ശമനമില്ലാതെ രോഗഭീതി

ഏറ്റവും പുതിയതായി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് പക്ഷികളില്‍ നിന്ന് കൊതുകിലേക്കും കൊതുകുകള്‍ വഴി മനുഷ്യനിലേക്കും എത്തുന്ന വൈറസ് പരത്തുന്ന വെസ്റ്റ് നൈല്‍ പനി പിടിപെട്ടതായി സംശയിക്കുന്നു. പരിശോധനകള്‍ നടന്നു വരുന്നതേ ഉള്ളൂ. വെസ്റ്റ് നൈല്‍ പനി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Posted on: August 5, 2018 10:09 am | Last updated: August 5, 2018 at 10:09 am
SHARE

കാലാവസ്ഥാ വ്യതിയാനം ലോകത്തെ നിരന്തരം രോഗങ്ങളിലേക്ക് തള്ളിവിടുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. 2017ഉം 2018ഉം രോഗങ്ങളുടെ വര്‍ഷമായി തീര്‍ന്നിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ രോഗം 2017ല്‍ അമേരിക്കന്‍ ഐക്യ നാടിനെ പിടിച്ചു കുലുക്കി. ആ വര്‍ഷം മെഡഗാസ്‌കറില്‍ ബുബോണിക് പ്ലേഗ് എന്ന കറുത്ത മരണം തലപൊക്കിയിരുന്നു. ഉഗാണ്ടയില്‍ മര്‍ബര്‍ഗ വൈറസും യമനില്‍ കോളറയും കടുത്ത നാശം വിതച്ചു കടന്നുപോയി. ബംഗ്ലാദേശില്‍ ഡിഫ്ത്തീരിയയും തലപൊക്കി. ചൈനയില്‍ എച്ച് 7 എന്‍ 9 എന്ന പക്ഷിപ്പനിയും കോംഗോയില്‍ എബോള വൈറസ് ബാധയും പൊട്ടിപ്പുറപ്പെട്ടു. മധ്യപൗരസ്ത്യ ദേശത്ത് സാര്‍സ് രോഗവും ബ്രസീലില്‍ സിക രോഗവും കടന്നുപോയി. കേരളത്തില്‍ നമ്മെ പേടിപ്പിച്ച് നിപ്പാ വൈറസും വന്നു. ഏറ്റവും പുതിയതായി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് പക്ഷികളില്‍ നിന്ന് കൊതുകിലേക്കും കൊതുകുകള്‍ വഴി മനുഷ്യനിലേക്കും എത്തുന്ന വൈറസ് പരത്തുന്ന വെസ്റ്റ് നൈല്‍ പനി പിടിപെട്ടതായി സംശയിക്കുന്നു.

പരിശോധനകള്‍ നടന്നു വരുന്നതേ ഉള്ളൂ. വെസ്റ്റ് നൈല്‍ പനി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ പനി പിടിപെടുന്ന 150 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രമേ രോഗം മൂര്‍ച്ഛിക്കുകയുള്ളൂ എന്നതാണ് ആശ്വാസം. ഈ രോഗം നേരിട്ട് പക്ഷിയില്‍ നിന്ന് മനുഷ്യനിലേക്കോ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ പക്ഷിയില്‍ നിന്ന് പക്ഷിയിലേക്കോ പകരാന്‍ സാധ്യത കുറവാണ്. കൊതുക് വഴി മാത്രമേ വെസ്റ്റ് നൈല്‍ വൈറസ് പകരുകയുള്ളൂ. അതിനാല്‍ കൊതുകു കടി കൊള്ളുന്നത് ഒഴിവാക്കിയാല്‍ രോഗം വരുന്നത് തടയാനാകും. നിപ്പാ വൈറസ് രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് 1998- 1999 കാലത്ത് മലേഷ്യയിലെ സുഗായ് നിപ്പാ എന്ന ഗ്രാമത്തിലെ നിപ്പാ നദീ തീരത്തായിരുന്നു. ശ്വാസതടസ്സം, മസ്തിഷ്‌ക വീക്കം, പനി, തലവേദന, ക്ഷീണം, മന്ദിപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പാരാമിക്‌സ്ഓ എന്ന വൈറസാണ് രോഗത്തിന് കാരണക്കാര്‍. നിപ്പാ വൈറസ് രോഗം മൃഗങ്ങള്‍ വഴി മനുഷ്യനിലെത്തുന്ന ഒരു രോഗമാണ്. വൈറസുകള്‍ ടിറോപ്പ്‌സ് എന്ന ഒരു തരം പഴംതീനി വവ്വാലുകള്‍ വഴിയാണ് മനുഷ്യനിലെത്തുന്നത്.

വൈറസ്‌വാഹകരായ ഇത്തരം വവ്വാലുകളില്‍ സാധാരണ നിലയില്‍ നിപ്പാ വൈറസ് ബാധ കാണാറില്ലെന്നതാണ് വാസ്തവം. വളരെ വിരളമായി മാത്രമേ ടിറോപ്പ്‌സ് വവ്വാലുകളില്‍ നിപ്പാ വൈറസ് കണ്ടു വരാറുള്ളൂ. വവ്വാലുകളില്‍ ചുരുങ്ങിയ കാലത്തേക്ക് മാത്രമേ നിപ്പാ വൈറസ് ബാധ നിലനില്‍ക്കുകയുള്ളൂ. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീരും മല, മൂത്രവും രോഗം പരത്തുവാന്‍ പര്യാപ്തമാണ്. പഴങ്ങള്‍ തിന്നു ജീവിക്കുന്ന വവ്വാലുകള്‍ ചെടികളില്‍ പരാഗണം നടത്തുന്നതിനും വിത്ത് വിതരണത്തിനും അത്യന്താപേക്ഷിതവും വന നാശം തടയുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നവരുമാണ്.
വവ്വാലുകള്‍ വഴി പല തരത്തിലാണ് ഈ വൈറസുകള്‍ മനുഷ്യനില്‍ എത്തുന്നത്. 2001ലും 2007ലും ബംഗ്ലാദേശില്‍ കണ്ടെത്തിയ പോലെ ഈന്തപ്പനയില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ളിലൂടെയാകാം. ഒരു പക്ഷേ ഇതില്‍ വൈറസ് വാഹകരായ വവ്വാലിന്റെ മൂത്രമോ ഉമിനീരോ കലര്‍ന്നിരിക്കാം. രണ്ടാമതായി, 1998ല്‍ മലേഷ്യയില്‍ നിപ്പാ രോഗം പരന്നത് പോലെ ടിറോപ്പ്‌സ് വവ്വാലുകള്‍ ചപ്പി തുപ്പി പുറത്തു വിട്ട പഴങ്ങള്‍ തിന്നുന്നത് മൂലം നിപ്പാ മനുഷ്യനിലെത്താന്‍ സാധ്യത ഉണ്ട്. മൂന്നാമതായി രോഗം ബാധിച്ചവരുടെ തുപ്പല്‍, മൂത്രം എന്നിവ വഴിയും രോഗം മനുഷ്യനിലെത്താവുന്നതാണ്. ഇങ്ങനെ രോഗം വരണമെങ്കില്‍ രോഗിയുമായുള്ള വളരെ അടുത്ത സഹവാസം ഉണ്ടായിരിക്കണം.

2018, ജൂണ്‍ അവസാനമാണ് നിപ്പാ വൈറസ് രോഗം കേരളത്തിലെ രണ്ട് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ഈ രോഗം 2001ലും 2007ലും പശ്ചിമ ബംഗാളില്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. അന്ന് ഏകദേശം 47പേര്‍ രോഗം മൂലം മരണമടഞ്ഞു. കേരളത്തില്‍ 2018 മെയ് 5നും 18നും നിപ്പാ വൈറസ് രോഗം മൂലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ രണ്ടുപേര്‍ മരണമടഞ്ഞു. അതിനു ശേഷം മൂന്ന് പേര്‍ കൂടി മരിച്ചു. മരണ സംഖ്യ 10 ആയപ്പോള്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിപ്പാ വൈറസ് മൂലമുള്ള മരണ സംഖ്യ സംസ്ഥാനത്ത് 17 ആയിരുന്നു. ഒരാളില്‍ നിപ്പാ വൈറസ് എത്തിയാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുവാന്‍ നാല് മുതല്‍ 14 ദിവസം വരെ എടുക്കും. ഈ രോഗത്തിന് പ്രത്യേക വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുകയും രോഗിക്ക് ശരിയായ ശുശ്രൂഷയും പരിചരണവും നല്‍കുകയുമാണ് രോഗം തടയുവാനുള്ള പ്രതിവിധി.

LEAVE A REPLY

Please enter your comment!
Please enter your name here