കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും

Posted on: August 5, 2018 2:12 pm | Last updated: August 5, 2018 at 8:45 pm

ആലപ്പുഴ: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ. ആളപ്പുഴയില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. കുട്ടനാട് പാക്കേജില്‍ നടപ്പിലാവാതെ പോയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇതില്‍ കേന്ദ്ര സഹായം തേടാനും യോഗത്തില്‍ തീരുമാനമായി.

എസി കനാലടക്കമുള്ള മറ്റ് കനാലുകളുടെ പ്രവര്‍ത്തനമാണ് നേരത്ത കുട്ടനാട് പാക്കേജില്‍ നടപ്പിലാവാതെ പോയത്. ഇവ പ്രവര്‍ത്തന സജ്ജമാക്കും. മടകള്‍ പൊട്ടി വെള്ളം കയറിയ കുട്ടനാട്ടിലെ വിവിധയിടങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ജനവാസ മേഖലയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നെല്‍ക്യഷിക്കായി നിലമൊരുക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ക്യഷി വകുപ്പിനേയും റവന്യു വകുപ്പിനേയും ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. പ്രളയത്തില്‍ ആയിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്.

പ്രളയക്കെടുതി പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു. രണ്ട് മണിക്കൂര്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി ആദ്യം മാധ്യമങ്ങളോട് സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും ബഹളത്തെത്തുടര്‍ന്ന് ഒന്നും സംസാരിക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് മന്ത്രി ജി സുധാകരന്‍ മാധ്യമങ്ങളെ യോഗ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു.