹോസ്പിറ്റലും സ്ത്രീകള്‍ക്ക് മാത്രമായി 10 ബെഡുള്ള ഹോസ്പിറ്റലും പ്രവര്‍ത്തന സജ്ജമാണ്. 14 ആംബുലന്‍സുകളും അസീസിയയില്‍ പ്രവര്‍ത്തന നിരതമാണ്. 4 കോടി രൂപയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇന്ത്യന്‍ ഹാജിമാരുടെ ആതുര സേവനത്തിനായി മാത്രം ചിലവഴിക്കുന്നത്. “ഇ-മസീഹ” സിസ്റ്റം എന്നാണ് മെഡിക്കല്‍ സേവനത്തിന് പേര്. ഇലക്ട്രോണിക് മെഡിക്കല്‍ അസിസ്റ്റന്‍സ് സിസ്റ്റം ഫോര്‍ ഇന്ത്യന്‍ ഹാജീസ് അബ്‌റോഡ്.

മഹ്‌റം ഇല്ലാതെ 1300 സ്ത്രീകളാണ് ഈ വര്‍ഷം ഹജ്ജിനെത്തുന്നത്. അവരിലധികം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കായി മാത്രം മക്കയില്‍ മൂന്ന് കെട്ടിടങ്ങളാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച വരെ 14 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മക്കയില്‍ മരണപ്പെട്ടുവെന്നും സി.ജി അറിയിച്ചു.
ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ശാഹിദ് ആലം, മക്ക ഹജ്ജ് ഇന്‍ചാര്‍ജ് ആസിഫ് സഈദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest