അസാമിലെ മനുഷ്യര്‍ക്ക് റോഹിംഗ്യകളുടെ മുഖച്ഛായ

കാര്യങ്ങള്‍ സുവ്യക്തമാണ്. അസാമിലെ ബംഗാളി സംസാരിക്കുന്നവര്‍ ഒന്നടങ്കം ആക്രമിക്കപ്പെടേണ്ടവരാണെന്ന നേരത്തേയുള്ള പൊതു ബോധത്തിന് ഔദ്യോഗിക സമ്മിതി നല്‍കുകയാണ് പൗരത്വ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് അധികാരം നിലനിര്‍ത്താന്‍ എങ്ങനെയാണോ റോഹിംഗ്യാ മുസ്‌ലിംകളുടെ പൗരത്വ നിരാസം ഉപകരിച്ചത് അതുപോലെ ഹിന്ദുത്വ ശക്തികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കൂടി വിജയമാവര്‍ത്തിക്കാന്‍ പൗരത്വ രജിസ്റ്റര്‍ വഴിവെക്കും. മുസ്‌ലിം വിഷയമായി ഇത് മാറണമെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ ആഗ്രഹിക്കുന്നത്. എങ്കിലേ വര്‍ഗീയ വിഭജനം സമ്പൂര്‍ണമാകുകയുള്ളൂ. അതുകൊണ്ട് ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടേണ്ടത്.
ലോകവിശേഷം
Posted on: August 5, 2018 10:03 am | Last updated: August 5, 2018 at 10:03 am
SHARE

നാല്‍പ്പത് ലക്ഷം പേരെ രാഷ്ട്രരഹിതരാക്കി അസാമില്‍ ദേശീയ പൗരത്വപട്ടിക നിലവില്‍ വന്നിരിക്കുന്നു. എവിടെ നിന്ന് വന്നു, എപ്പോള്‍ വന്നു, വന്നതിന് എന്താണ് തെളിവ്, നിന്നതിന് എന്താണ് തെളിവ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് രേഖാപരമായ ഉത്തരം നല്‍കാനാകാത്ത മനുഷ്യരാണ് തങ്ങള്‍ പിന്നിട്ട ജീവിതം മുഴുവന്‍ തെളിയിക്കപ്പെടേണ്ട വസ്തുതയായിരുന്നുവെന്ന സത്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നത്. ഇക്കാലം വരെ ജീവിച്ച മണ്ണില്‍ അന്യരായിത്തീരുകയെന്നത് അനുഭവിച്ചവര്‍ക്ക് പോലും കൃത്യമായി വിവരിക്കാനാകാത്തത്ര വേദനാപൂര്‍ണമായ അവസ്ഥയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശത്തില്‍ തുടങ്ങുകയും പിന്നീട് രാഷ്ട്രീയ കുതന്ത്രമായി പരിണമിക്കുകയും ചെയ്ത പുതുക്കിയ പൗരത്വ പട്ടിക സമ്പൂര്‍ണ അബദ്ധ പഞ്ചാംഗമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ കരസേനയില്‍ നിന്ന് വിരമിച്ച മുഹമ്മദ് അജ്മല്‍ ഹഖിന് പട്ടികയില്‍ ഇടം കിട്ടിയില്ലെന്നത് മാത്രം മതി ഈ രജിസ്റ്ററിന്റെ വിശ്വാസ്യതയും കൃത്യതയും എത്രയുണ്ടെന്നതിന്റെ തെളിവ്. 1951ലെ സെന്‍സസിന് ശേഷമാണ് ആദ്യമായി എന്‍ ആര്‍ സി തയ്യാറാക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പിന്‍മുറക്കാരോ 1971 മാര്‍ച്ച് 24 മുതല്‍ അസാം വോട്ടര്‍പട്ടികയില്‍ പേരുള്ളവരോ അവരുടെ പിന്‍മുറക്കാരോ ആണ് പുതിയ പട്ടികയില്‍ വരികയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ ഇതൊന്നുമല്ല മാനദണ്ഡമെന്ന പ്രതീതിയാണ് ഉണ്ടായത്. പുറത്താക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകള്‍. ഗ്രാമീണര്‍, ദരിദ്രര്‍. വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയ വീടും ഇത്തിരി മണ്ണുമാണ് അവര്‍ക്കുള്ളത്. അക്ഷരാര്‍ഥത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍. അവരോട് രേഖകള്‍ ഹാജരാക്കാന്‍ പറയുന്നവര്‍ക്കറിയാം അത് അസാധ്യമായ കാര്യമാണെന്ന്. ഈ മാസം 30 മുതല്‍ അടുത്ത മാസം 28 വരെ പരാതിപ്പെടാനും രേഖകള്‍ സമര്‍പ്പിക്കാനും സമയം നല്‍കിയിട്ടുണ്ട്. ഈ തെറ്റുതിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോഴും 30 ലക്ഷം പേര്‍ രാഷ്ട്രരഹിതരായി തുടരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

പുതുതായി രൂപപ്പെട്ട ഏതെങ്കിലും പ്രതിസന്ധിയില്‍ നിന്നല്ല ഈ പട്ടിക ഉടലെടുക്കുന്നത്. പുതിയ കാലത്ത് പുതിയ രാഷ്ട്രീയ അര്‍ഥത്തോടെ ഈ ആട്ടിയോടിക്കല്‍ നടക്കുന്നുവെന്നേയുള്ളൂ. അസാമില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ പിളര്‍പ്പിന്റെ തുടര്‍ച്ചയാണ് അത്. ഏത് തരം ദേശീയതയും അതിന്റെ തീവ്രമായ അവസ്ഥയില്‍ ആട്ടിയോടിക്കലിലാണ് കലാശിക്കുക. അത് അന്യരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. അകത്തും പുറത്തും ശത്രുക്കളെ കണ്ടെത്തും. അകത്തുള്ളവരില്‍ ചിലരെ ദേശീയധാരയില്‍ നിന്ന് പുറത്താക്കും. പുറത്ത് നിന്ന് വരുന്നവരെ അക്ഷരാര്‍ഥത്തില്‍ തിരിച്ചയക്കും. വംശ വിശുദ്ധിയാണ് അക്രമാസക്ത ദേശീയതയുടെ ആത്യന്തിക ലക്ഷ്യം. ചരിത്രത്തെയും പൈതൃകത്തെയും മൂല്യങ്ങളെയും ഒക്കെ അത് പൊളിച്ച് പണിയും. അസാമില്‍ നേരത്തേ ഈ വിച്ഛേദനം ബംഗാളികളെ ഒന്നാകെ അന്യരാക്കിക്കൊണ്ടായിരുന്നു. അന്ന് ബൊംഗാള്‍ ഖേദാ (ബംഗാളികള്‍ പുറത്ത്) എന്നായിരുന്നു മുദ്രാവാക്യം. അന്ന് ബൊംഗാ എന്നതിന് അര്‍ഥം വിദേശി എന്നായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ ബോഗാ ബൊംഗാളി (വെള്ള ബംഗാളി)കള്‍ ആയി. ശത്രുവിനെ സൃഷ്ടിക്കുന്ന ഈ പ്രക്രിയ കക്ഷിരാഷ്ട്രീയത്തിന്റെ താത്പര്യത്തിലേക്ക് വന്നപ്പോള്‍ കൃത്യമായി ‘മുസ്‌ലിംകള്‍ പുറത്ത്’ എന്ന മുദ്രാവാക്യം പിറന്നു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയാണ് പുറത്താക്കേണ്ടത് എന്ന മുദ്രാവാക്യം ആള്‍ അസാം സ്റ്റുഡന്റ് യൂനിയനും അസാം ഗണപരിഷത്തും ബോഡോ തീവ്രവാദികളും കോണ്‍ഗ്രസിലെ ഒരു വിഭാഗം പോലും ഉയര്‍ത്തി. അതോടെ തൊപ്പിയും താടിയും വെച്ച ആരും നുഴഞ്ഞു കയറ്റക്കാരനായി. സ്വദേശി/ വിദേശി എന്നത് പറഞ്ഞു നില്‍ക്കാനുള്ള ന്യായം മാത്രമായിത്തീരുകയും യഥാര്‍ഥ ഉന്നം മതം തന്നെയാകുകയുമായിരുന്നു. 1951ലെ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ പറയുമ്പോള്‍ സുപ്രീം കോടതി ലക്ഷ്യമിടുന്നത് നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുകയായിരിക്കാം. കേന്ദ്ര സര്‍ക്കാറും ബി ജെ പിയും വീറോടെ വാദിക്കുന്നതും രാഷ്ട്ര സുരക്ഷക്ക് വേണ്ടിയാണല്ലോ. എന്നാല്‍ ലക്ഷ്യം മുസ്‌ലിംകളാണ്. അത് മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ആട്ടിയോടിക്കലുമായി ഏറെ സാമ്യപ്പെട്ടിരിക്കുന്നു. വംശഹത്യയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ലോകത്തെ ഏറ്റവും ക്രൂരമായ വംശീയ ശുദ്ധീകരണമാണ് മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ സംഭവിച്ചത്. എന്നാല്‍ അതിനേക്കാള്‍ ക്രൂരവും ആസൂത്രിതവും നൈരന്ത്യര്യമുള്ളതുമായ വംശഹത്യക്കാണ് അസാമും പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഒരു കറുത്ത പ്രഭാതത്തില്‍, ഏതെങ്കിലും ഒരു പ്രത്യേക പ്രകോപനത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയായിരുന്നില്ല. പതിറ്റാണ്ടുകള്‍ നീണ്ട പീഡനത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ് അവര്‍ സ്വന്തം മണ്ണ് വിട്ട് പലായനത്തിന് നിര്‍ബന്ധിതരായത്. ഇതേ നിരന്തര പീഡനവും കൂട്ടക്കൊലകളും അസാമിലും കാണാനാകും. ബോഡോ തീവ്രവാദമടക്കമുള്ള മണ്ണിന്‍ മക്കള്‍ വാദം ശക്തമായ 1983 മുതല്‍ 14,000 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 1993ലും 94ലും 97ലുമെല്ലാം കലാപങ്ങള്‍ നടന്നു. നെല്ലി കലാപം ഇതില്‍ ഏറ്റവും ഭീകരമായിരുന്നു. അന്ന് മാത്രം 3500പേര്‍ കൊല്ലപ്പെട്ടു. വോട്ടര്‍പ്പട്ടികയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി തുടങ്ങിയ അക്രമാസക്ത പ്രക്ഷോഭമാണ് ആ കൂട്ടക്കൊലയിലേക്ക് നയിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും അന്ന് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തിലും കൃത്യമായ ഇടവേള വെച്ച് ആക്രമണ പരമ്പരകള്‍ നടന്നിട്ടുണ്ട്. ഒരിക്കല്‍ ബുദ്ധ തീവ്രവാദികളാണെങ്കില്‍ പിന്നെയൊരിക്കല്‍ അത് സൈന്യം നേരിട്ടായിരിക്കും. ആത്യന്തിക ഉന്‍മൂലനത്തിന്റെ സ്വഭാവത്തിലേക്ക് നിഗ്രഹം വഴിമാറിയത് 1982ല്‍ പാസ്സാക്കിയ പൗരത്വ നിയമത്തോടെയാണ്. അസാം പൗരത്വ രജിസ്റ്ററും അത്തരമൊരു ഉന്‍മൂലനത്തിലേക്ക് നയിക്കുമോയെന്ന ഭീതിയാണ് ചരിത്രബോധമുള്ളവരെല്ലാം പങ്കുവെക്കുന്നത്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് അവരുടെ തീട്ടൂരമനുസരിച്ച് ഒരു കൂട്ടം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഇന്നത്തെ ബംഗ്ലാദേശ് ഉള്‍ക്കൊള്ളുന്ന ഭാഗത്തേക്കും ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ മറ്റു ചില ഭാഗങ്ങളിലേക്കും കുടിയേറിയിരുന്നു. ബ്രിട്ടീഷ് കമ്പനികള്‍ അവരുടെ തോട്ടങ്ങളിലും കെട്ടിട നിര്‍മാണങ്ങളിലും പണിയെടുപ്പിക്കാന്‍ അവരെ കൊണ്ടു പോകുകയായിരുന്നു. പണിക്കാരോടൊപ്പം കുടുംബവും നാടുവിട്ടു. ബ്രിട്ടീഷുകാരുടെ ശക്തി ക്ഷയിച്ചപ്പോള്‍ അവരെല്ലാവരും തിരിച്ച് രാഖിനെ പ്രവിശ്യയില്‍, സ്വന്തം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇവരെ ചൂണ്ടിയാണ് ബുദ്ധതീവ്രവാദികള്‍ റോഹിംഗ്യ മുസ്‌ലിംകളെ ഒന്നാകെ വിദേശികളാക്കിയത്. 1948ല്‍ ബര്‍മ സ്വതന്ത്രമാകുമ്പോള്‍ സമ്പൂര്‍ണ പൗരത്വം അനുഭവിച്ചവരാണ് മുഴുവന്‍ റോഹിംഗ്യകളും. അവര്‍ ഭരണ നിര്‍വഹണത്തിലും രാഷ്ട്രീയത്തിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. നല്ല സാമ്പത്തിക ശേഷിയുള്ളവരുമായിരുന്നു അവര്‍.
1962ല്‍ പട്ടാള ഭരണത്തിലേക്ക് ബര്‍മ കൂപ്പുകുത്തിയപ്പോഴാണ് ഈ സ്വാസ്ഥ്യം അപ്പാടെ തകര്‍ക്കപ്പെടുന്നത്. പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനിക മേധാവി നേ വിന്‍ രാഷ്ട്രത്തലവനായി മാറി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും സോവിയറ്റ് യൂനിയന്‍ ഭരണകൂടവുമായും അടുത്ത ബന്ധമുണ്ടായിരുന്ന നേ വിന്റെ ലക്ഷ്യം ഒരു സ്റ്റാലിനിസ്റ്റ് ഭരണകൂടം സ്ഥാപിച്ചെടുക്കുകയായിരുന്നു.

പട്ടാള ഭരണത്തെ സോഷ്യലിസ്റ്റ് ഭരണ സംസ്ഥാപനമായി അവതരിപ്പിക്കുകയാണ് നേ വിന്‍ ചെയ്തത്. ദി ബര്‍മീസ് റോഡ് ടു സോഷ്യലിസം എന്ന് വിളിക്കപ്പെട്ട ഭരണ മാറ്റം എല്ലാ എതിര്‍സ്വരങ്ങളെയും അടിച്ചമര്‍ത്തി. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന അവകാശവാദത്തോടെ നിലവില്‍ വന്ന ഈ സംവിധാനത്തിന്‍ കീഴില്‍ മറ്റെല്ലാം പാര്‍ട്ടികളും നിരോധിക്കപ്പെട്ടു. ഇതിനെതിരെ വലിയ ജനകീയ പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവന്നു. റങ്കൂണ്‍ സര്‍വകലാശാലയില്‍ സമര ജ്വാല പടര്‍ത്തിയ വിദ്യാര്‍ഥികളെ വെടിവെച്ച് കൊന്നാണ് ഭരണകൂടം ‘കമ്യൂണിസം’ സ്ഥാപിച്ചത്. ഈ സമരം നേ വിന്നിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എല്ലാ വിഭാഗങ്ങളും ജനങ്ങളും തനിക്കെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. അത് മറികടക്കാന്‍ രാജ്യത്തിനകത്ത് ശത്രുക്കളെ സൃഷ്ടിച്ച്, ദേശീയത കത്തിച്ച് നിര്‍ത്തുക മാത്രമായിരുന്നു പോംവഴി. അതോടെ, അനേകം വംശീയ പാരമ്പര്യങ്ങളുള്ള മ്യാന്‍മറില്‍ ബുദ്ധപാരമ്പര്യത്തെ മാത്രം ആഘോഷിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രം പട്ടാള ഭരണകൂടം പുറത്തെടുത്തു.
എല്ലാ പ്രതിസന്ധികളുടെയും അടിസ്ഥാന കാരണം പുറത്ത് നിന്ന് വന്നവരാണെന്ന പ്രചാരണം അഴിച്ചു വിട്ടു. അപരന്‍മാരായി റോഹിംഗ്യകളെ ചൂണ്ടിക്കാണിക്കുകയായിരുന്നു ഏറ്റവും എളുപ്പം. കറുത്ത്, വരണ്ട തൊലി. ഉപജീവനത്തിന് ശാരീരിക അധ്വാനം. പ്രത്യേക ഭാഷ, മതം. മാംസവും മീനും അടങ്ങിയ ഭക്ഷണ ക്രമം. ഗ്രാമ സംസ്‌കൃതിയുടെ അടിസ്ഥാന സ്വഭാവമായ അനൗപചാരിക പെരുമാറ്റം. പൊതു ശത്രുവായി മുദ്രയടിക്കാന്‍ ഇത്രയൊക്കെ ധാരാളം. ബംഗ്ലാദേശികളെന്ന പഴി ശക്തമായി ഉയര്‍ന്നു വന്നത് ഈ ഘട്ടത്തിലായിരുന്നു. ഇതോടെ എല്ലാ വംശീയ ഗ്രൂപ്പുകളും പട്ടാള പ്രീണനത്തില്‍ വീണു. എല്ലാവരുടെയും ക്രൗര്യം റോഹിംഗ്യകള്‍ക്ക് മേല്‍ പതിച്ചു. 1974ലെ എമര്‍ജന്‍സി എമിഗ്രേഷന്‍ ആക്ട് റോഹിംഗ്യകളുടെ പൗരത്വം തിരിച്ചെടുക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന് സമാന്തരമായി ആട്ടിയോടിക്കല്‍ ശക്തമാകുകയും ചെയ്തു. ബുദ്ധ സായുധ ഗ്രൂപ്പുകള്‍ക്ക് സൈന്യം എല്ലാ പിന്തുണയും നല്‍കി. 1978ലെ ഓപറേഷന്‍ കിംഗ് ഡ്രാഗണ്‍ സൈനിക- തീവ്രവാദി സംയുക്ത ആക്രമണത്തിന്റെ ഏറ്റവും വിപുലമായ പ്രകടനമായിരുന്നു. ഇന്ന് കാണുന്നതിനേക്കാള്‍ ക്രൂരമായ വംശശുദ്ധീകരണമാണ് അന്ന് നടന്നത്. സഊദിയിലും പാക്കിസ്ഥാനിലും തായ്‌ലാന്‍ഡിലുമൊക്കെ ഇന്നുള്ള റോഹിംഗ്യകളില്‍ മിക്കവരും അന്നാണ് പലായനം ചെയ്‌തെത്തിയത്. 1982ലെ പൗരത്വ നിയമം ഈ മനുഷ്യരെ സമ്പൂര്‍ണമായി അന്യവത്കരിച്ചു.

രാഖിനെയിലെ ഭാഷാ പ്രയോഗത്തെ കുറിക്കുന്ന റോഹിംഗ്യ എന്ന പദം ഇവര്‍ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണ് അവരെന്നും ഈ നിയമം പ്രഖ്യാപിക്കുന്നു. ഈ ജനതയെ പൂര്‍ണമായി ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയക്കുകയാണ് വേണ്ടതെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ പൗരന്മാരാകില്ല എന്നാണ് 1982ലെ പൗരത്വ നിയമത്തില്‍ പറയുന്നത്.ഈ നിയമത്തിന്റെ യഥാര്‍ഥ ആഘാതം ഈ മനുഷ്യര്‍ രാഷ്ട്രരഹിതമായി എന്നതല്ല, മറിച്ച് ആര്‍ക്കു വേണമെങ്കിലും ആക്രമിക്കാവുന്ന സമൂഹമായി അവര്‍ മാറിയെന്നതാണ്. അവരുടെ കൂരക്ക് തീവെക്കാം. അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യാം. അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാം. കൊന്നു തള്ളാം. ആരും ചോദിക്കില്ല. ഒരു കേസുമുണ്ടാകില്ല. അവര്‍ പൗരന്‍മാരല്ലല്ലോ. ലോകത്തെ ഏറ്റവും ക്രൂരമായ പീഡനം അനുഭവിക്കുന്ന ജനതയായി യു എന്‍ വിശേഷിപ്പിച്ചത് റോഹിംഗ്യാ മുസ്‌ലിംകളെയാണ്. ആ നിലയിലേക്ക് ഈ പരമ്പരാഗത സമൂഹത്തെ മാറ്റിയത് 1982ലെ പൗരത്വ നിയമമാണ്. സാക്ഷാല്‍ ആംഗ്‌സാന്‍ സൂകി അധികാരത്തില്‍ വന്നിട്ടും ഒരു മാറ്റവുമില്ലാതെ കൂട്ടക്കൊല തുടരുന്നു.

ഇവിടെയാണ് രാഖിനെയുടെ പര്യായമായി അസാം മാറുന്നത്. രാഷ്ട്ര സുരക്ഷയുടെ പേര് പറയുമ്പോഴും എല്ലാവര്‍ക്കുമറിയാം ദേശീയ പൗരത്വ രജിസ്റ്റര്‍ തികഞ്ഞ രാഷ്ട്രീയ തീരുമാനമാണെന്ന്. അസാമിന്റെ ചുമതലയുള്ള ബി ജെ പി. ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ അത് വ്യക്തമായി പറഞ്ഞുവല്ലോ. ‘രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത മുസ്‌ലിംകളല്ലാത്തവര്‍ ഒരു നിലക്കും പേടിക്കേണ്ടതില്ല. അവരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ ഞങ്ങള്‍ കൃത്യമായി തരം തിരിച്ചിട്ടുണ്ട്. ഒന്ന് പീഡനമനുഭവിക്കുന്ന ഹിന്ദുക്കളാണ്. മറ്റൊന്ന് സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്‌ലിംകളാണ്. അതിനാല്‍ ഹിന്ദുക്കളും മുസ്‌ലിംകളല്ലാത്ത മറ്റ് കുടിയേറ്റക്കാരും പേടിക്കേണ്ട. അവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അവരെ രക്ഷിക്കും’- വിജയ് വര്‍ഗീയ നയം വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ സുവ്യക്തമാണ്. അസാമിലെ ബംഗാളി സംസാരിക്കുന്നവര്‍ ഒന്നടങ്കം ആക്രമിക്കപ്പെടേണ്ടവരാണെന്ന നേരത്തേയുള്ള പൊതു ബോധത്തിന് ഔദ്യോഗിക സമ്മിതി നല്‍കുകയാണ് പൗരത്വ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസാം മുസ്‌ലിംകള്‍ കൂടുതല്‍ അരക്ഷിതരാകും. മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് അധികാരം നിലനിര്‍ത്താന്‍ എങ്ങനെയാണോ റോഹിംഗ്യാ മുസ്‌ലിംകളുടെ പൗരത്വ നിരാസം ഉപകരിച്ചത് അതുപോലെ ഹിന്ദുത്വ ശക്തികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കൂടി വിജയമാവര്‍ത്തിക്കാന്‍ പൗരത്വ രജിസ്റ്റര്‍ വഴിവെക്കുകയും ചെയ്യും. സത്യത്തില്‍ അതിസങ്കീര്‍ണമായ ഒരു പ്രശ്‌നമാണിത്. ഇതിനെ ഒരു മുസ്‌ലിം ഇഷ്യൂവായി അവതരിപ്പിക്കുന്ന മമത ബാനര്‍ജിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയും സംശയാസ്പദമാണ്. അവര്‍ കളിക്കുന്നതും വോട്ട്‌ബേങ്ക് രാഷ്ട്രീയത്തിന്റെ മറ്റൊരു തലമാണ്. (സി പി എം ബംഗാള്‍ ഭരിച്ചപ്പോള്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് അലറിയയാളാണ് മമത) അത് മുസ്‌ലിംകളുടെ സങ്കടത്തെ ഒരു നിലക്കും പരിഹരിക്കാന്‍ പോകുന്നില്ല. മാത്രമല്ല, മുസ്‌ലിം വിഷയമായി ഇത് മാറണമെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ ആഗ്രഹിക്കുന്നത്. എങ്കിലേ വര്‍ഗീയ വിഭജനം സമ്പൂര്‍ണമാകുകയുള്ളൂ. വിജയ് വര്‍ഗീയയുടെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്.

അതുകൊണ്ട് ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടേണ്ടത്. അന്താരാഷ്ട്ര തീരുമാനം ഉണ്ടാകേണ്ട ഒന്നാണിത്. ലക്ഷക്കണക്കായ ഈ മനുഷ്യരെ എങ്ങോട്ടാണ് ഇന്ത്യ അയക്കാന്‍ പോകുന്നത്. ബംഗ്ലാദേശിലേക്കോ? എന്ന് മുതലാണ് ബംഗ്ലാദേശ് ഉണ്ടായത്? കുറച്ച് പേരെ ആ രാജ്യം സ്വീകരിച്ചു എന്ന് തന്നെ വെക്കാം. ബാക്കിയുള്ളവരെ എന്ത് ചെയ്യും? വെടിവെച്ച് കൊല്ലുമോ? അവരെ ഇന്ത്യക്കാരായി മാറ്റുക മാത്രമേ വഴിയുള്ളൂ. അതൊരിക്കലും ലളിതമായ പ്രക്രിയയായിരിക്കില്ല. ഭരണകൂടവും വിവിധ രാഷ്ട്രീയ താത്പര്യങ്ങളും പതിറ്റാണ്ടുകളായി സൃഷ്ടിച്ച വംശീയ വിച്ഛേദനം അസാമിലുണ്ട്. പൗരത്വ രജിസ്റ്റര്‍ ആ പിളര്‍പ്പ് കൂടുതല്‍ ആഴത്തിലുള്ളതാക്കിയിട്ടുമുണ്ട്. അതുകൊണ്ട് മുറിവുണക്കലിന്റെ ഭാരിച്ച ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ ഏറ്റെടുക്കേണ്ടി വരും. അതായിരിക്കും യഥാര്‍ഥ ‘സ്റ്റേറ്റ്മാന്‍ഷിപ്പ് ചലഞ്ച്’.
ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ നടക്കുന്ന ഡൊണാള്‍ഡ് ട്രംപായിരിക്കരുത് ഇന്ത്യയുടെ മാതൃക. രാഷ്ട്രങ്ങളെ സൃഷ്ടിച്ചത് അതിര്‍ത്തികളല്ല. അതിര്‍ത്തികള്‍ കീറിമുറിച്ചുള്ള സഞ്ചാരങ്ങളാണ് ജനപഥങ്ങളും സംസ്‌കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ചരിത്രവും സൃഷ്ടിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here